
തിരുവനന്തപുരം: അദ്ധ്യാപക നിയമനത്തിൽ ക്രമക്കേടില്ലെന്നും, യു.ജി.സി നിയമപ്രകാരമാണ് നിയമനങ്ങളെല്ലാം നടത്തിയതെന്നും ഗവർണർക്ക് സംസ്കൃത സർവകലാശാലാ വി.സി ധർമ്മരാജ് അടാട്ട് വിശദീകരണം നൽകി.
അക്കാഡമിക് യോഗ്യതകൾക്ക് പരമാവധി പരിഗണന നൽകി ഏറ്റവും യോഗ്യരായവരെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്. വൈസ് ചാൻസലർ മാർക്കിട്ടില്ല. മറ്റ് അംഗങ്ങൾ ഇട്ട മാർക്കുകളുടെ ആകെത്തുകയുടെ ശരാശരി കണക്കാക്കി റാങ്ക് ലിസ്റ്റ് തയ്യാറാക്കുകയാണ് ചെയ്തത്. ഓരോ ഉദ്യോഗാർത്ഥിയെയും അര മണിക്കൂർ സെലക്ഷൻ കമ്മിറ്റി ഇന്റർവ്യൂ നടത്തി. ഉദ്യോഗാർത്ഥിയുടെ ക്ലാസ്സെടുക്കാനുള്ള കഴിവ്, ക്ലാസ് റൂമിന്റെ അന്തരീക്ഷത്തിൽ വിദഗ്ദ്ധരുമായി ചർച്ച ചെയ്യുന്ന രീതി, അദ്ധ്യാപനത്തിലെ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പരിജ്ഞാനം, ആശയ വിനിമയത്തിനുള്ള കഴിവ് , ഗവേഷണമേഖലയിലെ പ്രാവീണ്യം എന്നിവ പരിശോധിച്ചാണ് മാർക്ക് നൽകിയത്. ഓരോ അംഗവും നൽകിയ മാർക്ക് വൈസ് ചാൻസലർക്ക് കൈമാറുകയും, അവ ക്രോഡീകരിച്ച് തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് സിൻഡിക്കേറ്റിനു സമർപ്പിക്കുകയും ചെയ്തു. സിൻഡിക്കേറ്റിന്റെ അംഗീകാരത്തോടെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും വി.സി വിശദീകരിച്ചു.