1

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ടൗൺഹാളിൽ നടക്കുന്ന ചക്ക മേളയും കാർഷികമേളയും വൈവിദ്യങ്ങളുടെ നിറവിൽ ശ്രദ്ധേയമാകുന്നത്. കർഷക കൂട്ടായ്മയായ കുന്നത്തുകാൽ കർഷക തൊഴിലാളി ക്ഷേമസംഘവും കലാട്രസ്റ്റും ചേർന്ന് ഒരുക്കുന്ന കാർഷികമേളയ്ക്കൊപ്പം ചക്ക മേളയും പ്രദർശന വിപണനമേളയുമുണ്ട്.

വിവിധയിനം ചക്കകൾ കൊണ്ട് തയ്യാറാക്കിയ കൊതിയൂറും ചക്ക വിഭവങ്ങളും മൂല്യവർദ്ധിത ഉത്പന്നങ്ങളും പ്രദർശനത്തിനുണ്ട്. ചക്കയിൽ തയ്യാറാക്കിയ 18 തരം കറികളും വിഭവങ്ങളുമായി ചക്ക ഊണ്. സാമ്പാർ, തോരൻ, പുളിശേരി, എളിശേരി, കിച്ചടി, കൂട്ടുകറി, അവിയൽ തുടങ്ങി എല്ലാം ചക്കമയം. മധുരമൂറും ചക്കപ്പായസവും നുണഞ്ഞ് ചക്ക ഊണ് കഴിക്കാം. ചക്ക കൊണ്ട് നൂറ്റൊന്ന് വിഭവങ്ങളൊരുക്കി റെക്കാഡ് നേടിയ പ്രശസ്ത ചക്ക പ്രചാരകനായ റഫീഖ് ഇടിച്ചക്കപ്ലാമൂടാണ് ചക്കമേളയ്ക്ക് പിന്നിൽ.

ചക്ക മേളയോടൊപ്പം എല്ലാത്തരം സസ്യങ്ങളുടെയും വിത്തുകളും പുഷ്പഫല സസ്യ പ്രദർശനവും പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമായ കാർഷിക സ്റ്റാളുകളും മേളയിലുണ്ട്. ടൗൺ ഹാളിൽ നടക്കുന്ന ഈ കാർഷികമേളയിൽ ഒരു കുടുംബത്തിലേക്കാവശ്യമായ എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ലഭ്യമാകുന്ന കൺസ്യൂമർ എക്സ്പോയുമുണ്ട്. വമ്പിച്ച വിലക്കുറവിൽ ഹോം, ഫർണിച്ചർ ഉത്പന്നങ്ങളും കിച്ചൺ സാധനങ്ങളും ഈ മേളയിൽ നിന്നു കരസ്ഥമാക്കാം. ഇവിടെ നിന്ന് ബുക്ക് ചെയ്യുന്ന ഗൃഹോപകരണങ്ങൾക്ക് 50 ശതമാനം വരെ വിലക്കുറവും ലഭിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ തേൻ കർഷകർ ഉത്പാദിപ്പിച്ച ഒറിജിനൽ തേനുകൾ വിലക്കുറവിൽ ഈ മേളയിൽ ലഭ്യമാണ്. ദിവസവും രാവിലെ 11 മണി മുതൽ രാത്രി എട്ടുമണി വരെ ടൗൺ ഹാളിൽ നടക്കുന്ന മേള 13 ന് സമാപിക്കും.