ആറ്റിങ്ങൽ: ആറ്റിങ്ങലിൽ നടന്ന സാന്ത്വന സ്പർശത്തിലൂടെ നിരവധി പേർക്ക് ചികിത്സാ സഹായം ലഭിച്ചു. കൊവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയും ദൈനംദിന ജീവിതവും മുന്നോട്ട് കൊണ്ടുപോകാനാകാതെ വിഷമിച്ചവർക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹമായ ചികിത്സാ സഹായം അനുവദിച്ചത്.
അപകടത്തിൽ കാൽ നഷ്ടപ്പെട്ട ചിറയിൻകീഴ് സ്വദേശിയായ രമേശൻ ആശാരിക്ക് 20,000 രൂപയും ഹൃദ്രോഗിയായ വർക്കല സ്വദേശി സുൽഫീക്കറിന് ശസ്ത്രക്രീയക്കായി 25,000 രൂപയും എല്ലുകൾ പൊടിയുന്ന അസുഖം ബാധിച്ച് 22 വർഷമായി ചികിത്സയിൽ കഴിയുന്ന നഗരൂർ സ്വദേശി ഷാജിലാലിന് 15,000 രൂപയും അനുവദിച്ചു. ഇതുപോലെ നൂറോളം പേർക്ക് ധനസഹായം നൽകി.