knowledge-mission

തിരുവനന്തപുരം: തൊഴിൽ,വ്യവസായ സംരംഭക മേഖലകളിൽ രാജ്യത്തും വിദേശത്തും യുവാക്കൾക്ക് വിപുലമായ അവസരങ്ങൾക്ക് ഉതകുന്ന കേരള നോളഡ്ജ് മിഷൻ എന്ന പുതിയ സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഉദ്ഘാടനം ചെയ്തു. അഞ്ച് വർഷത്തിനുള്ളിൽ 20ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യം. ജോലിയിൽ നിന്നു വിട്ടുനിൽക്കുന്നവർക്കും വനിതകളടക്കം അഭ്യസ്തവിദ്യരായ തൊഴിൽ രഹിതർക്കും ആഗോള തൊഴിൽദാതാക്കളുമായി നേരിട്ടു ബന്ധപ്പെടാം. knowledgemission.kerala.gov.in എന്ന പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.ഡേറ്റ അനലിറ്റിക്സ്, മെഷീൻ ലേണിങ്, നിർമ്മിത ബുദ്ധി, റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, ഫുൾ സ്റ്റാക്ക് ഡെലപ്‌മെന്റ്, സൈബർ സെക്യൂരിറ്റി, ഡിജിറ്റൽ കണ്ടന്റ് ക്രിയേഷൻ, മീഡിയ, സിന്തറ്റിക് ബയോളജി, ജെനിറ്റിക് എൻജിനീയറിംഗ് , അഗ്രികൾചറൽ കൺസൽട്ടിംഗ് തുടങ്ങിയ മേഖലകളിൽ പരിശീലനത്തിനും വിദേശങ്ങളിലെ സ്ഥാപനങ്ങളിൽ ജോലി തരപ്പെടുത്തികൊടുക്കാനും ഇൗ സംവിധാനത്തിനാകും.കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിനാണ് ഇതിന്റെ നിയന്ത്രണം.ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക് അധ്യക്ഷത വഹിച്ചു. കെ-ഡിസ്‌ക് ചെയർമാൻ ഡോ. കെ.എം എബ്രഹാം വിഷയാവതരണം നടത്തി. മന്ത്രിമാരായ ടി.പി രാമകൃഷ്ണൻ, ഡോ. കെ.ടി ജലീൽ, സംസ്ഥാന പ്ലാനിങ് ബോർഡ് വൈസ് ചെയർപേഴ്സൺ പ്രൊഫ. വി.കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഏണസ്റ്റ് ആൻഡ് യങ് ഇന്ത്യ ഓപറേഷൻസ് ഡയറക്ടർ റിചാർഡ് ആന്റണി. അഡ്വ. വി.കെ പ്രശാന്ത് എം.എൽ.എ, ഡോ. ശശി തരൂർ എം.പി, മേയർ ആര്യ രാജേന്ദ്രൻ, അഡി. ചീഫ് സെക്രട്ടറി ഡോ. വി വേണു, കുടുംബശ്രീ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്.ഹരികിഷോർ, ഐ.ടി സെക്രട്ടറി മുഹമ്മദ് വൈ സഫിറുല്ല, കേരള യൂണിവേഴ്സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജി വൈസ് ചാൻസലർ ഡോ.സജി ഗോപിനാഥ്, ഐ.സി.ടി അക്കാഡമി സി.ഇ.ഒ സന്തോഷ് കുറുപ്പ് എന്നിവർ പങ്കെടുത്തു.