dental-seats

ഈ വർഷത്തെ പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ അഖിലേന്ത്യാ തലത്തിൽ ഏഴായിരത്തോളം ബി.ഡി.എസ് സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. ചേരാൻ കുട്ടികൾ ഇല്ലാത്തതുകൊണ്ടല്ല. ഡന്റൽ കൗൺസിൽ നിശ്ചയിച്ച യോഗ്യതാ മാനദണ്ഡം പുലർത്തുന്ന വിദ്യാർത്ഥികളുടെ അഭാവം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. യോഗ്യതാ പരീക്ഷയിൽ പൊതുവിഭാഗം വിദ്യാർത്ഥികൾ 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയിരിക്കണമെന്നാണു നിബന്ധന. അതുപോലെ പട്ടികജാതി - പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗക്കാർക്ക് നിശ്ചയിച്ച കട്ട് ഓഫ് മാർക്ക് 40 ശതമാനമാണ്. കട്ട് ഓഫ് മാർക്കിൽ പത്തുശതമാനം കുറവു വരുത്തിയാൽ ബി.ഡി.എസ് പഠനം ആഗ്രഹിക്കുന്ന അനവധി വിദ്യാർത്ഥികൾക്ക് പ്രവേശനം ലഭിക്കാനുള്ള അവസരമുണ്ടാകും. സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് ഇത്രയധികം സീറ്റുകൾ ഒഴിച്ചിടേണ്ടിവരികയുമില്ല. എന്നാൽ യോഗ്യതയിൽ ഇളവു വരുത്തി കുട്ടികൾക്ക് പ്രവേശനം നൽകുന്നത് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം താഴാൻ കാരണമാകുമെന്നു ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ ഇതിന് എതിരാണ്. പ്രശ്നം സുപ്രീംകോടതിയിലെത്തിയപ്പോൾ കുട്ടികൾക്ക് അനുകൂലമായ തീരുമാനമാണ് രണ്ടംഗ ബെഞ്ചിൽ നിന്ന് ഉണ്ടായിരിക്കുന്നത്. യോഗ്യതാ മാർക്കിൽ പത്തുശതമാനം കുറവു വരുത്തി ഒഴിഞ്ഞുകിടക്കുന്ന ബി.ഡി.എസ് സീറ്റുകളിൽ കുട്ടികളെ ഈ വർഷം പ്രവേശിപ്പിക്കാൻ സുപ്രീംകോടതി അനുമതിയും നൽകി. ഫെബ്രുവരി 18-നകം പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. കോടതി തീരുമാന പ്രകാരം പൊതുവിഭാഗം കുട്ടികൾക്ക് ഡന്റൽ പ്രവേശനത്തിന് 40 ശതമാനം മാർക്ക് മതി. സംവരണ വിഭാഗങ്ങൾക്ക് 30 ശതമാനവും.

സ്വകാര്യ ഡന്റൽ കോളേജുകളിലാണ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നത്. അവയുടെ മാനേജ്‌മെന്റുകൾക്കാണ് പ്രധാനമായും സുപ്രീംകോടതി തീരുമാനത്തിന്റെ ഗുണം ലഭിക്കാൻ പോകുന്നത്. കട്ട് ഓഫ് മാർക്ക് മാത്രമല്ല വളരെയധികം സീറ്റ് ഒഴിഞ്ഞുകിടക്കാൻ കാരണം. ഉയർന്ന ഫീസ് നിരക്കും ഡന്റൽ കോഴ്സിൽ നിന്ന് കുട്ടികളെ അകറ്റുന്നുണ്ട്.

യോഗ്യതാ മാർക്ക് അല്പമൊന്ന് കുറച്ചതുകൊണ്ട് ഡന്റൽ പഠനത്തിന്റെ ഗുണനിലവാരമൊന്നും താഴാൻ പോകുന്നില്ലെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് ഈ വർഷം മാർക്കിൽ ഇളവു വരുത്തി ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ നികത്താൻ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. യോഗ്യതാ മാർക്ക് ഇരുപതു ശതമാനം കുറയ്ക്കാനാണ് ഡന്റൽ കൗൺസിൽ ശുപാർശ ചെയ്തിരുന്നതെങ്കിലും കോടതി അത് പത്തുശതമാനത്തിൽ ഒതുക്കുകയാണുണ്ടായത്. എന്നാൽ പോലും വളരെയേറെ പേർക്ക് അതിന്റെ ഗുണം ലഭിക്കും. 28000 ബി.ഡി.എസ്, സീറ്റുകളാണ് രാജ്യത്തെ ഡന്റൽ കോളേജുകളിൽ ഉള്ളത്. 7.71 ലക്ഷം കുട്ടികളാണ് അഖിലേന്ത്യാ തലത്തിൽ എം.ബി.ബി.എസിനും ബി.ഡി.എസിനും പ്രവേശന യോഗ്യത നേടിയിരുന്നത്.

യോഗ്യതാ മാർക്കിൽ ഇളവു വരുത്തുന്നത് പ്രൊഫഷണൽ കോഴ്സുകളുടെ ഗുണനിലവാരം കുറയാൻ കാരണമാകുമെന്ന അഭിപ്രായമാണ് കേന്ദ്ര സർക്കാരിനുള്ളത്. കുറഞ്ഞ മാർക്കുകാർക്കും പ്രവേശനം നൽകാമെന്ന വാദത്തെ എതിർക്കാൻ കാരണവും ഇതാണ്. എന്നാൽ മെഡിക്കൽ സ്പെഷ്യാലിറ്റി കോഴ്സുകൾക്ക് ഇതുപോലെ വളരെയധികം സീറ്റുകൾ ഒഴിഞ്ഞുകിടന്നപ്പോൾ, യോഗ്യതയിൽ ഇളവു വരുത്താൻ കേന്ദ്രം അനുമതി നൽകിയിരുന്നു. ധാരാളം പേർ അങ്ങനെ പ്രവേശനവും നേടിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ കേന്ദ്ര നിലപാടിനെ ഖണ്ഡിച്ചത്. സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകൾക്ക് ഇളവു നൽകാമെങ്കിൽ ഡന്റൽ കോഴ്സിനും അതാകാമല്ലോ എന്നായിരുന്നു കോടതിയും ആരാഞ്ഞത്.

കേന്ദ്ര നിലപാടിന് കോടതിയിൽ പരിഗണന ലഭിച്ചില്ലെങ്കിലും ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ നികത്താൻ വേണ്ടി യോഗ്യതാ മാനദണ്ഡത്തിൽ ഇളവു വരുത്തുന്ന പ്രവണത ദീർഘകാലാടിസ്ഥാനത്തിൽ ആശാസ്യമാണോ എന്ന ചോദ്യം പ്രസക്തം തന്നെയാണ്. സ്വാശ്രയ മേഖലയിൽ ലക്കും ലഗാനുമില്ലാതെ ഡന്റൽ കോളേജുകൾ പെരുകിയതാണ് ഓരോ വർഷവും കൂടുതൽ സീറ്റുകൾ ഒഴിച്ചിടേണ്ട സാഹചര്യം സൃഷ്ടിച്ചത്. എൻജിനിയറിംഗ് മേഖലയിൽ വർഷങ്ങൾക്കു മുമ്പേ ഈ ദുരന്തം സംഭവിച്ചതാണ്. പഠിക്കാൻ കുട്ടികളില്ലാതായതോടെ പല സംസ്ഥാനങ്ങളിലും എൻജിനിയറിംഗ് കോളേജുകൾ അടച്ചുപൂട്ടേണ്ട സ്ഥിതിയുണ്ടായി. തിയേറ്ററുകളും കല്യാണമണ്ഡപങ്ങളുമായി പലതും രൂപാന്തരം പ്രാപിച്ചു. എൻജിനിയറിംഗ് കോളേജുകൾ നിന്നിടത്ത് ഫ്ളാറ്റ് സമുച്ചയങ്ങൾ ഉയർന്നു. ഇപ്പോഴത്തെ പ്രവണത തുടർന്നാൽ കാലക്രമേണ ഡന്റൽ കോളേജുകളുടെ നിലനില്പും അപകടത്തിലാകാൻ സാദ്ധ്യതയുണ്ട്. ആവശ്യം അറിഞ്ഞ് കോളേജുകളുടെ പെരുപ്പം നിയന്ത്രിക്കുക എന്നതാണ് പോംവഴി. സീറ്റുകൾ നികത്താനായി മാത്രം യോഗ്യത ഇളവു ചെയ്ത് പ്രവേശനം നടത്താൻ തുടങ്ങിയാൽ വലിയ ദുരന്തത്തിലാകും അത് ചെന്നെത്തുക. ആവശ്യത്തിന് കുട്ടികളെ ലഭിക്കാത്ത സാഹചര്യം വന്നാൽ ഡന്റൽ കോളേജുകൾ മറ്റു പാരാമെഡിക്കൽ കോഴ്സുകൾക്കായി പരിവർത്തനപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. ഡിമാൻഡുള്ള ധാരാളം കോഴ്സുകൾ മെഡിക്കൽ രംഗത്തുണ്ട്. കോളേജ് ഉടമകൾക്കെന്ന പോലെ കുട്ടികൾക്കും പ്രയോജനമുണ്ടാകുന്ന കാര്യത്തെക്കുറിച്ചുവേണം എപ്പോഴും ആലോചിക്കാൻ.

സ്വാശ്രയ മേഖലയിൽ നൂറുകണക്കിന് മെഡിക്കൽ - ഡന്റൽ കോളേജുകൾ വന്നുകൊണ്ടിരിക്കുമ്പോഴും അവയിലെ ഫീസ് എത്രവരെയാകാമെന്നതു സംബന്ധിച്ച് ഇതുവരെ നിയമ നിർമ്മാണമൊന്നും വരാത്തത് വലിയ തോതിൽ ചൂഷണത്തിന് അവസരമൊരുക്കുകയാണ്. എല്ലാ വർഷവും പ്രവേശനം പൂർത്തിയായി ക്ളാസുകൾ തുടങ്ങി പകുതിയാകുമ്പോഴാണ് അന്തിമഫീസ് നിരക്ക് പുറത്തുവരാറുള്ളത്. ഇപ്പോഴും അതിനു മാറ്റമുണ്ടായിട്ടില്ല. കേരളത്തിൽ ഫീസ് നിർണയ സമിതിയെ അപ്രസക്തമാക്കി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സർക്കാരും വിദ്യാർത്ഥികളും സമർപ്പിച്ച അപ്പീലുകൾ സുപ്രീംകോടതി അന്തിമ വാദത്തിനു വച്ചിരിക്കുകയാണ്. ഇരുപതും ഇരുപത്തഞ്ചും ലക്ഷം രൂപ വാർഷിക ഫീസ് നൽകി മെഡിക്കൽ പഠനം നിർവഹിക്കേണ്ടിവരുന്ന വിദ്യാർത്ഥികളുടെ ദുർഗതിയോർത്ത് പരിതപിക്കാനേ കഴിയൂ.