cpm

ജില്ലയിലെ സിറ്റിംഗ് അംഗങ്ങളിൽ സത്യനൊഴിച്ചുള്ളവർക്ക് വീണ്ടും സാദ്ധ്യത

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കഴിഞ്ഞ തവണ ജനാധിപത്യ കേരള കോൺഗ്രസ് മത്സരിച്ച തിരുവനന്തപുരം സീറ്റ് ഇത്തവണ സി.പി.എം ഏറ്റെടുത്തേക്കും. ഇതുൾപ്പെടെ ജില്ലയിലെ 11 സീറ്റുകളിലും സി.പി.എം മത്സരിക്കും.

നെടുമങ്ങാട്, ചിറയിൻകീഴ് മണ്ഡലങ്ങളിൽ സി.പി.ഐയും, കോവളത്ത് ജനതാദൾ-എസുമാവും മത്സരിക്കുക. മറ്റ് ജില്ലകളിൽ മാണിഗ്രൂപ്പിനും, ലോക് താന്ത്രിക് ജനതാദളിനുമായി കൂടുതൽ വിട്ടുവീഴ്ച ചെയ്യേണ്ടി വരുക സി.പി.എമ്മിനായതിനാൽ, കുറവ് നികത്താനാണ് മറ്റ് ചെറുകക്ഷികൾക്ക് സീറ്റുകളുടെ എണ്ണം കുറയ്ക്കാൻ നീക്കം . കഴിഞ്ഞ തവണ നാലിടത്ത് മത്സരിച്ച ജനാധിപത്യ കേരള കോൺഗ്രസിന് ഇക്കുറി ഒരു സീറ്റ് മാത്രമായി ചുരുക്കിയേക്കും. ഫ്രാൻസിസ് ജോർജ് വിഭാഗം പിളർന്നു പോയതോടെ, ആ പാർട്ടി ശുഷ്കമായെന്ന് ഇടതുമുന്നണി കാണുന്നു. മിക്കവാറും ചങ്ങനാശ്ശേരിയാവും വിട്ടുനൽകുക.

സംവരണ മണ്ഡലമായ ആറ്റിങ്ങലിൽ തുടർച്ചയായി രണ്ട് ടേം പൂർത്തിയാക്കിയ ബി. സത്യന് പകരം, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി വിനീഷിനെ കളത്തിലിറക്കിയേക്കും. തിരുവനന്തപുരം ഏറ്റെടുത്താൽ ചാല ഏരിയാ സെക്രട്ടറി അഡ്വ.ബി. സുന്ദറിന്റെ പേരിനാണ് മുൻതൂക്കം. തുടർച്ചയായി മത്സരിച്ചവർക്ക് ഇളവനുവദിച്ചാൽ നേമത്ത് വി. ശിവൻകുട്ടി വീണ്ടും സ്ഥാനാർത്ഥിയായേക്കും. മറ്റ് സിറ്റിംഗ് സീറ്റുകളിൽ നിലവിലുള്ള എം.എൽ.എമാരാവും വീണ്ടും ജനവിധി തേടുക. അരുവിക്കരയിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിനെ പരിഗണിച്ചേക്കും. നേമത്തിന്റെയും, അരുവിക്കരയുടെയും ആറ്റിങ്ങലിന്റെയും കാര്യത്തിൽ പാർട്ടി സംസ്ഥാന സെന്ററിന്റെ നിലപാടും നിർണായകമാവും.

ഈ മാസം 13ന് ചേരുന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രാരംഭ ചർച്ചകൾ നടക്കും. സിറ്റിംഗ് എം.എൽ.എമാരിൽ പാറശാല- സി.കെ. ഹരീന്ദ്രൻ, നെയ്യാറ്റിൻകര- കെ. ആൻസലൻ, കഴക്കൂട്ടം- മന്ത്രി കടകംപള്ളി സുരേന്ദ്രൻ, വട്ടിയൂർക്കാവ്- വി.കെ. പ്രശാന്ത്, വാമനപുരം- ഡി.കെ. മുരളി, കാട്ടാക്കട- ഐ.ബി. സതീഷ്, വർക്കല- വി. ജോയി എന്നിവർ വീണ്ടും ജനവിധി തേടും.