acharakkar

കാസർകോട്: ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളിലെയും കഴകങ്ങളിലെയും ആചാരസ്ഥാനികർക്കും കോലധാരികൾക്കും ദേവസ്വം ബോർഡ് നൽകുന്ന വേതനം മുടങ്ങിയിട്ട് മാസങ്ങളായി. അതോടൊപ്പം പ്രതിമാസ വേതനം ലഭിക്കുന്നതിനായി നൂറുകണക്കിന് സ്ഥാനികരും കോലധാരികളും അപേക്ഷ നൽകാൻ ഒരുങ്ങിയിട്ടും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. 1100 രൂപ വേതനം നൽകിയിരുന്നത് എൽ.ഡി.എഫ് സർക്കാർ 1200 രൂപയായി വർദ്ധിപ്പിച്ചിരുന്നു. തീയ്യ സമുദായ ക്ഷേത്ര സംരക്ഷണ സമിതി അടക്കമുള്ള സംഘടനകളുടെ ആവശ്യപ്രകാരം എം.എൽ.എമാരായ കെ. കുഞ്ഞിരാമനും എം. രാജഗോപാലനും സി. കൃഷ്ണനും അടക്കമുള്ളവർ നിയമസഭയിൽ ഇക്കാര്യം ഉന്നയിച്ചിരുന്നു. എൽ.ഡി.എഫ് സർക്കാർ ആനുകൂല്യം പ്രഖ്യാപിക്കുന്ന കാര്യത്തിൽ സഹായം ചെയ്തുവെങ്കിലും അഞ്ചു മാസങ്ങളായി വേതനം കിട്ടാത്തതിനാൽ വർദ്ധിപ്പിച്ച തുകയുടെ ആനുകൂല്യം ആചാരസ്ഥാനികർക്ക് ഇതുവരെ കിട്ടിത്തുടങ്ങിയിട്ടില്ല. ഉത്തരവ് ഇറങ്ങിയില്ലെന്ന കാരണം പറഞ്ഞാണ് അതും നിഷേധിക്കുന്നത്. നേരത്തെ കിട്ടിക്കൊണ്ടിരുന്ന വാർദ്ധക്യകാല പെൻഷൻ ഉൾപ്പെടെ റദ്ദാക്കിയാണ് സർക്കാർ ആചാരസ്ഥാനികർക്ക് വേതനം നൽകിവരുന്നത്. മാസങ്ങളായി ഇത് മുടങ്ങിയതിനാൽ വലിയ കഷ്ടതയിലാണ് ഈ വിഭാഗം. വേതനം ലഭിച്ചുകൊണ്ടിരിക്കെ മരണപ്പെടുന്ന സ്ഥാനികരുടെ ഒഴിവിലേക്ക് പാരമ്പര്യമായി മറ്റൊരാൾ ആചാരം കൊള്ളുകയും ആ സ്ഥാനം വഹിച്ചുവരികയും ചെയ്താലും അവർക്കും ഈ വേതനം നൽകുന്നില്ലെന്ന് പറയുന്നു. സമൂഹത്തിലെ എല്ലാ മേഖലകളിലെയും പെൻഷൻ തുക 1400 രൂപയാണ് 1600 രൂപയാണ് മറ്റും വർദ്ധിപ്പിക്കാൻ തയ്യാറായ സർക്കാർ സമൂഹത്തിലെ ദൈവതുല്യരായി കാണുന്ന ആചാരസ്ഥാനികരുടെയും കോലധാരികളുടെയും പെൻഷൻ തുകയിൽ ഒരു വർദ്ധനവും വരുത്തിയിട്ടില്ല. നിരവധി തവണ ദേവസ്വം ബോർഡ് ഓഫീസുകളുമായി ബന്ധപ്പെട്ടെങ്കിലും പുതിയ അപേക്ഷ സ്വീകരിക്കുന്ന കാര്യത്തിൽ വരെ നാളിതുവരെയായി ഒരു തീരുമാനവും കൈക്കൊള്ളാൻ അധികൃതർ തയ്യാറായിട്ടില്ല. കൊവിഡ് വ്യാപനത്തെ തുടർന്ന് വരുമാനം ഇല്ലാതാവുകയും മലബാർ ദേവസ്വം ബോർഡ് പ്രതിസന്ധിയിൽ ആയതിനാലുമാണ് ആചാരസ്ഥാനികരുടെ വേതനവും മുടങ്ങിയിരിക്കുന്നത് എന്നാണ് അധികൃതർ പറയുന്നത്. വരുമാനം നിലച്ചതിനാൽ ക്ഷേത്രങ്ങളിലെ ജീവനക്കാർക്ക് പോലും ശമ്പളം നൽകാൻ കഴിയുന്നില്ലെന്ന് പറയുന്നു. സർക്കാർ കനിഞ്ഞാൽ മാത്രമേ ക്ഷേത്രങ്ങളും ജീവനക്കാരുമെല്ലാം രക്ഷപ്പെടുകയുള്ളൂവെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.