
ജനക്ഷേമത്തിനും നാടിന്റെ ആരോഗ്യകരമായ വികസനത്തിനും പുരോഗതിക്കും ഊന്നൽ നല്‌കുന്ന വിഷയങ്ങളാവണം തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ടത്. ഇതിനായി ചില നിർദേശങ്ങളാണ് ഇവിടെ സമർപ്പിക്കുന്നത്..
മാലിന്യ സംസ്‌കരണം
ഓരോ കുടുംബത്തിൽ നിന്നും പുറന്തള്ളപ്പെടുന്ന മാലിന്യങ്ങൾ അയൽപക്കക്കാരന്റെ പറമ്പിലേക്കോ പ്ളാസ്റ്റിക് ബാഗുകളിലാക്കി പൊതുനിരത്തുകളിലേക്കോ വലിച്ചെറിയുന്ന മോശം ശീലം മാറേണ്ടിയിരിക്കുന്നു. ഓരോ വീട്ടിലും മാലിന്യങ്ങൾ ഉറവിടത്തിൽ വച്ചുതന്നെ തരംതിരിച്ച് ഓരോന്നും നിർദ്ദിഷ്ടനിറമുള്ള കവറുകളിലാക്കി മാലിന്യ നിർമ്മാർജനത്തിന് ഉത്തരവാദപ്പെട്ട തദ്ദേശസ്വയംഭരണ സംവിധാനങ്ങളിൽ എത്തിക്കേണ്ട രീതി ശാസ്ത്രീയമായി നടപ്പാക്കുമെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നവർക്കു മാത്രമേ അടുത്ത തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യൂ എന്ന് ഓരോ സമ്മതിദായകനും തീരുമാനമെടുക്കണം.
കുടുംബ ഡോക്ടർ
വികസിത രാജ്യങ്ങളിലെന്നപോലെ 'കുടുംബ ഡോക്ടർ" സമ്പ്രദായം ഏർപ്പെടുത്തുകയാണ് കേരളത്തെപ്പോലുള്ള ഒരു സംസ്ഥാനം അടിയന്തരമായി ചെയ്യേണ്ടത്. നിശ്ചിത കുടുംബങ്ങൾക്ക് ഡോക്ടറെ നിയോഗിക്കുക എന്നതാണ് ഈ സമ്പ്രദായത്തിന്റെ പ്രത്യേകത. ജനനം തൊട്ട് മരണം വരെ ഓരോ പൗരനും ഒരു ഡോക്ടറുടെ നിരന്തരമായ നിരീക്ഷണത്തിലാവുന്ന രീതിയാണ് കുടുംബ ഡോക്ടർ സമ്പ്രദായം.
ആരോഗ്യപരിപാലനത്തിലൂടെയും കൃത്യതയാർന്ന രോഗപ്രതിരോധത്തിലൂടെയും ആരോഗ്യം ഉറപ്പുവരുത്തുകയും രോഗങ്ങൾ, ആരംഭത്തിൽ തന്നെ കണ്ടുപിടിച്ച് സ്വയം ചികിത്സിക്കുകയോ ആവശ്യമെങ്കിൽ ശരിയായ സ്പെഷ്യലിസ്റ്റുകൾക്ക് റഫർ ചെയ്യുകയോ ആണ് കുടുംബ ഡോക്ടറുടെ ഉത്തരവാദിത്വം. മാത്രമല്ല, സ്പെഷ്യലിസ്റ്റ് ചികിത്സ കഴിഞ്ഞ് തിരിച്ചുവരുന്ന കുടുംബാംഗങ്ങൾക്കുള്ള തുടർ ചികിത്സയുടെ ഉത്തരവാദിത്വവും കുടുംബ ഡോക്ടർക്ക് തന്നെയാണ്. ആരോഗ്യരംഗത്ത് കേരളത്തിന്റെ അടുത്ത ചുവടുവയ്‌പ് ഈ നിലയ്ക്കാണ് നീങ്ങേണ്ടത്.
സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ട് കേരളത്തിലെ 'ഒരു പൗരനു പോലും മതിയായ ചികിത്സ നിഷേധിക്കപ്പെടുന്നില്ല" എന്ന് ഉറപ്പുവരുത്തുന്ന രീതിയിൽ നമ്മുടെ ഇൻഷ്വറൻസ് സമ്പ്രദായം നവീകരിക്കണം. അത്തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുമെന്ന് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രാഷ്ട്രീയ പാർട്ടികൾ പ്രതിജ്ഞയെടുക്കണം.
സാമൂഹ്യനീതി
അധികാരത്തിലും അറിവിലും സമ്പത്തിലും ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും ഭരണഘടന നൽകുന്ന പ്രത്യേക പരിരക്ഷ മൂലം, മറ്റു സാമൂഹ്യവിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട പ്രാതിനിധ്യം അട്ടിമറിക്കപ്പെടുന്നതായി വ്യാപകമായി പരാതിയുണ്ട്. വസ്തുനിഷ്ഠമായ ഒരു സർവേയിലൂടെ മാത്രമേ ഈ പരാതിയുടെ നിജസ്ഥിതി മനസിലാക്കാൻ കഴിയൂ. എങ്കിലും ഇതൊരു മുൻഗണന അർഹിക്കുന്ന കാര്യമായി പരിഗണിച്ച്, ആവശ്യമായ രേഖകളുടെ അടിസ്ഥാനത്തിൽ, മതങ്ങളും ജാതികളും ഉൾപ്പെടെയുള്ള എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും ജനസംഖ്യാനുപാതികമായ പ്രാതിനിദ്ധ്യം ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഉറപ്പാക്കാനാവശ്യമായ നടപടികൾ എടുക്കേണ്ടതുണ്ട്.
വിദ്യാഭ്യാസം
കേരളം ആരോഗ്യരംഗത്തെപ്പോലെതന്നെ വിദ്യാഭ്യാസരംഗത്തും ഇതര സംസ്ഥാനങ്ങളെക്കാൾ മുന്നിലാണെങ്കിലും ഗവേഷണരംഗത്ത് ഇന്ന് നാം വളരെ പിന്നിലാണ്. ശാസ്ത്ര സാങ്കേതിക രംഗത്ത് നൂതന സംഭാവനകൾ പ്രസിദ്ധീകരണങ്ങളിലൂടെയും പേറ്റന്റുകളിലൂടെയും ആർജ്ജിക്കാൻ ആസൂത്രിതമായ നടപടികൾ എടുക്കാൻ ഉന്നത വിദ്യാഭ്യാസരംഗം വിദഗ്ദ്ധരുടെ സഹായത്തോടെ കൂടുതൽ ഗവേഷണോന്മുഖമാക്കേണ്ടതായിട്ടുണ്ട്.
തൊഴിൽരംഗം
അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയാണ് കേരളം നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം. ഇതു പരിഹരിക്കാൻ പ്രകടനപത്രികയിൽ ഒരു മാസ്റ്റർ പ്ളാൻ അവതരിപ്പിക്കുകയും 10 വർഷം കൊണ്ട് കേരളത്തിലെ മുഴുവൻ ബിരുദധാരികൾക്കും തൊഴിലവസരങ്ങൾ ലഭ്യമാക്കുകയോ സ്വയം തൊഴിൽ കണ്ടെത്താൻ സഹായിക്കുകയോ ചെയ്യേണ്ടതാണ്. വ്യവസായ സംരംഭകരായി മുന്നോട്ടുവരുന്ന അഭ്യസ്തവിദ്യരായ ചെറുപ്പക്കാർക്ക് സ്വയം തൊഴിൽ കണ്ടെത്താനാവശ്യമായ മൂലധനം വായ്‌പയായി ലഭ്യമാക്കാൻ ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ടുള്ള സമഗ്രമായ ഒരു പ്രോജക്ടുണ്ടാക്കണം. ആവശ്യമെങ്കിൽ തൊഴിൽ സംരംഭകർക്ക് ഏറ്റവും കുറഞ്ഞത് പത്തുശതമാനമെങ്കിലും ലാഭം ഉറപ്പാക്കുന്ന രീതിയിൽ എല്ലാ നികുതികളും ക്രമീകരിക്കുന്നതിനാവശ്യമായ മാർഗനിർദ്ദേശങ്ങളും രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കണം.
കാർഷികരംഗം
നാണ്യവിളകൾ പോലും ലാഭകരമായി കൃഷിചെയ്യാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. കർഷകർക്കാവശ്യമായ സബ്‌സിഡിയും കാർഷിക വിഭവങ്ങൾക്ക് ആവശ്യമെങ്കിൽ താങ്ങുവിലയും അധികാരത്തിലേറിയാൽ നൽകുമെന്നും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യേണ്ടതുണ്ട്.
ചെറുകിട വ്യവസായവും
കരകൗശല വ്യവസായ രംഗവും
ഡോ. പി. പല്‌പുവിന്റെ പ്രവർത്തന മേഖലയിൽ വളരെ പ്രാധാന്യം നൽകിയ രണ്ട് മേഖലകളാണ് ചെറുകിട വ്യവസായവും കൈത്തൊഴിൽ മേഖലയും. സ്‌ത്രീകൾക്കും സാധാരണക്കാർക്കും ജീവനോപാധിയാകുന്നതും സാമ്പത്തിക വളർച്ചയുണ്ടാകുന്ന പരിശീലനവും സാങ്കേതിക ഉപദേശവും നൽകിയാൽ തികച്ചും ഫലപ്രദമായി തീരാവുന്നതാണവ.
(ഡോ. പി. പല്‌പു ഫൗണ്ടേഷൻ രക്ഷാധികാരിയാണ് ലേഖകൻ)