
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിനൊപ്പം, ലൗ ജിഹാദും നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമാക്കാൻ ബി.ജെ.പി.
കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ ഏഴായിരത്തോളം ഹിന്ദു, ക്രിസ്ത്യൻ യുവതികളാണ് പ്രണയത്തിന്റെ മറവിൽ മതം മാറ്റപ്പെട്ടതെന്നാണ് ആരോപണം. മതം മാറ്റപ്പെട്ട ചിലർ അഫ്ഗാനിസ്ഥാനിലും തുർക്കിയിലും ഐസിസ് തീവ്രവാദികളുടെ തടങ്കൽ പാളയങ്ങളിലുമെത്തിയിരുന്നു. പ്രണയത്തിന്റെ മറവിലുള്ള മതം മാറ്റത്തിനെതിരെ ഹിന്ദു, ക്രിസ്ത്യൻ വിഭാഗങ്ങളിലുള്ള ആശങ്ക രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനാണ് ബി.ജെ.പി നീക്കം. ക്രിസ്ത്യൻ മതമേധാവികളിൽ പലരും ലൗ ജിഹാദിനെതിരെ രംഗത്തുവന്നിരുന്നു. ക്രിസ്ത്യൻ യുവാക്കളുടെ സംഘടന തന്നെ ലൗ ജിഹാദിനെതിരായി രൂപീകരിക്കപ്പെട്ടിട്ടുണ്ട്. യു.ഡി.എഫും എൽ.ഡി.എഫും ലൗജിഹാദിനെ തള്ളിപ്പറയാത്തതും ബി.ജെ.പി തുറന്നുകാട്ടും.
ഇസ്താംബൂളിൽ ആയിരം വർഷം പഴക്കമുള്ള ഓർത്തഡോക്സ് ക്രിസ്ത്യൻ ദേവാലയം മുസ്ലിം പള്ളിയാക്കിയ തുർക്കിയിലെ തയ്യിപ് എർദോഗൻ ഭരണകൂടത്തിന്റെ നടപടിയെ കേരളത്തിലെ മുസ്ലിംലീഗ് നേതാക്കൾ ന്യായീകരിച്ചതും ക്രൈസ്തവ വിശ്വാസികളിൽ മുറുമുറുപ്പുണ്ടാക്കിയിരുന്നു. 1940ലാണ് ഈ ക്രിസ്ത്യൻ പള്ളി മ്യൂസിയമാക്കി മാറ്റിയത്. ഈയിടെ ,മ്യൂസിയം വീണ്ടും പള്ളിയാക്കി.
കേരളത്തിൽ മതന്യൂനപക്ഷങ്ങൾക്കുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിൽ 80 ശതമാനവും മുസ്ലിങ്ങൾക്ക് നൽകാനുള്ള തീരുമാനവും ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കിടയിൽ
അമർഷമുണ്ടാക്കിയിട്ടുണ്ട്. ഇതും രാഷ്ട്രീയമായി മുതലെടുക്കാനാണ് ബി.ജെ.പി നീക്കം.
ഇതോടൊപ്പം, കേന്ദ്ര സർക്കാരിന്റെ നേട്ടങ്ങൾ പ്രചരിപ്പിക്കാനും സംസ്ഥാന സർക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും തുറന്നുകാട്ടാനും ബി.ജെ.പി 14നും15നും ഗൃഹസമ്പർക്ക പരിപാടികൾ നടത്തും.