saritha-s-nair

തിരുവനന്തപുരം:തൊഴിൽ തട്ടിപ്പ്‌ കേസിലെ പ്രതി സരിത എസ് നായരുടേതെന്ന് കരുതുന്ന ശബ്ദരേഖയുടെ കൂടുതൽ ഭാഗങ്ങൾ പുറത്ത്. പിൻവാതിൽ നിയമനങ്ങൾക്ക് ഇടനിലക്കാരിയായത് പാർട്ടിക്ക് വേണ്ടിയാണെന്നും പാർട്ടിക്ക് ഫണ്ട് സ്വരൂപിക്കാനാണെന്നും പറയുന്ന ശബ്ദരേഖയിൽ പാർട്ടിക്ക് തന്നെ പേടിയാണെന്നും സൂചിപ്പിക്കുന്നു.

വിവാദ പരാമർശങ്ങൾ ഇങ്ങനെ: ഒരു വീട്ടിൽ ഒരാൾക്ക് എന്തെങ്കിലും കൊടുത്താൽ ആ വീട്ടുകാർ ഈ പാർട്ടിക്കാരുടെ കൂടെ നിൽക്കും. അതുവഴി അവർക്ക് കുറച്ച് പാർട്ടി ഫണ്ട് സ്വരൂപിക്കുകയും ചെയ്യാം. ഇതിന്റെ 50ശതമാനം പാർട്ടി ഫണ്ടാണ്. ബാക്കിയുള്ളത് സ്​റ്റാഫിനാണ്‌ പോകുന്നത്. അവരെ സപ്പോർട്ട് ചെയ്യുന്ന സ്​റ്റാഫിന് ഒരു പാക്കേജ് സിസ്​റ്റമുണ്ട്. എന്നെ ചെറിയ തരത്തിൽ പേടിയുള്ളതുകൊണ്ടാണ് ഇതൊക്കെ നടക്കുന്നത്. അതു ഞാൻ യൂസ് ചെയ്യുന്നുവെന്നേ ഉള്ളൂ. പിഴിഞ്ഞെടുക്കുക എന്നുള്ള സിസ്​റ്റം മാത്രമേ ഉള്ളൂ....

ബിവറേജസ്‌ കോർപറേഷനിലും കെ.ടി.ഡി.സിയിലും ജോലി വാഗ്ദാനം ചെയ്ത് നെയ്യാ​റ്റിൻകര സ്വദേശികളിൽനിന്ന് പണം തട്ടിയെടുത്തെന്നാണ് സരിതയ്ക്കും കൂട്ടാളികൾക്കും എതിരെയുള്ള കേസ്. 16ലക്ഷം രൂപ നൽകിയ പരാതിക്കാരനോടുള്ള ഫോൺ സംഭാഷണമാണ് പുറത്തായത്. അതേസമയം, തന്റെ ശബ്ദമല്ലെന്നും മിമിക്രിക്കാർ അനുകരിച്ചതാണെന്നും സരിത പറയുന്നു. തന്റെ ശബ്ദമാണെന്നതിന് ഒരു തെളിവുമില്ല. സി.ബി.ഐ അന്വേഷണം വന്നപ്പോൾ മുതൽ നടക്കുന്ന ഗൂഢാലോചനയാണിത്. ആരോപണത്തിനു പിന്നിൽ ഒരു യൂത്ത് കോൺഗ്രസുകാരനാണ്. ഇതിനു പിന്നിലെ ഗൂഢാലോചന കണ്ടു പിടിക്കാൻ കോടതിയിൽ പരാതി നൽകിയെന്നും വക്കീൽ നോട്ടീസ് അയച്ചെന്നും സരിത പറഞ്ഞു. ആരോപണങ്ങൾക്ക് പിന്നിൽ കെ.സി.വേണുഗോപാലടക്കമുള്ള കോൺഗ്രസ് നേതാക്കളാണെന്ന് സംശയിക്കുന്നതായും സരിത ആരോപിച്ചു.

എന്നാൽ തട്ടിപ്പിൽ സരിതയുടെ പങ്കിന് വ്യക്തമായ തെളിവുണ്ടെന്നും ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാമെന്നും പരാതിക്കാരൻ അരുൺ പറഞ്ഞു. സരിതയുമായുള്ള വാട്സാപ് ചാ​റ്റുകളും അരുൺ പുറത്തുവിട്ടു. പണത്തിനായി ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയതും പണം നിക്ഷേപിച്ചതിന്റെ തെളിവും പുറത്തുവിട്ടു.