തിരുവനന്തപുരം: കോർപ്പറേഷൻ ഭരണം കുട്ടിക്കളിയാക്കരുതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.വി.രാജേഷ്. നഗരസഭയുടെ വികസന സെമിനാറിൽ പങ്കെടുക്കാതെ മേയർ കണ്ണൂരിലെ പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോയതിനെതിരെ ബി.ജെ.പി കൗൺസിലർമാർ നഗരസഭാ കവാടത്തിൽ നടത്തിയ ധർണയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നഗരസഭയുടെ സമഗ്ര വികസനത്തിന് തീരുമാനം എടുക്കേണ്ട വികസന സെമിനാറിൽ മേയർ പങ്കെടുക്കാത്തത് നഗരവാസികളോട് കാണിച്ച കൊടും വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. വികസന സെമിനാറിൽ പങ്കെടുക്കാത്തതിന് പച്ചക്കള്ളമാണ് മേയർ പറഞ്ഞത്. തൃശ്ശൂർ കിലയിൽ ട്രെയിനിംഗിനു പോയി എന്ന് പറഞ്ഞിട്ട് കണ്ണൂരിലെ താനൂർ ഏരിയാക്കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് മേയർ പോയതെന്നും രാജേഷ് പറഞ്ഞു. കൗൺസിലർമാരായ എം.ആർ.ഗോപൻ അദ്ധ്യക്ഷത വഹിച്ചു.തിരുമല അനിൽ,പി.അശോക് കുമാർ,അഡ്വ.ഗിരികുമാർ,കരമന അജിത് തുടങ്ങിയവർ സംസാരിച്ചു.