
തിരുവനന്തപുരം: എൻ.സി.പി നേതൃത്വം തുണച്ചില്ലെങ്കിലും, പാലാ സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രഖ്യാപിച്ച മാണി സി. കാപ്പന്റെ യു.ഡി.എഫ് ചേക്കേറൽ ഉറച്ചതായി സൂചന. 14ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരളയാത്ര പാലായിലെത്തുമ്പോൾ കാപ്പൻ സ്വീകരിക്കുമെന്നാണറിയുന്നത്. തുടർന്ന് യു.ഡി.എഫ് പിന്തുണയിൽ പാലായിൽ സ്ഥാനാർത്ഥിയാകും. ഇതിന് മുന്നോടിയായി കഴിഞ്ഞദിവസം തുടങ്ങാനിരുന്ന മണ്ഡല പ്രചാരണജാഥയും കാപ്പൻ ഉപേക്ഷിച്ചിരുന്നു.
അതേസമയം ഇക്കാര്യത്തിൽ എൻ.സി.പി ദേശീയ നേതൃത്വത്തിന്റെ നിലപാടറിയാനും ആകാംക്ഷയേറി. ദേശീയ ജനറൽസെക്രട്ടറി പ്രഫുൽ പട്ടേൽ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ നിലപാട് പ്രഖ്യാപിക്കുമെന്നാണ് കണക്കുകൂട്ടൽ. ശരദ് പവാറിനെ മുൻനിറുത്തി അഖിലേന്ത്യാതലത്തിൽ ഇടതുപക്ഷം ഒരു മൂന്നാം ബദലിനുള്ള നീക്കത്തിലാണ്. ഇതാണ് ഇടതുമുന്നണി വിടുന്നതിൽ എൻ.സി.പി കാട്ടുന്ന വിമുഖതയ്‌ക്ക് കാരണമെന്നാണ് വിലയിരുത്തൽ. കാപ്പനോട് അനുഭാവമുണ്ടെങ്കിലും മുന്നണി വിടാൻ എൻ.സി.പിക്ക് അത്ര താത്പര്യമില്ല.
എന്നാൽ സിറ്റിംഗ് സീറ്റിൽ വീട്ടുവീഴ്ച വേണ്ടെന്ന കാപ്പന്റെ നിലപാടിനെ സംസ്ഥാനഘടകത്തിൽ വലിയ വിഭാഗം പിന്തുണയ്ക്കുന്നുമുണ്ട്. കാപ്പനോടൊപ്പം അവരും യു.ഡി.എഫിൽ പോകുമോയെന്നും നേതൃത്വം ഉറ്റുനോക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കോട്ടയത്ത് ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ, പാലാ സീറ്റിനായി കാപ്പൻ അവകാശവാദമുന്നയിക്കുന്നുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. വിലപേശലുകൾക്ക് നിന്നു കൊടുക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം, കാപ്പൻ യു.ഡി.എഫുമായി നടത്തുന്ന രഹസ്യചർച്ചകളെ സൂചിപ്പിച്ചാണെന്നാണ് സംസാരം.
അതിനിടെ പവാറുമായി വീണ്ടും കൂടിക്കാഴ്ചയ്ക്കായി കാപ്പൻ ഇന്നലെ ഡൽഹിയിലെത്തി. നേരത്തേ വിഷയം സി.പി.എം ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, തന്റെ പരമാവധി ശ്രമിക്കാമെന്നും ഇതൊരുറപ്പായി എടുക്കരുതെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്നാൽ, പിന്നീട് തീരുമാനമൊന്നും ഉണ്ടാകുന്നില്ലെന്നാണ് പരിഭവം. പാലായുടെ കാര്യത്തിൽ സി.പി.എം നേതൃത്വം ഉറപ്പ് പറയാത്തതും എൻ.സി.പി സംസ്ഥാന നേതൃത്വത്തെ വിഷമിപ്പിക്കുന്നുണ്ട്.