
തിരുവനന്തപുരം: ഒരു വിഭാഗം സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ഇന്ന് നടത്തുന്ന പണിമുടക്കിന് സർക്കാർ ഡയസ്നോൺ ബാധകമാക്കി. ഹാജരാകാത്തവരുടെ വേതനം മാർച്ചിലെ ശമ്പളത്തിൽ കുറവ് ചെയ്യും. ഹാജരാകാത്ത താത്കാലിക ജീവനക്കാരെ നീക്കംചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് മുമ്പ് വകുപ്പ് മേധാവികൾ ജീവനക്കാരുടെ എണ്ണം, ഹാജരായവരുടെ എണ്ണം, ഹാജരാകാത്തവരുടെ എണ്ണം, അവധി അനുവദിച്ചവരുടെ എണ്ണം എന്നിവ ക്രോഡീകരിച്ച് പൊതുഭരണ വകുപ്പിന്റെ ഇ മെയിലിൽ അയയ്ക്കണം. കളക്ടർമാർ 11.30 ന് മുമ്പ് ജില്ലയിലെ പ്രധാന ഓഫീസുകളുടെ പൊതുസ്ഥിതി ക്രോഡീകരിച്ച് പൊതുഭരണ വകുപ്പിന്റെ രഹസ്യവിഭാഗത്തിൽ അറിയിക്കണം.സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ഹാജർനില വകുപ്പിലെ അഡിഷണൽ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, സെക്രട്ടറി, സ്പെഷ്യൽ സെക്രട്ടറി എന്നിവർ അറിയിക്കണം. എല്ലാ വകുപ്പ് മേധാവികളും കളക്ടർമാരും പണിമുടക്കിന് തൊട്ടടുത്ത ദിവസം ഹാജർനിലയുടെ വിശദ റിപ്പോർട്ട് എന്നിവ പൊതുഭരണ വകുപ്പ് സെക്രട്ടറിക്ക് നൽകണമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
ശമ്പള പരിഷ്കരണത്തിലെ അട്ടിമറിക്കപ്പെട്ട സർവീസ് വെയിറ്റേജ് പുനഃസ്ഥാപിക്കുക, ഫിറ്റ്മെന്റ് ബെനിഫിറ്റ് 12 ശതമാനമാക്കുക, മെഡിസെപ്പ് ഉടൻ നടപ്പിലാക്കുക, ഗ്രാറ്റുവിറ്റി കേന്ദ്രത്തിലേതുപോലെ 20 ലക്ഷമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് യു.ഡി.എഫിന്റെ നേതൃത്വത്തിൽ പണിമുടക്കുന്നതെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ ജെ.ബെൻസി അറിയിച്ചു.