mullappally

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പടിക്കൽ പി.എസ്.സി റാങ്ക് ഹോൾഡേഴ്സ് നടത്തി വരുന്ന സമരത്തെ അപമാനിക്കുക വഴി ധനമന്ത്രിയും വ്യവസായ മന്ത്രിയും അഭ്യസ്തവിദ്യരായ യുവാക്കളോട് കാണിച്ചത് കടുത്ത അപരാധവും ക്രൂരതയുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു.

കഷ്ടപ്പെട്ട് പഠിച്ച് റാങ്ക് ലിസ്റ്റിൽ വന്നിട്ടും ജോലിലഭിക്കാത്തവരുടെ വേദന മന്ത്രിമാർക്ക് മനസിലാകില്ല. നിരാശരും ദു:ഖിതരുമായ അവരുടെ പ്രതിഷേധത്തിന് രാഷ്ട്രീയ പരിവേഷം നൽകി ചെറുതാക്കി കാണുന്നത് ശരിയല്ല. രണ്ടു യുവാക്കൾ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത് ലാഘവബുദ്ധിയോടെ കാണാനാവില്ല. സി.പി.എം നേതാക്കളുടെ മക്കൾ മുതലാളിത്ത രാജ്യങ്ങളിലെ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസത്തിന് പോകുന്നത് കൊണ്ടാണ് ഇവിടത്തെ നിർദ്ധനകുടുംബങ്ങളിലെ വിദ്യാർത്ഥികളുടേയും അഭ്യസ്തവിദ്യരായ യുവാക്കളുടേയും വിഷമം തിരിച്ചറിയാനാവാത്തത്. റാങ്ക് ഹോൾഡേസിന്റെ പ്രതിഷേധത്തെ അവഹേളിച്ച ധനമന്ത്രിയുടെ നടപടി ക്രൂരമാണ്. ഒരിക്കലും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് അത്തരമൊരു പ്രസ്താവന ഉണ്ടാകരുതായിരുന്നു. ബന്ധുനിയമനത്തിന്റെ പേരിൽ രാജിവെച്ച മന്ത്രി ജയരാജന് ഫ്യൂഡൽ തമ്പുരാക്കൻമാരുടെ ജീവിതശൈലി ആയതിനാലാണ് ഈ സമരത്തെ അധിക്ഷേപിക്കാൻ മനസ്സുവന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.