
ആലുവ: മണ്ണറിഞ്ഞ് വിത്തിട്ട് നൂറുമേനി വിളവെടുത്തതിന് റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ കൃഷിയിടത്തിന് അംഗീകാരം. ജില്ലയിൽ പൊതുമേഖലയിലെ മികച്ച മൂന്നാമത്തെ കൃഷിയിടത്തിനുള്ള അവാർഡാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ കൃഷിയിടത്തിന് ലഭിച്ചത്. കാർഷിക വികസന കർഷകക്ഷേമ വകുപ്പാണ് അവാർഡ് ഏർപ്പെടുത്തിയത്.
വളപ്പിലെ സ്ഥലത്ത് വെണ്ട, പയർ, വഴുതന, കാബേജ്, ചീര എന്നിവയാണ് നട്ടത്. വളമിട്ടതും വെളളമൊഴിച്ചതുമൊക്കെ എസ്.പിയുടെ നേതൃത്വത്തിലായിരുന്നു. നൂറുമേനിയായിരുന്നു ആദ്യവിളവ്. കായ്‌കനികളെല്ലാം സൗജന്യമായി വിതരണം ചെയ്തു. നാടിനെ പഴയ കാർഷികസംസ്‌കാരത്തിലേക്ക് തിരിച്ചുനടത്തുകയാണ് ലക്ഷ്യമെന്ന് എസ്.പി പറഞ്ഞു. കൊറോണക്കാലത്ത് എസ്.പി ആവിഷ്‌കരിച്ച കിച്ചൻ ഗാർഡൻ ചാലഞ്ച് കേരളം മുഴുവൻ ശ്രദ്ധിക്കപ്പെട്ട പദ്ധതിയാണ്. ഒരു മുറം പച്ചക്കറി നമ്മുടെ തൊടിയിൽനിന്നുതന്നെ വിളവെടുക്കുന്ന പദ്ധതി മുഴുവൻ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിച്ചിരുന്നു.