1

നെയ്യാറ്റിൻകര : മുതിയാവിള വലിയച്ചൻ എന്നറിയപ്പെടുന്ന ദൈവദാസൻ അദെയോദാത്തൂസ് ഒസിഡിയുടെ നാമകരണ നടപടികൾക്ക് മുന്നോടിയായ ഹിസ്റ്റോറിക് കമ്മിഷന്റെ റിപ്പോർട്ട് (അച്ഛനെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായിട്ടുള്ള ചരിത്രം ശേഖരിച്ച് കൊടുക്കുന്ന നടപടികൾ) ബിഷപ് ഡോ. വിൻസെന്റ് സാമുവലിന് സമർപ്പിച്ചു. ഒന്നര വർഷമായി നടത്തിവന്ന പഠനങ്ങളുടെയും അദെയോദാത്തൂസ് അച്ചൻ എഴുതിയ കത്തുകളുടെയും അജപാലന ശുശ്രൂഷ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലാണ് നാമകരണ നടപടികളുടെ മുന്നോടിയായുളള ഹിസ്റ്റോറിക് കമ്മിഷന്റെ ഈ റിപ്പോർട്ട്. ഹിസ്റ്റോറിക് കമ്മിഷന്റെ റിപ്പോർട്ട് നാമരണ നടപടികൾക്ക് പ്രചോദനമാവുമെന്ന് ബിഷപ് ഡോ.വിൻസെന്റ് സാമുവൽ പറഞ്ഞു. 40 വർഷത്തോളം ഇന്ത്യയിൽ ജീവിക്കുകയും അതിൽ 20 വർഷക്കാലം നെയ്യാറ്റിൻകര രൂപതയിൽ കാട്ടാക്കട ഫൊറോനയിലെ മുതിയാവിള കേന്ദ്രമാക്കി പ്രവർത്തിച്ച അദെയോദാത്തൂസച്ചന്‍ ചങ്ങനാശേരി അതിരൂപതയുടെ മായം അമ്പൂരി പ്രദേശങ്ങളിലും സുവിശേഷവെളിച്ചം എത്തിച്ചു. 1968 ഒക്ടോബർ 20 ന് മുതിയാവിളയിൽ നിര്യാതനായ ദൈവദാസൻ ഫാ.അദെയോദാത്തൂസിന്റെ മൃതശരീരം വഴുതക്കാട് കാർമ്മൽഹിൽ ആശ്രമ ദേവാലയത്തിലാണ് സംസ്കരിച്ചിരിക്കുന്നത്. ഹിസ്റ്റോറിക് കമ്മിഷന്റെ ചെയർമാൻ മോൺ.ജി ക്രിസ്തുദാസിന്റെ നേതൃത്വത്തിൽ അഞ്ചംഗസംഘമാണ് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചത്. രൂപത ചാൻസലർ ഡോ.ജോസ് റാഫേൽ, മോണ്‍.വിൻസെന്റ് കെ പീറ്റർ, ഹിസ്റ്റൊറിക് കമ്മിഷൻ സെക്രട്ടറി ഡോ.അലോഷ്യസ് സത്യനേശൻ, ഫാ. വിൽഫ്രഡ് മിരാൻഡ ഒസിഡി, പി ദേവാദാസ്, നമകരണനടപടികളുടെ വൈസ് പ്രോസ്റ്റുലേറ്റർ ഡോ.കുര്യൻ ആലുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.