toddy

തിരുവനന്തപുരം: കള്ള് വ്യവസായത്തെ പുനരുദ്ധരിക്കാൻ സർക്കാർ പ്രഖ്യാപിച്ച 'ടോഡി ബോർഡും' വെള്ളത്തിലെ വരയാവുന്നു. കഴിഞ്ഞ വർഷം ഇതിന്റെ കരട് ബിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടന്നില്ല. പ്രഖ്യാപനം മദ്യ നയത്തിലുണ്ടാവുമെന്ന് 2020ലെ സർക്കാർ പ്രോഗ്രസ് റിപ്പോർട്ടിലും പറഞ്ഞിരുന്നു. എന്നാൽ എക്സൈസ് വകുപ്പിന് ഇപ്പോൾ മിണ്ടാട്ടമില്ല.

ടോഡി ബോർഡിനുള്ള കരട് തയ്യാറാക്കി നിയമവകുപ്പിന്റെ പരിഗണനയ്ക്ക് വിട്ടിരുന്നു. പിന്നീട് തുടർ നടപടികളുണ്ടായില്ല. തൊഴിലാളി സംഘടനകളുമായി ചർച്ചകൾ നടത്തി അന്തിമരൂപം നൽകുമെന്നാണ് എക്സൈസ് മന്ത്രി നേരത്തെ പറഞ്ഞിരുന്നത്.

2018 -ലെ കേരള കള്ള് വ്യവസായ വികസന ബോർഡ് ആക്ടിൽ തെങ്ങ്, കരിമ്പന, ഈന്തപ്പന തുടങ്ങിയവയിൽ നിന്ന് ചെത്തിയെടുക്കുന്ന നീരിനെയാണ് കള്ള് എന്ന് നിർവചിച്ചിട്ടുള്ളത്. അഞ്ച് ഔദ്യോഗിക പ്രതിനിധികളും തൊഴിലാളി, തൊഴിലുടമ പ്രതിനിധികളും ഉൾപ്പെടുന്ന രീതിയിലാണ് ടോഡി ബോർഡിന്റെ രൂപരേഖ തയ്യാറാക്കിയത്. ശുദ്ധമായ കള്ളിന്റെ ലഭ്യത ഉറപ്പാക്കുകയും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കുകയുമായിരുന്നു ബോർഡിന്റെ പ്രധാന ദൗത്യം. ഷാപ്പുകൾക്ക് സ്ഥിരം കെട്ടിടങ്ങക്ക് സഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്.

പ്രോഗ്രസ് റിപ്പോർട്ടിൽ പറഞ്ഞത്

 ചെത്തുവ്യവസായത്തിന് അനുയോജ്യമായ പൊക്കംകുറഞ്ഞ സങ്കരയിനം തെങ്ങുകൾ നടാൻ പ്രോത്സാഹനം

 കള്ളു ഷാപ്പുകൾ നവീകരിക്കാനും ആധുനീകരിക്കാനും പ്രോട്ടോക്കോളിന് രൂപം നൽകും. സംരംഭകർക്ക് വായ്പ

കള്ള് മേഖല

 ലൈസൻസുള്ള ഷാപ്പുകൾ: 4500

 ചെത്തു തൊഴിലാളികൾ: 18,773

വില്പന തൊഴിലാളികൾ: 7,399