
തിരുവനന്തപുരം: വി. ഭാസ്കരൻ വിരമിക്കുന്ന ഒഴിവിലേക്ക് പുതിയ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നതിൽ ഇന്നത്തെ മന്ത്രിസഭായോഗത്തിൽ തീരുമാനമായേക്കും.നിയമ സെക്രട്ടറി അരവിന്ദ് ബാബു, സിറ്റിംഗ് ജില്ലാ ജഡ്ജി രാമബാബു, മുൻ ചീഫ്സെക്രട്ടറിയും ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ സി.ഇ.ഒയുമായ ടോം ജോസ് എന്നിവരടങ്ങിയ പാനലാണ് തദ്ദേശ വകുപ്പ് സമർപ്പിച്ചിട്ടുള്ളത്.ജില്ലാ ജഡ്ജി റാങ്കിലുള്ളവരാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിലേക്ക് കൂടുതലും പരിഗണിക്കപ്പെട്ടിട്ടുള്ളത്. പി.കമാൽകുട്ടിയാണ് ഇതിന് മുമ്പ് ഈ പദവിയിലിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ. കൂടുതലും കോടതി വ്യവഹാരത്തിന് സമാനമായ നടപടികളാണ് തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വേണ്ടി വരുന്നതെന്നതിനാൽ ,ജഡ്ജിമാരായി പ്രവർത്തിച്ചവരെ പരിഗണിക്കുന്നതാണ് അഭികാമ്യമെന്ന വാദം തദ്ദേശവകുപ്പിൽ ശക്തമാണ്. . ഇടതുസർക്കാരുകളുടെ കാലത്താണ് കഴിഞ്ഞ രണ്ട് തവണയും ജില്ലാ ജഡ്ജിമാർ ഈ സ്ഥാനത്തേക്ക് നിയമിതരായത്. വി.എസ് സർക്കാർ സ്ഥാനമൊഴിയുന്നതിന് തൊട്ടുമുമ്പാണ് കെ. ശശിധരൻ നായർ നിയമിക്കപ്പെട്ടതെങ്കിൽ ,ഇപ്പോഴത്തെ ഇടതു സർക്കാർ വന്ന ശേഷം നിയമിക്കപ്പെട്ടയാളാണ് വി. ഭാസ്കരൻ. മാർച്ച് 31നാണ് ഇദ്ദേഹത്തിന്റെ കാലാവധി തീരുന്നത്.