
തിരുവനന്തപുരം : സി.പി.ഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളിൽ അഞ്ചു പേർ സെക്രട്ടേറിയറ്റിന് മുന്നിലെ കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് താഴെയിറക്കിയ ശേഷം അറസ്റ്റ് ചെയ്‌തു.
സി.പി.ഒ റാങ്ക് ഹോൾഡേഴ്‌സിന്റെ നേതൃത്വത്തിൽ നിയമനം ആവശ്യപ്പെട്ട് പ്രതീകാത്മക ശവമഞ്ജം ഒരുക്കി നടന്ന പ്രതിഷേധത്തിനിടെയായിരുന്നു ആത്മഹത്യാ ഭീഷണി. അറസ്റ്റ് ചെയ്തതോടെ വിവിധ റാങ്ക് റാങ്ക് ലിസ്റ്റിലുൾപ്പെട്ടവർ സെക്രട്ടേറിയേറ്റിന് മുന്നിലെ റോഡിൽ നിരന്ന് പ്രതിഷേധം തുടങ്ങി. ഇതോടെ ഏറെനേരം ഗതാഗതം തടസപ്പെട്ടു. തുടർന്ന് ബി.ജെ.പി പ്രവർത്തകർ ഇവരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റിന് മുന്നിലെത്തി .
അഭിവാദ്യമർപ്പിച്ച് എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ബാരിക്കേഡ് തള്ളിമാറ്റി അകത്തേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. രണ്ടുവട്ടം ജലപീരങ്കി പ്രയോഗിച്ചു. ഒരു പ്രവർത്തകന് പരിക്കേറ്റു. ഇയാളെ പിന്നീട് പൊലീസ് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.. ഇന്നലെ രാത്രി എട്ടരമണിയോടെയാണ് അൻപതോളം പേർ സെക്രട്ടറിയേറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. ഇതോടെ ഏറെനേരം സെക്രട്ടേറിയേറ്റ് പരിസരം സംഘർഷഭരിതമായി. സമരക്കാർ മുഖ്യമന്ത്രിയുടെ കോലവും കത്തിച്ചു.