
തിരുവനന്തപുരം: യു.എ.ഇ കോൺസൽ ജനറലായിരുന്ന ജമാൽ അൽ സാബിയുടെ ബാഗിൽ നിന്ന് പിടിച്ചെടുത്ത പത്ത് മൊബൈൽ ഫോണുകളും രണ്ട് പെൻഡ്രൈവുകളും കസ്റ്രംസ് സി-ഡാക്കിൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. സ്വർണം, ഡോളർ കടത്തുമായി ബന്ധപ്പെട്ട തെളിവുകൾ ഇതിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ. മൂന്നു വർഷത്തിനിടെ അൽ-സാബി ഉപയോഗിച്ചിരുന്നവയാണ് പത്ത് ഫോണുകൾ.ഡോളർ കടത്തിലെ രേഖകളടക്കം പെൻഡ്രൈവിലുണ്ടാവുമെന്നാണ് കസ്റ്റംസ് കരുതുന്നത്. മന്ത്രിയടക്കമുള്ള ഉന്നതർ അൽ-സാബിയുമായി നേരിട്ട് ഫോണിലും വാട്സാപ്പിലും ബന്ധപ്പെട്ടിരുന്നു. നീക്കംചെയ്ത ചാറ്റുകളടക്കം വീണ്ടെടുക്കുന്നത് അന്വേഷണത്തിൽ നിർണായകമായേക്കും. കൊവിഡ് പശ്ചാത്തലത്തിൽ ദുബായിലേക്ക് മടങ്ങിയ അൽ സാബിയെ യു.എ.ഇ മറ്റൊരു ചുമതലയിൽ നിയോഗിച്ചതായി സൂചനയുണ്ട്. അൽ-സാബിക്കും കോൺസുലേറ്റിലെ അറ്റാഷെ റഷീദ് ഖമീസ് അലി മുസൈയ്ഖരിക്കും സ്വർണം, ഡോളർ കടത്തിൽ ബന്ധമുണ്ടെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇരുവർക്കും നയതന്ത്ര പരിരക്ഷയുള്ളതിനാൽ കേസോ നടപടികളോ സാദ്ധ്യമല്ല. അറ്റാഷെയിൽ നിന്ന് സ്വർണക്കടത്തിന്റെ വിവരങ്ങളറിയാൻ എംബസി വഴി കസ്റ്റംസ് ചോദ്യാവലി കൈമാറിയെങ്കിലും ഇതുവരെ മറുപടിയില്ല.ഡോളർ കടത്തിൽ രാഷ്ട്രീയ ഉന്നതരടക്കം അൽ-സാബിയുമായി ബന്ധപ്പെട്ടതിന്റെ തെളിവുകളാണ് കസ്റ്റംസ് തേടുന്നത്. ദുബായിലേക്ക് അയയ്ക്കാൻ വിമാനത്താവളത്തിലെത്തിച്ച അൽ-സാബിയുടെ ബാഗ് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ നിർബന്ധപൂർവം പരിശോധിച്ച് ഫോണുകളും പെൻഡ്രൈവുകളും കസ്റ്റംസ് പിടിച്ചെടുക്കുകയായിരുന്നു.