d

തിരുവനന്തപുരം: '' പുസ്‌തകം എടുക്കാൻ വരുന്നതോക്കെ കൊള്ളാം... എല്ലാം കൂടി അഞ്ചുമിനിട്ട്, അതിനുള്ളിൽ എടുത്ത് ഇറങ്ങിക്കോണം!... ഇൗ പ്രദേശത്ത് നിൽക്കരുത്, പെട്ടെന്ന് പോക്കോണം". നിലവിൽ പബ്ലിക് ലൈബ്രറിയിലെത്തുന്നവരോട് അധികൃതരുടെ മറുപടി ഇതാണ്. കൊവിഡിൽ ലോക്ക് ഡൗണിനെ തുടർന്ന് താഴ് വീണ എല്ലാ മേഖലയ്‌ക്കും ഇളവനുവദിച്ചപ്പോൾ പബ്ലിക് ലൈബ്രറിയുടെ വായനാമുറി ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. കൊവിഡ് രൂക്ഷമായതോടെ എട്ട് മാസം മുമ്പാണ് വായനാമുറിക്കൊപ്പം ലൈബ്രറിയും അടച്ചത്. ലൈബ്രറി പിന്നീട് തുറന്നെങ്കിലും വായനാമുറി തുറക്കാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല. നിലവിൽ ലൈബ്രറി അങ്കണത്തിൽപ്പോലും വായനക്കാരെ നിൽക്കാൻ അനുവദിക്കുന്നില്ലെന്നാണ് പരാതി. വായനക്കാരെ ഇരിക്കാൻ അനുവദിക്കില്ലെന്ന കടുംപിടിത്തത്തിലാണ് ലൈബ്രറി അധികൃതർ. മുമ്പ് സുരക്ഷയുടെ കാര്യങ്ങൾ പറഞ്ഞായിരുന്നു ഇവരെ അകറ്റിയിരുന്നതെങ്കിൽ ഇപ്പോൾ അത് കൊവിഡിന്റെ പേരിലാണെന്ന് മാത്രം. ലോക്ക് ഡൗണിന് മുമ്പ് ഞായറാഴ്ചകളിലും പ്രവർത്തിച്ചിരുന്ന ലൈബ്രറി ഇപ്പോൾ ഞായറാഴ്ചകളിൽ പ്രവർത്തിക്കുന്നില്ല,​ പ്രവർത്തനസമയം രാത്രി 8 വരെ എന്നത് വൈകിട്ട് ആറ് വരെയാക്കി ചുരുക്കി. ഇവിടത്തെ കിഡ്സ് പാർക്കും തുറക്കുന്നില്ല.

കൊവിഡ് രൂക്ഷമായതോടെയാണ് വായനാമുറി അടച്ചത്. മാത്രമല്ല ലൈബ്രറിയിലെത്തുന്നവർ അങ്കണത്തിൽ കൂട്ടം കൂടുന്നത് പതിവായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ഇത് അനുവദിക്കാൻ സാധിക്കില്ല. കൊവിഡ് വ്യാപനം കുറയുന്ന മുറയ്‌ക്ക് വയനാമുറി തുറന്നു നൽകും. ബാക്കിയുള്ള കാര്യങ്ങൾ സർക്കാർ തീരുമാനിക്കും.

-ഡെപ്യൂട്ടി സ്റ്റേറ്റ് ലൈബ്രറേറിയൻ ഗംഗ പ്രസാദ്

പ്രവർത്തന സമയം - വൈകിട്ട് വരെ

ലൈബ്രറി ആരംഭിച്ചത് - 1829ൽ