arif-mohammad-khan-

തിരുവനന്തപുരം: അദ്ധ്യാപക നിയമനത്തിൽ ക്രമക്കേടില്ലെന്നും, യു.ജി.സി നിയമപ്രകാരമാണ് നിയമനങ്ങളെല്ലാം നടത്തിയതെന്നും ഗവർണർക്ക് സംസ്കൃത സർവകലാശാലാ വി.സി ധർമ്മരാജ് അടാട്ട് വിശദീകരണം നൽകി.

അക്കാഡമിക് യോഗ്യതകൾക്ക് പരമാവധി പരിഗണന നൽകി ഏ​റ്റവും യോഗ്യരായവരെ തിരഞ്ഞെടുക്കുകയാണ് ചെയ്തത്. വൈസ് ചാൻസലർ മാർക്കിട്ടില്ല. മ​റ്റ് അംഗങ്ങൾ ഇട്ട മാർക്കുകളുടെ ആകെത്തുകയുടെ ശരാശരി കണക്കാക്കി റാങ്ക് ലിസ്​റ്റ് തയ്യാറാക്കുകയാണ് ചെയ്തത്. ഓരോ ഉദ്യോഗാർത്ഥിയെയും അര മണിക്കൂർ സെലക്ഷൻ കമ്മി​റ്റി ഇന്റർവ്യൂ നടത്തി. ഉദ്യോഗാർത്ഥിയുടെ ക്ലാസ്സെടുക്കാനുള്ള കഴിവ്, ക്ലാസ് റൂമിന്റെ അന്തരീക്ഷത്തിൽ വിദഗ്ദ്ധരുമായി ചർച്ച ചെയ്യുന്ന രീതി, അദ്ധ്യാപനത്തിലെ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള പരിജ്ഞാനം, ആശയ വിനിമയത്തിനുള്ള കഴിവ് , ഗവേഷണമേഖലയിലെ പ്രാവീണ്യം എന്നിവ പരിശോധിച്ചാണ് മാർക്ക് നൽകിയത്. ഓരോ അംഗവും നൽകിയ മാർക്ക് വൈസ് ചാൻസലർക്ക് കൈമാറുകയും, അവ ക്രോഡീകരിച്ച് തയ്യാറാക്കിയ റാങ്ക് ലിസ്​റ്റ് സിൻഡിക്കേ​റ്റിനു സമർപ്പിക്കുകയും ചെയ്തു. സിൻഡിക്കേ​റ്റിന്റെ അംഗീകാരത്തോടെയാണ് റാങ്ക് ലിസ്​റ്റ് പ്രസിദ്ധീകരിച്ചതെന്നും വി.സി വിശദീകരിച്ചു.