
'തെക്കുനിന്നു വന്നതുമില്ല, ഒറ്റാലിൽ കിടന്നതുമില്ല' എന്നത് ഓണാട്ടുകരക്കാർക്ക് പ്രിയപ്പെട്ട ചൊല്ലാണ്. ആലപ്പുഴ ജില്ലയിൽ സി.പി.എം നേതൃത്വത്തിന് ഏതാണ്ട് ഇതേതരത്തിലുള്ള ഒരു അനുഭൂതി കഴിഞ്ഞ ആഴ്ച ഉണ്ടായി.കേരളത്തിലെ കോൺഗ്രസിന്റെ ഊർജ്ജസ്രോതസും പ്രതിപക്ഷ നേതാവും തികഞ്ഞ ഗാന്ധിയനുമായ രമേശ് ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് സി.പി.എമ്മിനെ ഇത്തരം ഒരു അനുഭൂതിയിൽ എത്തിച്ചത്. യു.ഡി.എഫ് , എൻ.ഡി.എ മുന്നണികളെക്കാൾ കുറഞ്ഞ അംഗസംഖ്യമാത്രമാണ് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ലഭിച്ചതെങ്കിലും ഓർക്കാപ്പുറത്താണ് സി.പി.എം പ്രതിനിധി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായത്. അപ്രതീക്ഷിതമായി കിട്ടിയ വിജയത്തിൽ ജില്ലയിലെ പാർട്ടി നേതൃത്വവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഒരുപോലെ സന്തോഷിച്ചെങ്കിലും തൊട്ടുപിന്നാലെ പാർട്ടി ജില്ലാ കമ്മിറ്റിയിൽ വന്ന വിമർശനമാണ് എല്ലാം കുഴച്ചത്.
18 അംഗ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫിനും എൻ.ഡി.എയ്ക്കും ആറ് അംഗങ്ങളെ വീതം കിട്ടിയപ്പോൾ എൽ.ഡി.എഫിന് കിട്ടിയത് അഞ്ച് പേരെ മാത്രം.അപ്പോഴാണ് കോൺഗ്രസ് വിമതനായി ജയിച്ച ഒരാൾ മൂലയിൽ ഇരിപ്പുണ്ടെന്ന ബോധം പാർട്ടി നേതൃത്വത്തിന് വന്നത്. അതോടെ പൊളിറ്റിക്കൽ ഓപ്പറേഷൻ കൃത്യമായി തുടങ്ങി.വിമതനായ കോൺഗ്രസ് നേതാവിനെ കൂട്ടുപിടിച്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ നേരിടാൻ പ്രാദേശിക പാർട്ടി നേതൃത്വം തീരുമാനിച്ചു. ഇത്തരത്തിൽ ഒരു ഉൾവിളിയുണ്ടാവാൻ മറ്റൊരു കാരണവുമുണ്ട്. തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണമാണ്. യു.ഡി.എഫ് പാനലിൽ ആ വിഭാഗത്തിൽ നിന്ന് ആരും ജയിച്ചിട്ടുമില്ല. നറുക്കെടുപ്പു വഴി പ്രസിഡന്റിനെ നിശ്ചയിക്കുമ്പോൾ എങ്ങാനും ബി.ജെ.പി അധികാരത്തിൽ വന്നുപോയെങ്കിലോ. അതൊഴിവാക്കാൻ യു.ഡി.എഫ് ചെറിയൊരു തന്ത്രം പ്രയോഗിച്ചു. എൽ.ഡി.എഫിന് പിന്തുണ നൽകുക. അങ്ങനെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് വന്നപ്പോൾ സി.പി.എമ്മിലെ വിജയമ്മ ഫിലേന്ദ്രൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. തൃപ്പെരുന്തുറ പടിഞ്ഞാറെ വഴി ഒന്നാംവാർഡിൽ നിന്നാണ് വിജയമ്മ ഫിലേന്ദ്രൻ വിജയിച്ചത്. എൽ.സി സെക്രട്ടറിയാണ് ഭർത്താവ് ഫിലേന്ദ്രൻ. ഒരു കാര്യം അങ്ങോട്ടു ചെയ്താൽ അവരെ തിരിച്ചു സഹായിക്കുക എന്നത് സി.പി.എമ്മിന്റെ പണ്ടുമുതൽക്കുള്ള ശീലമാണ്. അത് തല്ലായാലും തലോടലായാലും കൊല്ലലായാലും അങ്ങനെ തന്നെ. സി.പി..എമ്മിന്റെ ഈ സഹകരണ മനോഭാവം കാരണം ഓർക്കാപ്പുറത്ത് തന്നെ കോൺഗ്രസ് വിമതന് വൈസ് പ്രസിഡന്റ് സ്ഥാനവും കൈവന്നു. എല്ലാവരും സന്തുഷ്ടരായി.
പാരവരുന്ന വഴി
'മണ്ണുംചാരി ഇരുന്നവൻ പെണ്ണും കൊണ്ട് പോകുന്ന'ത് ബി.ജെ.പിക്ക് സഹിക്കുകമോ. സൈക്കിളിലല്ലെങ്കിലും അവർ സോഷ്യൽ മീഡിയയിൽ മൈക്കും വച്ചുകെട്ടി ഇറങ്ങി.സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും നാട്ടിലാകെ നാറ്റിക്കുമെന്ന് ശപഥമെടുത്തു. 'ഏതു മന്ത്രവാദി വന്നാലും തലപോകുന്നത് കോഴിക്ക് ' എന്ന ചൊല്ലുപോലെയായി ഇതോടെ രമേശ് ചെന്നിത്തലയുടെ കാര്യം. പ്രതിപക്ഷ നേതാവിന് കുത്തകപ്പാട്ടമുള്ള ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ സി.പി.എം അംഗം പ്രസിഡന്റായത്, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യാഥാർത്ഥ്യമാവാൻ പോകുന്ന കൂട്ടുകെട്ടിന്റെ സൂചനയാണെന്ന മട്ടിൽ അവർ വിഷയത്തെ പർവതീകരിച്ചു. ഇതൊക്കെ വിശ്വസിക്കുന്നവരെ കുറ്റം പറയാനുമാവില്ലല്ലോ.ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയാനാണ് തങ്ങൾ തീർത്തും ധാർമ്മികമായ ഈ പിന്തുണ നൽകുന്നതെന്നൊക്കെ ചെന്നിത്തലയുടെ സിൽബന്തികൾ നാട്ടുകാരുടെ മുന്നിൽ സത്യവാങ്മൂലവുമായി ഇറങ്ങിയെങ്കിലും തെല്ലും ഏശിയില്ല. അതോടെ കാര്യങ്ങൾ ചക്ക കുഴയും പോലെ കുഴഞ്ഞു.
സി.പി.എമ്മിന് വൈകി വന്ന വിവേകം
തങ്ങൾക്ക് കിട്ടിയ പ്രസിഡന്റ് പദത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് പോകുന്നത് ജില്ലയിലെ ചില സി.പി.എം നേതാക്കൾക്ക് അത്ര ദഹിച്ചില്ല. തൊട്ടുപിന്നാലെ നടന്ന ജില്ലാക്കമ്മിറ്റി യോഗത്തിൽ അവർ പ്രശ്നം ശക്തിയുക്തം അവതരിപ്പിച്ചു. പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് വിരുദ്ധമാണ് ഈ നടപടിയെന്ന് വാദിച്ച് അംഗീകരിപ്പിക്കാനും അവർക്ക് സാധിച്ചു. മാത്രമല്ല ഇടതുപക്ഷത്തിനെതിരെ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ ബി.ജെ.പി മുന്നണി ഇത് കരുത്തുറ്റ ആയുധമായി ഉപയോഗിക്കുമെന്നും അവർ മുൻകൂട്ടി കണ്ടു. പിന്നെ അമാന്തിച്ചില്ല, ഉടൻ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ വിജയമ്മ ഫിലേന്ദ്രനോട് അവർ കല്പിച്ചു. ഭൂരിപക്ഷം ഇല്ലാഞ്ഞിട്ടും അപ്രതീക്ഷിതമായി കൈവന്ന പദവി ഉപേക്ഷിക്കാൻ അവർക്കും വിഷമം. പ്രസിഡന്റ് കസേരയുടെ ചൂട് ശരിക്കൊന്ന് ആസ്വദിക്കാൻ കഴിയും മുമ്പാണ് സ്വന്തം പാർട്ടി തനിക്ക് നേരെ വാളോങ്ങിയതെന്നത് അവരെയും വിഷമിപ്പിച്ചു. തത്കാലം കല്പന കേട്ടില്ലെന്ന് നടിക്കാനും അവരങ്ങ് സ്വയം തീരുമാനിച്ചു.
സംഭവം മാദ്ധ്യമങ്ങൾക്ക് വലിയ വാർത്ത ആയതോടെ ജില്ലയിലെ സി.പി.എം നേതൃത്വത്തിനും രാജി അഭിമാനപ്രശ്നമായി. 18 അടവും പിന്നെ ജില്ലാ നേതൃത്വം സ്വന്തമായി വികസിപ്പിച്ചെടുത്ത നാലഞ്ച് അടവും കൂടി പയറ്റിയ ശേഷമാണ് രാജിക്കത്ത് എഴുതാൻ വിജയമ്മ തയ്യാറായത്. അധികാരത്തിലെത്തി 38 ദിവസങ്ങൾക്ക് ശേഷം ഒരു ദിവസം വൈകിട്ട് പഞ്ചായത്ത് ഓഫീസ് അടയ്ക്കാൻ അഞ്ചു മിനിട്ട് മാത്രം ശേഷിക്കെ, നിർവികാരയായി എത്തി അവർ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി.
ഇതുകൂടി കേൾക്കണേ
ഒരു കാര്യം തീരുമാനിച്ചാൽ അത് നിശ്ചയിക്കും പോലെ നടത്താൻ ത്രാണിയും ശേഷിയും ശേമൂഷിയുമൊക്കെയുള്ള പാർട്ടിയാണ് സി.പി.എം എന്നാണ് വയ്പ്പ്. പക്ഷേ സ്വന്തം ചിഹ്നത്തിൽ നിറുത്തി മത്സരിപ്പിച്ച് ജയിപ്പിച്ച പഞ്ചായത്ത് പ്രസിന്റിനെ രാജിവയ്‌പ്പിക്കാൻ 38 ദിവസത്തെ അദ്ധ്വാനം വേണ്ടിവന്നതിന്റെ പൊരുളാണ് ഇപ്പോൾ പാർട്ടി അനുഭാവികൾക്കിടയിലെ ചർച്ച.