ആറ്റിങ്ങൽ: 50 വർഷത്തിലേറെയായി നിയമക്കുരുക്കിലായിരുന്ന മണമ്പൂരിലെ മിച്ചഭൂമി പ്രശ്‌നത്തിന് ആറ്റിങ്ങലിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിൽ പരിഹാരമായി. മണമ്പൂരിലെ മിച്ചഭൂമിയിൽ താമസിക്കുന്ന 52 പേർക്കാണ് അദാലത്തിൽ പട്ടയം ലഭിച്ചത്. 14 പേർക്കുകൂടി പട്ടയം നൽകുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് നേരത്തെ ബി. സത്യൻ എം.എൽ.എ നിയമസഭയിൽ സബ്മിഷനുകൾ നൽകിയിരുന്നു. തുടർന്ന് റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നതിന്റെ അടിസ്ഥാനത്തിൽ റവന്യൂ അധികൃതർ ഭൂമി പരിശോധിച്ചു. പിന്നീടാണ് പട്ടയം നൽകാൻ തീരുമാനമായത്.
രവിക്ക് സ്വന്തം വീടായി,
മിനിക്ക് ജപ്‌തി ഒഴിവായി
ആറ്റിങ്ങൽ: അന്ധനായ രവികുമാറിന് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ വീട് നിർമ്മിക്കാൻ സഹായം. നഗരൂർ സ്വദേശിയും
ലോട്ടറി കച്ചവടക്കാരനുമായ രവിക്ക് എട്ടാമത്തെ വയസിൽ അപകടത്തിലാണ് കാഴ്ച നഷ്ടപ്പെട്ടത്. സ്വന്തമായി വീടില്ലാതിരുന്ന ഇദ്ദേഹത്തിന് 2016ൽ പട്ടികജാതി വികസന വകുപ്പിന്റെ പദ്ധതി പ്രകാരം വീടുവയ്‌ക്കാൻ മൂന്നു ലക്ഷം രൂപ അനുവദിച്ചു. എന്നാൽ ഈ തുകകൊണ്ട് വീടുപണി പൂർത്തിയാക്കാൻ കഴിഞ്ഞില്ല. തുടർന്നാണ് സാന്ത്വന സ്പർശം അദാലത്തിൽ നിവേദനം നൽകിയത്. വീട് പൂർത്തിയാക്കാൻ ഒന്നരലക്ഷം രൂപയാണ് അനുവദിച്ചത്. വെൽഫെയർ സൊസൈറ്റി ഫോർ ബ്ലൈന്റിന്റെ സഹായത്തോടെയാണ് രവി അദാലത്തിലെത്തിയത്. ആലങ്കോട് സ്വദേശി മിനിക്ക് അദാലത്തിലൂടെ ജപ്‌തി ഭീഷണി ഒഴിവായി. ഭർത്താവ് ഉപേക്ഷിച്ചുപോയ മിനി വീടു നിർമ്മിക്കാനെടുത്ത വായ്‌പയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. മകളും പ്രായമായ അമ്മയും മാത്രമുള്ള വീട്ടിൽ നിന്ന് ഇറക്കിവിട്ടാൽ പോകാൻ ഇടമില്ലെന്നും സർക്കാർ സഹായം നൽകണമെന്നും അപേക്ഷിച്ചാണ് മിനി എത്തിയത്. ജപ്‌തി ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകി.