saksharatha

തിരുവനന്തപുരം: സാക്ഷരതാ മിഷനിൽ ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ, അസിസ്റ്റന്റ് ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എന്നീ സാങ്കല്പിക തസ്തികകൾ സൃഷ്ടിച്ച് അമിതവേതനം അനുവദിച്ചെന്ന കേസിൽ വിജിലൻസിന്റെ രണ്ട് വിഭാഗങ്ങൾ അന്വേഷണം നടത്തുന്നതിനിടയിലാണ് ഈ തസ്തികകളിലടക്കം സ്ഥിരപ്പെടുത്തൽ ശുപാർശ സർക്കാരിന് മുന്നിലേക്കെത്തുന്നതെന്ന് സൂചന.

സാക്ഷരതാ മിഷനിൽ അംഗീകൃത തസ്തികകളില്ലെന്ന് 2017ൽ വിദ്യാഭ്യാസമന്ത്രി നിയമസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയിലുണ്ട്. പത്ത് വർഷം പൂർത്തിയാക്കിയവരെയാണിപ്പോൾ സ്ഥിരപ്പെടുത്തുന്നത്. സാക്ഷരതാ മിഷന്റെ ജില്ലാതല പ്രവർത്തനങ്ങളുടെ സാമ്പത്തികവും ഭരണപരവുമായ പൂർണ ചുമതല ജില്ലാ കോ-ഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്ന ജില്ലാ പ‌ഞ്ചായത്ത് സെക്രട്ടറിമാർക്കാണ്. ഇത് നിലനിൽക്കെയാണ്, 14 ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർമാരുടെയും 36 അസിസ്റ്റന്റ് പ്രോജക്ട് കോ-ഓർഡിനേറ്റർമാരുടെയും സാങ്കല്പിക തസ്തികകൾ സൃഷ്ടിച്ചതെന്നാണ് ആക്ഷേപം.