
വൃക്കയിലെ കല്ലുകൾ സാധാരണമായി കണ്ടുവരുന്ന ഒരു അസുഖമാണ്. മാംസാഹാരം വളരെ കൂടുതൽ കഴിക്കുന്നതുകൊണ്ട് വൃക്കയിലെ കല്ലുകൾ രൂപം കൊള്ളുന്നത് ഇപ്പോൾ വർദ്ധിച്ചുവരുന്നുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ കൂടുതലായതുകൊണ്ടും ഇത്തരം രാജ്യങ്ങളിലെ ചൂടുള്ള കാലാവസ്ഥയും കേരളത്തിൽ വൃക്കയിൽ കല്ലുകളുള്ള രോഗികൾ കൂടിവരികയാണ്.
വയറിന്റെ മുകൾഭാഗത്തായി പിറകിൽ വേദന, മൂത്രത്തിൽ രക്തം കാണുക മുതലായവയാണ് രോഗലക്ഷണങ്ങൾ. അൾട്രാസൗണ്ട് സ്കാൻ, സി.ടി സ്കാൻ മുതലായ പരിശോധനകൾ വഴി രോഗനിർണ്ണയം നടത്താം.
വലിപ്പം കുറഞ്ഞ കല്ലുകൾ ഉദാഹരണത്തിന് അഞ്ച് മില്ലിമീറ്ററി ൽ
താഴെയുള്ളവ ചികിത്സയൊന്നും കൂടാതെ തന്നെ പുറത്തേയ്ക്ക് പോകും. വലിപ്പം കൂടിയ കല്ലുകൾ വൃക്കയിലുണ്ടെങ്കിൽ അതു നീക്കം ചെയ്യുന്നതിന് പലതരത്തിലുള്ള സർജറികളും ചികിത്സാമാർഗങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ട ഒരു ചികിത്സാരീതിയാണ് പി.സി.എൻ.എൽ. വൃക്ക നിറഞ്ഞുനിൽക്കുന്ന വളരെ വലിപ്പമുള്ള കല്ലുകൾ പി.സി.എൻ.എൽ ചികിത്സ വഴി നീക്കം ചെയ്യാൻ സാധിക്കും. ഒരുസെ.മീ താഴെ വലിപ്പമുള്ള ഒരു മുറിവിൽ കൂടി വൃക്കയിലെ കല്ലുകൾ പൊടിച്ചു നീക്കം ചെയ്യുന്ന രീതിയാണിത്. വളരെ ചെറിയ മുറിവായതിനാൽ വേദന വളരെ കുറവായിരിക്കും.വൃക്ക നിറഞ്ഞിരിക്കുന്നതും വൃക്കയിൽ അടവുകളോടൊപ്പമുള്ളതുമായ കല്ലുകൾ ഇത്തരം ചികിത്സയ്ക്ക് അനുയോജ്യമാണ്.
എത്ര വലിപ്പമുള്ള കല്ലുകളും പി.സി.എൻ.എൽ ചികിത്സ വഴി നീക്കം ചെയ്യാം. വൃക്കയിലേക്ക് ഒരു സൂചി വഴി ഗൈഡ് വയർ അകത്തേക്ക് പ്രവേശിപ്പിച്ച് അത് വഴി ദ്വാരം വലുതാക്കി നെഫ്രോസ്കോപ് അകത്തേക്ക് കടത്തി കല്ലുകൾ പൊടിച്ചു നീക്കം ചെയ്യുന്ന രീതിയാണിത്.
മൂത്രരോഗാണുബാധ, രക്തംകട്ടപിടിക്കാതിരിക്കൽ, ആസ്പിരിൻ പോലെയുള്ള മരുന്നുകൾ കഴിക്കുന്നവർ തുടങ്ങിയവർക്ക് പി.സി.എൻ.എൽ ചികിത്സ ഇവ നിയന്ത്രിച്ചശേഷം മാത്രമേ ചെയ്യാൻ പാടുള്ളൂ. ആസ്‌പിരിൻ പോലുള്ള മരുന്നുകൾ 3മുതൽ 5 ദിവസം വരെ നിറുത്തിയശേഷം മാത്രമേ പി.സി.എൻ.എൽ ചികിത്സ ചെയ്യാൻ പാടുള്ളൂ. പി.സി.എൻ.എൽ ചികിത്സ, അൾട്രാസൗണ്ട് സ്കാൻ, എക്സ് റേ മുതലായവ ഉപയോഗിച്ച് കല്ലുകൾ പൊടിച്ചുകളയുന്നത്. വൃക്കയിൽ അടവുകൾ ഉണ്ടെങ്കിൽ അതും പി.സി.എൻ.എൽ ചികിത്സയിലൂടെ ഭേദമാക്കാം. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെയുള്ളവർക്ക് പി.സി.എൻ.എൽ ചികിത്സ അനുയോജ്യമാണ്. രോഗിയെ കമിഴ്‌ത്തി കിടത്തിയാണ് സാധാരണയായി പി.സി.എൻ.എൽ ചികിത്സ ചെയ്യുന്നത്. മലർത്തിക്കിടത്തി ചെയ്യുന്ന സുപൈൻ പി.സി.എൻ.എൽ ചികിത്സയും വ്യാപകമാണ്.
ഡോ. എൻ. ഗോപകുമാർ
(എം.എസ്. എം.സിഎച്ച് (യൂറോ),
എഫ്.ഇ.ബി.യു, എഫ്. ആർ.സി.എസ്)
യൂറോളജിസ്റ്റ് ആൻഡ്
ആൻഡ്രോളജിസ്റ്റ്
ഫോൺ : 09447057297.