
തലശ്ശേരി: യുദ്ധകാല അടിസ്ഥാനത്തിൽ നിർമ്മാണം നടക്കുന്ന തലശ്ശേരി-മാഹി ബൈപാസ് റോഡിന് വീണ്ടും പ്രതിസന്ധി. കേയ്യോട്ട് തെരുവിൽ പാറാൽ ചൊക്ലി റോഡിന് കുറുകെ ഒരു കോടി രൂപ ചെലവിൽ നിർമ്മിച്ച മേൽപാലത്തിന് വിള്ളലുകൾ വീണ് ചോരുന്നതാണ് ഭീഷണി. ആവശ്യമായ ചെരിവും ഇല്ലെന്ന് ആരോപണം ഉയർന്നതോടെ സ്ഥലം സന്ദർശിച്ച വിദഗ്ദ്ധ സംഘം പുനഃർനിർമ്മാണത്തിന് നിർദ്ദേശം നൽകി.
ഇതേ ഹൈവേയിൽ നിർമ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകൾ ധർമ്മടം പുഴയിൽ വീണത് വിവാദമായിരുന്നു. ആരോപണങ്ങൾ കെട്ടടങ്ങും മുൻപേ പണി പൂർത്തിയായ കേയ്യോട്ട് തെരുവിലെ പാലവും പൊളിച്ചു മാറ്റേണ്ട അവസ്ഥയായി.
2017ൽ നിർമ്മാണം ആരംഭിച്ചെങ്കിലും പ്രളയവും കൊവിഡും മൂലം ഇടക്കാലത്ത് നിർത്തേണ്ടി വന്നു. കഴിഞ്ഞ മാർച്ചിൽ ഉദ്ഘാടനം ചെയ്യേണ്ടതായിരുന്നു
തിരക്കേറിയ പാറാൽ-ചൊക്ലി റോഡിലെ ഗതാഗതത്തെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. തൊട്ടപ്പുറം പള്ളൂരിൽ നിന്ന് മാഹിയിലേക്കുള്ള റോഡ് പാലത്തിനായി വെട്ടിമുറിച്ചിട്ട് ഒരു വർഷമായി. ഇനിയും നിർമ്മാണം എങ്ങുമെത്തിയിട്ടില്ല. ഈ മേഖലയിലെ ആയിരക്കണക്കിനാളുകൾ യാത്രക്ലേശത്തിലാണ്. പള്ളൂർ കേയ്യോട്ട് തെരുവിൽ നിർമ്മിച്ച മേൽപ്പാലത്തിന് ഗുരുതരമായ സങ്കേതിക തകരാറുകളാണ് കാണപ്പെട്ടത്. പൊളിച്ചുപണിയാൻ പാലത്തിന്റെ സ്ലാബുകൾ അറുത്തുമാറ്റേണ്ടി വരും. പുനർനിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇതു വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. ഒരു മാസത്തേക്കാണ് ഗതാഗതം വഴിതിരിച്ചു വിടുന്നത്. തലശ്ശേരിയിൽ നിന്നും ചൊക്ലി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മാടപ്പീടികയിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ഇടയിൽ പീടിക-പള്ളൂർ വഴി പോകേണ്ടതും തിരിച്ചു തലശ്ശേരിക്ക് പോകുന്ന വാഹനങ്ങൾ മേൽപ്പാലത്തിന് സമാന്തരമായുള്ള താത്ക്കാലിക പാതയിലൂടെയുമാണ് കടത്തിവിടുന്നത്. പാറാൽ-ചൊക്ലി റോഡിന് മുകളിലായാണ് അഞ്ചര മീറ്റർ ഉയരത്തിൽ പാലം പണിതത്. പാലത്തിന് 12 മീറ്റർ വീതിയുണ്ടെങ്കിലും ചെരിവ് കൃത്യവും സുരക്ഷിതവുമല്ലെന്ന് വിദഗ്ദ്ധ പരിശോധനയിൽ തിരിച്ചറിഞ്ഞതിനാലാണ് പൊളിക്കാൻ ആവശ്യപ്പെട്ടത്. ഇത് മുറിച്ചുനീക്കി പുതുതായി പണിയാൻ ഒരു മാസം വേണ്ടിവരും.