ddd

ഓയൂർ: പൂയപ്പള്ളി പറണ്ടയിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയുടെ മരണം കൊലപാതകം. സംഭവത്തിൽ തെങ്കാശി സ്വദേശി ശങ്കറിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തു.

ചരുവിള വീട്ടിൽ പരേതനായ ഗോപിയുടെ ഭാര്യ ശാന്തയാണ് (60) കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.

മൃതദേഹത്തിൽ തലയിലും കൈയിലും കണ്ട ആഴത്തിലുള്ള മുറിവും കഴുത്തിൽ കയർ ഉരഞ്ഞതുപോലുള്ള പാടും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ ചെറിയ മുറിവുകളിലും സംശയം തോന്നി നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. ഇരുവരും മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുത‌ർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു.

പൊലീസ് പറയുന്നത്: പുനലൂർ ചാലിയക്കര എസ്റ്റേറ്റിൽ ജോലിക്കെത്തിയതായിരുന്നു ശങ്കർ. മാതാപിതാക്കളുടെ മരണശേഷം ലയത്തിൽ നിന്ന് പുറത്താക്കപ്പെട്ട ശങ്കർ ശാന്തയുടെ മൂത്ത സഹോദരി ഓമനയ്ക്കൊപ്പം കുറെനാൾ പുനലൂർ, ഐക്കരക്കോണം എന്നിവിടങ്ങളിൽ താമസിച്ചിരുന്നു. ഇതിനിടെയാണ് ശാന്തയുമായി പരിചയപ്പെട്ടത്. ഇടയ്ക്കിടെ പൂയപ്പള്ളിയിൽ ശാന്തയുടെ വീട്ടിലും ശങ്കർ വരാറുണ്ടായിരുന്നു.

ഒരുവർഷം മുൻപ് ഓമന മരിച്ചതോടെ അവിടെ നിന്നും പുറത്തായി. പിന്നീട് കടത്തിണ്ണകളിലാണ് അന്തിയുറങ്ങിയിരുന്നത്. കഴിഞ്ഞ ദിവസം കളപ്പയർ വിത്തുകൾ വിൽക്കാൻ പുനലൂരിൽ എത്തിയ ശാന്തയെ കാണുകയും ഇവരോടൊപ്പം ശങ്കർ വീട്ടിലേയ്ക്ക് പോരുകയുമായിരുന്നു.

ഞായറാഴ്ച രാവിലെ പൂയപ്പള്ളി പറണ്ടയിൽ ചില വീടുകളിൽ തേങ്ങയിട്ട് നൽകിയശേഷം ശാന്തയുടെ ബന്ധുവായ യുവാവിനൊപ്പം മദ്യപിച്ചു. തുടർന്ന് വൈകിട്ട് 7ഓടെ വീണ്ടും മദ്യം വാങ്ങി ശാന്തയ്ക്കൊപ്പം വീട്ടിലിരുന്ന് മദ്യപിച്ചു. സംസാരത്തിനിടെ ശാന്തയിൽ നിന്ന് ശങ്കർ കടം വാങ്ങിയ തുകയെ ചൊല്ലി തർക്കമുണ്ടായി അടിപിടിയിൽ കലാശിച്ചു. ഇതിനിടയിൽ ശങ്കർ അരയിൽ ചുറ്റിയിരുന്ന തോർത്ത് ശാന്തയുടെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.

സംഭവശേഷം വീട്ടിൽ തങ്ങിയ യുവാവ് പുലർച്ചെ അഞ്ചോടെ കാൽനടയായി കൊട്ടാരക്കരയിലെത്തി. അവിടെ നിന്ന് ബസിൽ പുനലൂരിലേയ്ക്ക് പോയി. തെങ്ങ് കയറ്റത്തിന് പോയശേഷം ബാറിലെത്തി മദ്യപിച്ചു. പൊലീസ് എത്തിയപ്പോഴേക്കും ഇവിടെ നിന്ന് പോയിരുന്നു. യുവാവ് വീണ്ടും മദ്യപിക്കാനെത്തുമെന്ന് വിവരം ലഭിച്ചതോടെ കാത്തുനിന്ന പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.