rank-holders-strike

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ വിവിധ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷനുകൾ നടത്തുന്ന സമരം ശക്തമാകുന്നു. നിലപാടിൽ നിന്ന് പിന്മാറില്ലെന്നും മരണം വരെ സമരം തുടരുമെന്നുമാണ് ഇവരുടെ നിലപാട്. സി.പി.ഒ, ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാർത്ഥികൾ 15 ദിവസമായി സമരം തുടരുകയാണ്.
സർക്കാരിന്റെ യുവജന വഞ്ചന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരങ്ങൾക്ക് അഭിവാദ്യമർപ്പിക്കാൻ നിരവധി നേതാക്കളാണ് സമരപന്തലിലെത്തിയത്. കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ, ബി.ജെ.പി നേതാവും നടനുമായ കൃഷ്ണകുമാർ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ചു.

 മന്ത്രിമാരെ പുറത്തിറക്കില്ല: മാത്യു കുഴൽനാടൻ

പിഎസ്.സിയെ അവഗണിച്ച് പിൻവാതിൽ നിയമനം നടത്തുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കൊച്ചി മുതൽ സെക്രട്ടേറിയറ്റ് വരെ കോൺഗ്രസ്‌ നേതാവ് മാത്യു കുഴൽനാടൻ ബുള്ളറ്റിൽ പ്രതിഷേധ യാത്ര നടത്തി. സമരത്തിൽ രാഷ്ട്രീയമില്ലെന്നും പി.എസ്.സി ജോലിക്കായി കഠിനപരിശ്രമം നടത്തി കാത്തിരിക്കുന്ന യുവാക്കളെ സർക്കാർ അവഗണിച്ചാൽ കടുത്ത പ്രതിഷേധം നേരിടേണ്ടിവരുമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന നീതിയാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റാങ്ക് പട്ടികയിലുള്ളവരുടെ പ്രതിഷേധം വലിയ സമരമായി മാറും. ഉദ്യോഗാർത്ഥികളുടെ തുടർ സമരത്തെ പ്രതിപക്ഷം പിന്തുണയ്‌ക്കുമെന്നും അദ്ദേഹം പറഞ്ഞു.

 സമരത്തിൽ നിന്ന് പിന്നോട്ടില്ല: ലയ

സമരത്തിനിടെ പൊട്ടിക്കരയുന്ന ഫോട്ടോയിലൂടെ ശ്രദ്ധേയയായ റാങ്ക് ഹോൾഡേഴ്സ് നേതാവ് ലയ രാജേഷിനെതിരെ സൈബർ ആക്രമണം. ഇതിനെതിരെ ലയയും റാങ്ക് ഹോൾഡേഴ്സ് അംഗങ്ങളും പ്രതിഷേധവുമായി രംഗത്തെത്തി. പോസ്റ്റുകൾക്കെതിരെ നിയമനടപടി സ്വീകരിക്കും.

തളർന്ന് പിന്നോട്ട് പോകില്ലെന്നും അർഹമായ ജോലിക്ക് വേണ്ടിയാണ് സമരമെന്നും ലയ പറഞ്ഞു. എല്ലാം നഷ്ടപ്പെടുമെന്ന നിമിഷത്തിലാണ് കരഞ്ഞുപോയത്. സമൂഹമാദ്ധ്യമങ്ങളിൽ ആക്ഷേപിക്കുന്നതു പോലെ നാടകം കളിക്കാനല്ല ഇവിടെ വന്നത്. ഒരു പാർട്ടിയുടെയും ചട്ടുകമായല്ല പ്രവർത്തിക്കുന്നതെന്നും ലയ പറഞ്ഞു.