ma-baby

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ വാദം കേൾക്കുമ്പോൾ വേണ്ടിവന്നാൽ എല്ലാവരുമായും ചർച്ച ചെയ്ത് സർക്കാർ പുതിയ സത്യവാങ്മൂലം നൽകുമെന്ന് ദൃശ്യമാദ്ധ്യമങ്ങളോട് പ്രതികരിച്ച സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി, നിലപാട് തിരുത്തി. പ്രശ്നം പാർട്ടിയെ കുഴയ്ക്കുന്ന ചർച്ചയ്ക്ക് വഴിതെളിച്ചതോടെയാണിത്.പുതിയ സത്യവാങ്മൂലം കൊടുക്കുമെന്ന് താൻ പറഞ്ഞതായുള്ള പ്രചാരണം തന്റെയോ പാർട്ടിയുടെയോ കാഴ്ചപ്പാടല്ലെന്ന് അദ്ദേഹം വിശദീകരിച്ചു. ബേബിയുടെ മാറിമറിഞ്ഞ പ്രതികരണത്തോടെ, വിഷയത്തിൽ ഇടതുമുന്നണിയെ കുരുക്കിലാക്കാൻ നോക്കുന്ന യു.ഡി.എഫും ബി.ജെ.പിയും സർക്കാരിനെതിരെ ആഞ്ഞടിച്ച് രംഗത്തെത്തി.സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന ശബരിമല പ്രശ്നം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ആയുധമാക്കിയ യു.ഡി.എഫിന്, ബേബിയുടെ പ്രതികരണം പിടിവള്ളിയായി. ഇത് സി.പി.എമ്മിലും ചർച്ചയായതോടെയാണ്, ബേബി തിരുത്തലിന് തയ്യാറായതെന്നാണ് സൂചന. ശബരിമലയിൽ തൊട്ടുള്ള വിവാദത്തിന് മുതിരാതിരിക്കുമ്പോഴും, അത് പാർട്ടിയെ വിടാതെ പിന്തുടരുന്നുവെന്ന പ്രതീതിയുളവാക്കുന്നതായി പുതിയ സംഭവവികാസം.

സുപ്രീംകോടതി വിധി പ്രസ്താവിക്കുമ്പോൾ ഇടതുസർക്കാരാണ് ഭരണത്തിലെങ്കിൽ, വിധി നടപ്പാക്കുന്നതിലെ പ്രായോഗികപ്രശ്നങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യുമെന്നാണ് ബേബി പിന്നീട് വിശദീകരിച്ചത്. പാർട്ടി നിലപാടോ കാഴ്ചപ്പാടോ ബലം പ്രയോഗിച്ച് നടപ്പാക്കില്ല. സാമൂഹ്യസമവായത്തിനാകും ശ്രമിക്കുക. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ ഇടതുസർക്കാർ സ്വീകരിച്ച നടപടികളാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ചർച്ചയാവുക. തദ്ദേശതിരഞ്ഞെടുപ്പിൽ അത് സംഭവിച്ചപ്പോൾ, അതിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാൻ ശ്രമം നടക്കുന്നു. സുപ്രീംകോടതിയുടെ വിശാല ബെഞ്ച് പരിഗണിക്കാനിരിക്കുന്ന വിഷയത്തിൽ, നിയമസഭയിൽ നിയമം കൊണ്ടുവരുമെന്ന യു.ഡി.എഫ് വാദം മൗഢ്യമാണെന്നും ബേബി വ്യക്തമാക്കി.

അതേസമയം, ശബരിമലയുമായി ബന്ധപ്പെട്ട ഒരു പ്രശ്നവും ഇപ്പോൾ സമൂഹത്തിന് മുന്നിലില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി. രാജീവ് പാർട്ടി മുഖപത്രത്തിലെ ലേഖനത്തിൽ വിശദീകരിച്ചു. വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ

ഏത് പരിധി വരെ ഇടപെടാമെന്നതടക്കമുള്ള ഏഴ് വിഷയങ്ങളിൽ ഉന്നത നീതിപീഠം വിധി പറയാനിരിക്കുകയാണ്. അതിൽ തീർപ്പ് കല്പിച്ച ശേഷമേ, റിവ്യൂ ഹർജി കേൾക്കുന്നതടക്കം വിശാല ബെഞ്ച് പരിഗണിക്കൂ. ഒരു സത്യവാങ്മൂലവും ഇപ്പോൾ പ്രസക്തമല്ല. ഭരണഘടനാമാനങ്ങൾ സുപ്രീംകോടതി പരിശോധിക്കുന്ന പ്രശ്നത്തിൽ സംസ്ഥാനത്ത് കരട് നിയമവുമായി യു.ഡി.എഫ് വന്നതിന്റെ ലക്ഷ്യം അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകുമെന്നും രാജീവ് ചൂണ്ടിക്കാട്ടി.

വിശ്വാസ സംരക്ഷണം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട്: ജി. സുകുമാരൻ നായർ

കോട്ടയം:നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശബരിമല വിഷയം വീണ്ടും സജീവ ചർച്ചയാകുമ്പോൾ, യു.ഡി.എഫിനെയും ബി.ജെ.പിയെയും വിമർശിച്ച് എൻ.എസ്.എസ്. സുപ്രീംകോടതിയുടെ വിശാലബെഞ്ചിന്റെ പരിഗണനയിലുള്ള വിഷയത്തിൽ, തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് വിശ്വാസ സംരക്ഷണത്തിന്റെ പേരിൽ ഭക്തരെ സ്വാധീനിക്കാനുള്ള പുതിയ വാദഗതികളുമായി രാഷ്ട്രീയകക്ഷികൾ രംഗപ്രവേശം ചെയ്തിരിക്കുന്നതെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.

'' കേന്ദ്രഭരണം കൈയിലിരിക്കെ, ബി.ജെ.പിക്ക് നിയമനിർമ്മാണത്തിലൂടെ പരിഹരിക്കാവുന്ന പ്രശ്‌നം മാത്രമായിരുന്നില്ലേ ഇത്? പ്രതിപക്ഷത്തിരിക്കുമ്പോൾ വിശ്വാസം സംരക്ഷിക്കാൻ യു.ഡി.എഫിന് നിയമസഭയിൽ ബിൽ അവതരിപ്പിക്കാമായിരുന്നു. അതിനു പകരം, അധികാരത്തിൽ വന്നാൽ വിശ്വാസികൾക്കനുകൂലമായ നിയമനിർമ്മാണം നടത്തുമെന്നുള്ള പ്രഖ്യാപനത്തിന് എന്ത് ആത്മാർത്ഥതയാണുള്ളത്''- സുകുമാരൻ നായർ ചോദിച്ചു. വിശ്വാസം സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് താല്പര്യമുണ്ടെങ്കിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം തിരുത്താനോ, നിയമനിർമ്മാണത്തിലൂടെ വിഷയം പരിഹരിക്കാനോ ഇപ്പോഴും ശ്രമിച്ചുകൂടേ?. സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധി ശബരിമലയിൽ മാത്രമല്ല, സംസ്ഥാനത്തെ മുഴുവൻ ഹൈന്ദവക്ഷേത്രങ്ങളിലെയും നൂറ്റാണ്ടുകളായുള്ള വിവിധ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ബാധകമാണ്. മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങൾക്കെന്ന പോലെയുള്ള വിശ്വാസസംരക്ഷണം ഹൈന്ദവക്ഷേത്രങ്ങൾക്കും ഉണ്ടാകണം. എൻ.എസ്.എസിന്റെ പ്രഖ്യാപിത നയം ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുകയെന്നതാണെന്നും അദ്ദേഹം പറഞ്ഞു.