feb09a

ആറ്റിങ്ങൽ: അഞ്ചുവർഷം കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് സംസ്ഥാനത്ത് 1703 കോടി രൂപ വിതരണം ചെയ്‌തതായി മന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. ആറ്റിങ്ങൽ ഗവ. ബോയ്സ് എച്ച്.എസ്.എസിൽ നടന്ന സാന്ത്വന സ്‌പർശം അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സർക്കാർ അഞ്ചുവർഷം കൊണ്ട് 553 കോടി മാത്രമാണ് വിതരണം ചെയ്‌തതെന്നും അദ്ദേഹം വ്യക്തമാക്കി. ദുരിതങ്ങളിൽ അതിവേഗ ആശ്വാസമെന്നതാണ് എൽ.ഡി.എഫ് സർക്കാർ നയമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. ഉച്ചവരെ വർക്കല താലൂക്കിലെയും ഉച്ചയ്ക്കുശേഷം ചിറയിൻകീഴ് താലൂക്കിലെയും പരാതികളാണ് പരിഗണിച്ചത്. വർക്കല താലൂക്കിൽ 817ഉം ചിറയിൻകീഴ് താലൂക്കിൽ 1588ഉം പരാതികൾ ലഭിച്ചു. ചിറയിൻകീഴ് താലൂക്കിൽ 79.45 ലക്ഷം രൂപയും വർക്കല താലൂക്കിൽ 24.46 ലക്ഷം രൂപയും ചികിത്സാസഹായം അനുവദിച്ചു. അദാലത്തിൽ നൽകുന്ന പട്ടയങ്ങളുടെയും റേഷൻ കാർഡുകളുടെയും വിതരണോദ്ഘാടനവും മന്ത്രിമാർ നിർവഹിച്ചു. എം.എൽ.എമാരായ വി. ജോയി, ബി. സത്യൻ, ആറ്റിങ്ങൽ മുനിസിപ്പൽ ചെയർപേഴ്‌സൺ എസ്. കുമാരി, ഡെപ്യൂട്ടി കളക്ടർ ജി.കെ. സുരേഷ് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.