
മാഹി: തീരദേശ പഞ്ചായത്തായ ന്യൂ മാഹിയുടെ ടൂറിസം വികസനത്തിന് അനന്തമായ സാദ്ധ്യതകൾക്ക് തുടക്കമിട്ട് മയ്യഴിപ്പുഴയിൽ ന്യൂ മാഹി ബോട്ട് ടെർമിനൽ ആൻഡ് വാക്ക്‌വേ ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നാടിന് സമർപ്പിക്കും. ടുറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.
കണ്ണൂർ, കാസർകോട് ജില്ലയിലെ നദികളെയും ജലാശയങ്ങളെയും ബന്ധിപ്പിച്ച് കൊണ്ടുളള ബൂഹത് പദ്ധതിയാണ് മലനാട് നോർത്ത് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതി. ഇതിൽബോട്ട് ടെർമിനൽ, ജെട്ടി, വാക്ക്‌വേ എന്നി അടിസ്ഥാന സൗകര്യങ്ങൾ ടൂറിസം പദ്ധതിയിലാണ് നിർമ്മിച്ചത്. ഉൾനാടൻ ജലഗതാഗത വകുപ്പിനാണ് ബോട്ട്‌ജെട്ടിയുടെ നിർമ്മാണ ചുമതല.
കണ്ണൂർ ജില്ലയിൽ ഇതേപോലെ 14 ബോട്ട് ജെട്ടി /ടെർമിനലുകൾ നിർമ്മിക്കുന്നുണ്ട്. ഇതിൽ ഏറ്റവും വലിയതും സൗകര്യമുള്ളതുമാണ് ന്യൂമാഹിയിലേത്. ന്യൂ മാഹി ഗ്രാമപഞ്ചായത്തിന് ടൂറിസം മേഖലയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന പദ്ധതിയാണ് ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയബോട്ട് ടെർമിനൽ.
കേരള ടൂറിസം വകുപ്പിന് കീഴിൽ പണികഴിപ്പിച്ച ഈ ബോട്ട് ടെർമിനൽ യാഥാർത്ഥ്യമാകുന്നതോടെ വിനോദ സഞ്ചാര മേഖലയിൽ പുതിയ സാദ്ധ്യതകൾ തുറക്കപ്പെടും. 5.25 കോടി രൂപയാണ് ചെലവായത്. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്ത്തു, കെ. മുരളീധരൻ എം.പി, എ.എൻ. ഷംസീർ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും.
മയ്യഴി പുഴയോരത്ത് വൃദ്ധർക്കും, കുട്ടികൾക്കുമായി അടുത്തിടെ ആരംഭിച്ച അതി മനോഹരമായ ഉദ്യാനത്തിനും, വിനോദ സഞ്ചാരകേന്ദ്രത്തിനും തൊട്ടടുത്താണ് ബോട്ട് ടെർമിനലുമുള്ളത്. തുടക്കത്തിൽ രണ്ട് ബോട്ടുകൾ സർവീസ് നടത്തും. അഴീമുഖം തൊട്ട്, റെയിൽവെ പാലവും കടന്ന്, തുരുത്തി മുക്ക് വരെ ഇരു കരകളിലേയും പ്രകൃതി രമണിയമായ കാഴ്ചകൾ ആസ്വദിച്ച്, ജലയാത്രികർക്ക് ഉല്ലാസയാത്ര നടത്താം. പുഴക്ക് അക്കരെ കേന്ദ്ര ഭരണ പ്രദേശമായ മയ്യഴിയിൽ മൂന്ന് കി.മി. ദൈർഘ്യത്തിൽ കടലിൽ ഒരു കി.മി. ആഴം വരെ ചെന്നെത്തുന്ന പുഴയോര നടപ്പാതയുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. പുഴയെ വെള്ളിയരഞ്ഞാണമിടുവിക്കുന്ന രാത്രികാല കാഴ്ച നയന മനോഹരമാണ്. മഞ്ചക്കലിലാണെങ്കിൽ ജലകേളീ സമുച്ഛയവുമുണ്ട്. ഇതോടെ ഉത്തരകേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ജല വിനോദകേന്ദ്രമായി മയ്യഴിപ്പുഴ കടലിൽചേരുന്ന ഭാഗം മാറും.