
വൈരുദ്ധ്യാത്മക ഭൗതികവാദം പ്രയോഗിക്കാൻ നിലവിലെ ഇന്ത്യൻ സാഹചര്യം പാകമായിട്ടില്ലെന്ന് സി.പി.എം. കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദൻ നടത്തിയ പരാമർശം വലിയ വിവാദത്തിന് വഴി തെളിച്ചു. ഇതേക്കുറിച്ച് പ്രമുഖർ പ്രതികരിക്കുന്നു.
----------------------------------
അനുകൂലവാദം
-------------------------------
ഇന്ത്യൻ സാഹചര്യം പാകമായിട്ടില്ല:
എം.വി. ഗോവിന്ദൻ
നിലവിലുള്ള ഇന്ത്യൻ സാഹചര്യം പരിഗണിച്ചു മാത്രമേ വൈരുദ്ധ്യാത്മക ഭൗതികവാദം പ്രയോഗിക്കാൻ കഴിയൂ എന്നേ അർത്ഥമാക്കിയിരുന്നുള്ളു. പ്രപഞ്ച സത്യങ്ങളും ദർശനങ്ങളുമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. ഈ ദർശനം പ്രായോഗികമല്ലെന്ന അർത്ഥത്തിലല്ല പറഞ്ഞത്. ഇന്ത്യൻ സാഹചര്യം അതുപയോഗിക്കാൻ പാകമായിട്ടില്ലെന്നാണ് പറഞ്ഞത്. ആരാധനാലയങ്ങളിൽ പോകുന്നവർ ആരായാലും അവരുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുകയെന്നതാണ് പ്രായോഗിക കാഴ്ചപ്പാട്. ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ലീമോ ആരുമാകട്ടെ, അതിലെല്ലാം വലിയൊരു വിഭാഗം വിശ്വാസികളാണ്. വിശ്വാസത്തെയും അതിന്റെ അടിസ്ഥാനമായ ദൈവത്തെയും തള്ളിപ്പറഞ്ഞ് വൈരുദ്ധ്യാത്മക ഭൗതികവാദമെന്ന ദാർശനിക പ്രപഞ്ചത്തെ മുന്നിൽ നിറുത്തി ഇന്നത്തെ ഫ്യൂഡൽ പശ്ചാത്തലത്തിൽ കൊണ്ടുപോകാനാവില്ല. വൈരുദ്ധ്യാത്മക ഭൗതികവാദം അംഗീകരിക്കുന്നവരെ മാത്രം അണിനിരത്തി ഫ്യൂഡൽ മാടമ്പിത്തരത്തെയും അതിന്റെ മേലെ കെട്ടിപ്പടുത്ത മുതലാളിത്ത നിലപാടുകളെയും നേരിടാൻ കഴിയില്ലെന്നത് സത്യമാണ്.
മാർക്സിസത്തിന്റെ
അടിസ്ഥാന ഘടകം - കാനം
( സി.പി.ഐ സംസ്ഥാന സെക്രട്ടറി )
വൈരുദ്ധ്യാത്മക ഭൗതിക വാദം അപ്രസക്തമെന്ന് പറഞ്ഞാൽ ,മാർക്സിസം അപ്രസക്തമായെന്നാണ് അർത്ഥം. ഇത് മാർക്സിസത്തിന്റെ അടിസ്ഥാന ഘടകമാണ്. അത് ഒരു രാജ്യത്ത് നടപ്പിലാകുമെന്നോ ഇല്ലെന്നോ പറയാനാവില്ല.എം.വി. ഗോവിന്ദൻ അങ്ങനെ പറയുമെന്ന് കരുതുന്നില്ല. പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ കൂട്ടിച്ചേർത്ത് വ്യാഖ്യാനിച്ചതാകാം.
കമ്യൂണിസ്റ്റു പാർട്ടി മതനിഷിദ്ധ സമീപനം സ്വീകരിക്കാറില്ല.
പറഞ്ഞതൊന്നും വിഴുങ്ങിയില്ല:എം.എ.ബേബി
( സി.പി.എം പി.ബി. അംഗം )
സി.പി.എം അടിസ്ഥാന നിലപാടിൽ മാറ്റം വരുത്തിയിട്ടില്ല. വരുത്തുകയുമില്ല. മനുഷ്യനിർമിതമായ അസമത്വങ്ങളും അനീതിയും ചൂഷണവും അവസാനിപ്പിക്കുക, മനുഷ്യർ പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്ന തുല്യതയുടെ നവലോകം കെട്ടിപ്പടുക്കുക, ഭരണകൂടം തന്നെ അനാവശ്യമായ സ്വതന്ത്രലോകം രൂപപ്പെടുത്തുക എന്നതാണ് അടിസ്ഥാന നിലപാട്.
ഇക്കാര്യം സൂചിപ്പിച്ചതിനെ വളച്ചൊടിച്ചാണ് ശാസ്ത്രീയ സോഷ്യലിസ്റ്റ് പ്രപഞ്ചവീക്ഷണം ഇന്ത്യൻ സമൂഹത്തിൽ പ്രായോഗികമല്ലെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്.എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞതിൻെറ ഒരു ഭാഗം മാത്രം വക്രീകരിച്ച് അവതരിപ്പിക്കുകയായിരുന്നു.
അർത്ഥം മനസിലാക്കിയില്ല : സുനിൽ പി. ഇളയിടം
വൈരുദ്ധ്യാത്മക ഭൗതികവാദത്തിൽ സി.പി.എം നിലപാട് മാറ്റിയിട്ടില്ല. എം.വി. ഗോവിന്ദൻ പറഞ്ഞതിന്റെ അർത്ഥം മനസിലാകാത്തതാണ് പ്രശ്നം. ഫ്യൂഡൽ ബന്ധങ്ങൾ നിലനിൽക്കുന്ന സമൂഹത്തിൽ അതും കൂടി പരിഗണിച്ചേ വർഗസമരത്തിന്റെ കാഴ്ചപ്പാടുമായി മുന്നോട്ടുപോകാനാവൂ എന്നാണദ്ദേഹം പറഞ്ഞത്. വൈരുദ്ധ്യാത്മക ഭൗതികവാദം ഉപേക്ഷിച്ചെന്നോ, കാലഹരണപ്പെട്ടെന്നോ അല്ല. ഗോവിന്ദൻ പറഞ്ഞതിനെ ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിൽ കാണേണ്ടതില്ല.
ശാസ്ത്രത്തിന്റെ ഭാഗം:
ഡോ.എം.പി. പരമേശ്വരൻ
( മാർക്സിസ്റ്റ് സൈദ്ധാന്തികൻ )
വൈരുദ്ധ്യാത്മക ഭൗതികവാദത്തെക്കുറിച്ച് എം.വി.ഗോവിന്ദന്റെ പ്രസ്താവന സി.പി.എം അടിസ്ഥാന നിലപാടിൽ മാറ്റം വരുത്തിയതു കൊണ്ടാണെന്ന് കരുതുന്നില്ല. ആ അഭിപ്രായം ശരിയാണെന്നും തോന്നുന്നില്ല. വൈരുദ്ധ്യാത്മക ഭൗതികവാദം വിട്ടുപോകാൻ പാർട്ടിയ്ക്ക് കഴിയില്ല. ഈ വിഷയം സി.പി.എം. നേരിടുന്ന പ്രതിസന്ധിയല്ല. വൈരുദ്ധ്യാത്മക ഭൗതികവാദം ശാസ്ത്രത്തിന്റെ ഭാഗമായി തന്നെ കാണണം.
---------------------
എതിർവാദം
------------------------
രാഷ്ട്രീയ പരാജയം: കെ.വേണു
( മുൻ നക്സൽ നേതാവ് )
സി.പി.എമ്മിന്റെ നിലപാട് മാറ്റമല്ല ഇത്. ശബരിമല സംഭവത്തെത്തുടർന്ന് ഉരുത്തിരിഞ്ഞ രാഷ്ട്രീയ സാഹചര്യത്തിൽ ജനങ്ങളിൽ നിന്ന്, ഒറ്റപ്പെട്ടെന്ന നിഗമനത്തിൽ ന്യായീകരണം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ശബരിമല വിഷയത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ പോലൊരു തിരിച്ചടി വീണ്ടുമുണ്ടാകുമോ എന്നൊരു ആശങ്ക സി.പി.എമ്മിനുണ്ട്. അതിനെ മറികടക്കാനുള്ള വളഞ്ഞ വഴിയാണ് ഈ പ്രസ്താവന. യാഥാർത്ഥത്തിലിത് സി.പി.എമ്മിന്റെ രാഷ്ട്രീയ പരാജയമാണ്.
ഹിന്ദുഭൂരിപക്ഷത്തെ അനുനയിപ്പിക്കാൻ : മുല്ലപ്പള്ളി
( കെ.പി.സി.സി പ്രസിഡന്റ് )
ശബരിമല വിഷയത്തിന് ശേഷം അടർന്നുപോയെന്ന് കരുതിയ ഹിന്ദുഭൂരിപക്ഷത്തെ കൈയിലെടുക്കാനുള്ള അടവുനയം മാത്രമാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ നീക്കങ്ങൾ. മാർക്സിസത്തിന്റെ ആധാരശിലയായ വൈരുദ്ധ്യാത്മക ഭൗതികവാദം ഇന്ത്യൻ സാഹചര്യത്തിൽ പ്രസക്തമല്ലെന്നാണ് എം.വി. ഗോവിന്ദൻ പറഞ്ഞത്. സത്യത്തിൽ ലോകകമ്മ്യൂണിസം തകർന്നപ്പോൾ തന്നെ വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്ന് ബോദ്ധ്യം വന്നതാണ്. അതിനേക്കാൾ, ഇന്ത്യയിൽ ജനിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന ഗോവിന്ദന്റെ പ്രസ്താവനയാണ് ആപത്കരം.
പാർട്ടി പിരിച്ചുവിടണം : കെ. സുരേന്ദ്രൻ
( ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് )
വൈരുദ്ധ്യാത്മക ദൗതികവാദം കാലഹരണപ്പെട്ടതാണെന്ന് എം.വി.ഗോവിന്ദൻ തുറന്നുപറഞ്ഞതോടെ കമ്യൂണിസ്റ്റ് പാർട്ടികളുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കുന്നു. കമ്യൂണിസ്റ്റ് പാർട്ടികൾ പിരിച്ചുവിട്ട് ദേശീയതയുടെ ഭാഗമായി മാറണം. വൈരുദ്ധ്യാത്മക ഭൗതികവാദം ഉട്ടോപ്യൻ ചിന്താഗതിയാണെന്നും അത് പരീക്ഷിക്കപ്പെട്ട സ്ഥലത്തെല്ലാം പരാജയപ്പെട്ടതാണെന്നും ദീനദയാൽജിയും ദത്തോപാന്ത് ടേംഗ്ഡ്ജിയും എത്രയോ കാലം മുമ്പ് ചൂണ്ടിക്കാട്ടിയതാണ്.
അവസരവാദ പാർട്ടി : സിവിക് ചന്ദ്രൻ
( സാമൂഹ്യ നിരീക്ഷകൻ)
വൈരുദ്ധ്യാത്മക ഭൗതികവാദവും മാർക്സിസ്റ്റ് വിശകലന രീതികളും കുറേക്കാലമായി സി.പി.എം ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് കസർത്തിന് വേണ്ടി മാത്രമാണ്. എം.വി.ഗോവിന്ദന്റെ പ്രസ്താവന സി.പി.എം അവസരവാദ പാർട്ടിയാണെന്ന് തെളിയിക്കുന്നു. വോട്ടുവണ്ടി ശബരിമല വഴിയാണ് ഓടുന്നതെന്ന് കേരളത്തിലെ രണ്ടുകക്ഷികളും പ്രഖ്യാപിക്കുകയാണ്. വൈരുദ്ധ്യാത്മക ഭൗതിക വാദമെന്നത് സി.പി.എമ്മിലെ ഭൂരിഭാഗം പേർക്കും പ്രാഥമിക പരിചയം പോലുമില്ലാത്ത വാക്കാണ്.
കാലഹരണപ്പെട്ടു: എൻ.കെ.പ്രേമചന്ദ്രൻ എം.പി
(ആർ.എസ്.പി ദേശീയ സെക്രട്ടറിയേറ്റ് അംഗം)
മാർക്സിസം കാലഹരണപ്പെട്ടെന്ന് പരോക്ഷമായി സമ്മതിക്കുന്നതാണ് ഗോവിന്ദൻ മാസ്റ്ററുടെ അഭിപ്രായം. വൈരുദ്ധ്യാത്മക ഭൗതികവാദം മാർക്സിസ്റ്റ് ആശയത്തിന്റെ അടിസ്ഥനഘടകങ്ങളിലൊന്നാണ്. അത് അപ്രസക്തമായെന്ന് പറയുന്നത് മാർക്സിസം തന്നെ അപ്രസക്തമായെന്ന് പറയുന്നതിന് തുല്യമാണ്.
എന്താണ് വൈരുദ്ധ്യാത്മക ഭൗതികവാദം ?
മാർക്സിസത്തിന്റെ അടിസ്ഥാന സിദ്ധാന്തങ്ങളിലൊന്നായി കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികർ മുന്നോട്ടുവയ്ക്കുന്ന ആശയമാണ് വൈരുദ്ധ്യാത്മക ഭൗതികവാദം . പ്രകൃതിയിലും സമൂഹത്തിലും പ്രതിഭാസങ്ങൾ പരസ്പര സംഘട്ടനത്തിലൂടെയും വൈരുദ്ധ്യത്തിലൂടെയുമാണ് നിലനിൽക്കുന്നതും വളരുന്നതും എന്നാണ് ഈ സിദ്ധാന്തം പറയുന്നത്. വൈരുദ്ധ്യാത്മകവാദം അവതരിപ്പിച്ചത് തത്വചിന്തകനായ ഹെഗൽ ആണെങ്കിലും അതിനെ ഭൗതികവാദ ആശയവുമായി സംയോജിപ്പിച്ചത് മാർക്സും ഏംഗൽസുമായിരുന്നു . പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളിലും ആശയങ്ങളിലും പരസ്പരവിരുദ്ധമായ രണ്ട് ഘടകങ്ങളുണ്ടെന്നാണ് ഈ മാർക്സിസ്റ്റ് സിദ്ധാന്തം വിവക്ഷിക്കുന്നത്. അതായത്, മുതലാളിത്തമുള്ളിടത്ത് തൊഴിലാളിവർഗവുമുണ്ടാകുന്നു. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റെ ആശയാടിത്തറയിൽ നിന്ന് ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഇല്ലാതാക്കാൻ , തൊഴിലാളി വർഗത്തിന്റെ നേതൃത്വത്തിൽ , മുതലാളിവർഗവുമായുള്ള നിരന്തര ഏറ്റുമുട്ടലിലൂടെ ജനകീയ ജനാധിപത്യവിപ്ലവം സംഭവിക്കുമെന്നാണ് സിദ്ധാന്തം.