
തിരുവനന്തപുരം: കണക്കിലെ കളികൾ മാത്രമല്ല, കണക്കുള്ള പാട്ടും നൃത്തവും നാടകവുമൊക്കെ വേണുകുമാരൻ നായർക്ക് വഴങ്ങും. കളിയും കലയും കോർത്തിണക്കി കുട്ടികൾക്ക് ഗണിത പഠനം മധുരതരമാക്കുകയാണ് കുമാരപുരം യു.പി സ്‌കൂളിലെ ഈ പ്രഥമാദ്ധ്യാപകൻ. ഇതിനായി ഒരു പഠനപരിപാടിയും രൂപപ്പെടുത്തിയിട്ടുണ്ട്. മികച്ച അദ്ധ്യാപകനുള്ള ദേശീയ പുരസ്‌കാര ജേതാവാണ് വേണുകുമാരൻ മാഷ്.
ഏണിയും പാമ്പും സംഖ്യാ കാർഡുകളും വീഡിയോ ദൃശ്യങ്ങളുമൊക്കെയാണ് കളിയിലെ കരുക്കൾ. ഗുണനപ്പട്ടികയും ഗണിതക്രിയകളും സമവാക്യങ്ങളുമൊക്കെ പാട്ടായും സ്‌കിറ്റായും നൃത്തമായും അവതരിപ്പിക്കും. അവ വീഡിയോയിൽ പകർത്തി ആവർത്തിച്ച് ഉപയോഗിക്കാം. കലണ്ടറിലെ അക്കങ്ങൾ വെട്ടിയെടുത്ത് സംഖ്യാകാർഡുകളുണ്ടാക്കാം. ഇതൊക്കെ ഉപയോഗിച്ച് കുട്ടികൾക്ക് വീട്ടിൽ തന്നെ ഗണിത ലാബുണ്ടാക്കാം.
കൊവിഡ് കാലത്തെ വേണു മാഷിന്റെ ഗണിത പരീക്ഷണങ്ങളാണ് പാഠ്യപദ്ധതിയായത്. കുട്ടികൾക്ക് പഠനം എളുപ്പമാക്കുന്നതിനൊപ്പം കണക്കിനെ ജനകീയമാക്കുക എന്ന ലക്ഷ്യവുമുണ്ട്. ഇതിനായി
മാഷിന്റെ നേതൃത്വത്തിൽ പതിനായിരത്തിലധികം അംഗങ്ങളുള്ള മാത്‌സ് വേൾഡ് എന്ന സംഘടന സംസ്ഥാനത്തെമ്പാടും പ്രവർത്തിക്കുന്നുണ്ട്. സേവനം സൗജന്യമാണ്. ഗണിതാദ്ധ്യാപകർ, ഗ്രന്ഥകർത്താക്കൾ, രക്ഷിതാക്കൾ എന്നിവർക്കൊപ്പം, കുട്ടികളും ഉൾപ്പെടുന്ന കൂട്ടായ്‌മയാണിത്. സോഷ്യൽ മീഡിയയിലും ആയിരങ്ങൾ അംഗങ്ങളായുള്ള ഗ്രൂപ്പുകളുണ്ട്. തിരുവനന്തപുരം ജില്ലയിലെ വിദ്യാലയങ്ങളിലായി 500ഓളം ഗണിത ക്ലാസുകൾ സംഘടിപ്പിച്ചു. ഓൺലൈനിലൂടെയും അല്ലാതെയും പഠനം സാദ്ധ്യമാണ്.
പ്രവർത്തനം ഇങ്ങനെ
എല്ലാ ദിവസവും ഗണിത പ്രശ്നങ്ങൾ നൽകും.
നിശ്ചിതസമയത്തിനകം ഉത്തരം നൽകണം.
 കുട്ടികൾക്കും അദ്ധ്യാപകർക്കും ശില്പശാലകൾ
കലകളിലൂടെ ഗണിതപഠനവും അവതരണവും
മത്സര പരീക്ഷകൾക്ക് സഹായം
സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് ധനസഹായം
വിദ്യാലയങ്ങളിലും വീടുകളിലും ഗണിത ലാബുകൾ
അദ്ധ്യാപകർക്ക് പഠനബോധന തന്ത്രങ്ങൾ നൽകും
കുട്ടികൾക്ക് സൗജന്യ ഗണിത ക്ലാസുകൾ
അവാർഡുകൾ
@2013ൽ മികച്ച അദ്ധ്യാപകനുള്ള രാഷ്ട്രപതിയുടെ അവാർഡ്.
@രാഷ്ട്രീയ രത്തൻ അവാർഡ്, ഗ്ലോബൽ ടീച്ചേഴ്സ് അവാർഡ്, ഇന്ത്യൻ ഇക്കണോമിക് സൊസൈറ്റി അവാർഡ്.
ഗണിതം ലളിതമാക്കാൻ
ഗണിതമാന്ത്രികം, ഗുണനം രസകരം, ഭിന്നങ്ങളുടെ ആത്മകഥ എന്നീ ഗ്രന്ഥങ്ങൾ രചിച്ചു. ഗണിത പാഠപുസ്തകങ്ങളുടെ രചനാസമിതിയിൽ നിരവധി വർഷം അംഗമായിരുന്നു.
സർക്കാരിന്റെ മാത്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾക്ക് താത്പര്യം ഹൈസ്‌കൂൾ ഗണിതത്തിലാണ്. പ്രൈമറി ക്ലാസുകളിൽ ഗുണനപ്പട്ടികയടക്കമുള്ള ബാലപാഠങ്ങൾ മനസിലാക്കാതെയാണ് മിക്ക കുട്ടികളും ഹൈസ്‌കൂളിൽ എത്തുന്നത്. ഈ അവസ്ഥ മാറണം.
-വേണുകുമാരൻ നായർ