
തിരുവനന്തപുരം: ബിവറേജസ് കോർപറേഷനിലും കെ.ടി.ഡി.സിയിലും പിൻവാതിൽ നിയമനം ഉറപ്പ് നൽകിയ സരിത എസ് നായർ മന്ത്രിമാരുടെയടക്കം പേരുപറഞ്ഞ് 317തവണ തന്നെ വിളിച്ചതായി പരാതിക്കാരൻ അരുണിന്റെ വെളിപ്പെടുത്തൽ.
സെക്രട്ടേറിയറ്റ് ജീവനക്കാരിയെന്ന പേരിലാണ് സംസാരിച്ചു തുടങ്ങിയത്. ശബ്ദം കേട്ടാണ് സരിതയാണെന്ന് തിരിച്ചറിഞ്ഞത്. മന്ത്റിമാരുടെ പ്രോഗ്രാം ഷെഡ്യൂളടക്കം പറഞ്ഞെന്നും അന്വേഷണത്തിൽ പലതും ശരിയെന്ന് ബോധ്യമായെന്നും അരുൺ പറഞ്ഞു. നിയമനം നടത്തി കമ്മിഷനെടുക്കാൻ പാർട്ടി അനുവദിച്ചിട്ടുണ്ടെന്നും സോളാർ തട്ടിപ്പിൽ കൂടെ നിന്നതിനുള്ള ഓഫർ ആണെന്നും സരിത പറഞ്ഞതായി അരുൺ വെളിപ്പെടുത്തി. നാലുപേർക്ക് ആരോഗ്യകേരളം പദ്ധതിയിൽ ജോലി നൽകിയിട്ടുണ്ടെന്നും സരിത അവകാശപ്പെട്ടു.
ശബ്ദരേഖ ഒരു വർഷമായി നെയ്യാറ്റിൻകര പൊലീസിന്റെ കൈവശം ഉണ്ടെങ്കിലും ആധികാരികത പരിശോധിച്ചിട്ടില്ലെന്നാണു പൊലീസ് പറയുന്നത്. കേസെടുത്തെങ്കിലും തുടർ നടപടിയുണ്ടായില്ല. കെ.ടി.ഡി.സിയിലും ബെവ്‌കോയിലും ജോലി വാഗ്ദാനം ചെയ്തു നെയ്യാറ്റിൻകര സ്വദേശികളായ രണ്ടു യുവാക്കളിൽ നിന്നു സരിതയും കൂട്ടരും 16 ലക്ഷത്തോളം രൂപ തട്ടിച്ചെന്നാണ് പരാതി.
കാണാതെ എങ്ങനെ പണം തന്നു:സരിത
അതേസമയം, 317 തവണ വിളിച്ചു, സംസാരിച്ചു എന്നതെല്ലാം അംഗീകരിച്ചാലും ശബ്ദരേഖയിലെ കാര്യങ്ങളാണു സംസാരിച്ചത് എന്നാവണമെന്ന് നിർബന്ധമില്ലെന്ന് സരിത വ്യക്തമാക്കി. പരാതിക്കാരൻ തന്നെ കണ്ടിട്ടില്ലെന്നാണ് പൊലീസിനു നൽകിയ മൊഴി. ഒരിക്കലും തന്നെ കണ്ടിട്ടില്ല എന്നു മാദ്ധ്യമങ്ങളോടും പറഞ്ഞിട്ടുണ്ട്. കാണാതെ എങ്ങനെ പണം തന്നു എന്നാണ് പറയുന്നത്? അരുൺ എന്നൊരാൾ പണം തന്നതിന്റെ രേഖകളില്ല. രണ്ടു വർഷത്തെ മുഴുവൻ രേഖകളും പരിശോധിച്ചിട്ടും ഈ പേരിൽ ഒരാൾ അക്കൗണ്ടിൽ പണം ഇട്ടതു കണ്ടിട്ടില്ല. രണ്ടുമൂന്നാഴ്ചയായി പലരും തന്നെ വിളിച്ച് സി.ബി.ഐ അന്വേഷണത്തിൽ മൊഴി കൊടുക്കരുതെന്നു പറഞ്ഞ് ബ്ലാക്ക്‌മെയിൽ ചെയ്യുന്നുണ്ട്. കേസിൽനിന്നു പിൻമാറണം, ഉമ്മൻചാണ്ടിയെ എന്തിനാണ് ഉൾപ്പെടുത്തിയതു തുടങ്ങി വിളികൾ വരുന്നുണ്ട്. നിയമത്തിന്റെ വഴിയേ പോകുമ്പോൾ ഇതൊന്നും പരിഗണിക്കേണ്ടതില്ലെന്നും സരിത പറഞ്ഞു.