psc

കേരളത്തിൽ മാറിമാറി വരുന്ന സർക്കാരുകൾ ഭരണകക്ഷി നേതാക്കളുടെ ബന്ധുക്കൾക്കും നേതാക്കന്മാരെ താങ്ങി നടക്കുന്നവർക്കും സാമ്പത്തികനേട്ടം ഉണ്ടാക്കിക്കൊടുക്കുകയും സർക്കാർ ജോലി തരപ്പെടുത്തി കൊടുക്കുകയും ചെയ്യുന്നത് ഒരു കീഴ്‌വഴക്കവും ഭരണാധികാരികളുടെ അവകാശവുമായി മാറിയിട്ടുണ്ട്. പതിറ്റാണ്ടുകളായി ഒരു മുന്നണി ഭരണത്തിലിരിക്കുമ്പോൾ ഇതിനെതിരെ എതിർ മുന്നണി യുവജന വിദ്യാർത്ഥി സംഘടനകളെക്കൊണ്ട് പേരിന് ചില സമരങ്ങൾ നടത്തുന്നതും പുതുമയല്ലാതായി. ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവതീയുവാക്കൾ ഉന്നതബിരുദങ്ങളും നേടി വേഴാമ്പലിനെപ്പോലെ തൊഴിലിനുവേണ്ടി കാത്തിരിക്കുമ്പോഴാണ് യാതൊരുവിധ പരീക്ഷയോ അഭിമുഖമോ ഒന്നും നേരിടാതെ, ഏതെങ്കിലും സ്ഥാപനത്തിൽ ദിവസക്കൂലി, കരാർ വ്യവസ്ഥ തുടങ്ങിയ പേരുകളിൽ കയറിക്കൂടുന്നത്. ഏതാനും വർഷങ്ങൾ കഴിയുമ്പോൾ രാഷ്ട്രീയത്തിലെ പിടിപാടനുസരിച്ച് ഇല്ലാത്ത തസ്തിക സൃഷ്ടിച്ച് അതിൽ സ്ഥിരനിയമനം നേടുന്നു. തുടർന്ന് ജോലിക്കുചേർന്ന ദിവസം മുതലുള്ള ശമ്പളക്കുടിശികയും വാർഷിക ഇൻക്രിമെന്റുകളുമടക്കം നേടിയെടുക്കുന്നു.

കേരളത്തിൽ ഏതാണ്ട് നൂറിൽപ്പരം മിഷൻ, ബോർഡ്, കോർപ്പറേഷൻ, കമ്മിഷൻ, അതോറിട്ടി തുടങ്ങിയ പേരുകളിലറിയപ്പെടുന്ന അർദ്ധസർക്കാർ സ്ഥാപനങ്ങളുണ്ട്. അവയെല്ലാം തന്നെ ഒരു സമാന്തര സർക്കാരായിട്ടാണ് വാഴുന്നത്. അവയിൽ ചിലതിലേക്കുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടിട്ടുണ്ടെന്നു പറയുമ്പോഴും മിക്കതിലും ഇപ്പോഴും പിൻവാതിൽ നിയമനങ്ങളാണ് നടക്കുന്നത്.

അപേക്ഷ അയയ്ക്കാത്തവരെപ്പോലും യൂണിവേഴ്സിറ്റിയിൽ അസിസ്റ്റന്റായി നിയമിച്ചതിനെതിരെ എല്ലാ നിയമസ്ഥാപനങ്ങളും അത്തരത്തിൽ നിയമിച്ചവരെ പിരിച്ചുവിടണം എന്നു പറഞ്ഞിട്ട് ഒരു നടപടിയും സ്വീകരിച്ചില്ല.

പുന്തലത്താഴം സുരേഷ്‌ബാബു

തിരുവനന്തപുരം - 10