
കഴക്കൂട്ടം: ഒരാഴ്ച മുമ്പ് ബി.ജെ.പി വിട്ട് സി.പി.എമ്മിൽ ചേർന്ന മുൻ പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ആക്രമണം. പള്ളിപ്പുറം താമരക്കുളം സ്വദേശി ശിവപ്രസാദിന്റെ വീട്ടിൽ ഇന്നലെ പുലർച്ചയോടെയാണ് സംഭവം. വീടിന്റെ മുൻവശത്ത് പടക്കമെറിഞ്ഞ സംഘം ജനാലച്ചില്ലുകളും സ്‌കൂട്ടറും തകർത്തു. ശിവപ്രസാദ് പുറത്തിറങ്ങിയപ്പോഴേക്കും അക്രമിസംഘം സ്ഥലംവിട്ടിരുന്നു. കഴിഞ്ഞ തവണ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ പള്ളിച്ച വീട് മുൻ വാർഡംഗം ശിവപ്രസാദ് അടക്കം 20ഓളം ബി.ജെ.പി പ്രവർത്തകർ സി.പി.എമ്മിൽ ചേരാൻ തീരുമാനിച്ചിരുന്നു. ഇവരുടെ സ്വീകരണയോഗം 13ന് താമരക്കുളത്ത് സംഘടിപ്പിക്കാനിരിക്കെയാണ് ആക്രമണം. ബി.ജെ.പിക്കാരാണ് സംഭവത്തിന് പിന്നിലെന്ന് ശിവപ്രസാദ് മംഗലപുരം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശേരി, ജില്ലാ പഞ്ചായത്തംഗം എം. ജലീൽ, ഡിവൈ.എഫ്.ഐ മംഗലപുരം ബ്ലോക്ക് സെക്രട്ടറി എസ്. വിധീഷ്, മംഗലപുരം ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ. ശ്രീകുമാർ, വി. വിജയകുമാർ, കണിയാപുരം ലോക്കൽ സെക്രട്ടറി ജെ. ഉണ്ണിക്കൃഷ്ണൻനായർ, അണ്ടൂർക്കോണം പഞ്ചായത്ത് പ്രസിഡന്റ് ഹരികുമാർ തുടങ്ങിയവർ സ്ഥലത്തെത്തി. പൊലീസ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ വൈകിട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ താമരക്കുളത്ത് പ്രതിഷേധയോഗം സംഘടിപ്പിച്ചു.
ഫോട്ടോ: ബൈക്കും ജനൽച്ചില്ലുകളും
തകർത്ത നിലയിൽ