darman

ബാലുശ്ശേരി: യു.ഡി.എഫിന് ബാലികേറാമലയായ ബാലുശ്ശേരി നിയോജക മണ്ഡലം പിടിച്ചെടുക്കാൻ യു.ഡി.എഫ്. സിനിമാ താരം ധർമ്മജൻ ബോൾഗാട്ടിയെ തന്നെ ഇറക്കുമെന്ന് ഉറപ്പായി. ഇതിനോടകം തന്നെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി പൊതു പരിപാടികളിൽ ധർമ്മജൻ പങ്കെടുത്തിരുന്നെങ്കിലും ഇന്നലെയാണ് രാഷ്ട്രീയ പരിപാടിയിൽ നേരിട്ടെത്തിയത്. കോൺഗ്രസ് 96ാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മനോജ് കുന്നോത്തിന്റെ 48 മണിക്കൂർ ഉപവാസ സമരം ഉദ്ഘാടനം ചെയ്തത് ധർമ്മജനായിരുന്നു.
ബാലുശ്ശേരിയിൽ മത്സര രംഗത്ത് ഉണ്ടാവുമോ എന്ന ചോദ്യത്തിന് ഞാൻ കോൺഗ്രസുകാരനാണെന്നും പാർട്ടി പറഞ്ഞാൽ ഏതു മണ്ഡലത്തിൽ മത്സരിക്കാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പല സിനിമാ താരങ്ങളും രാഷ്ട്രീയ നിലപാട് വ്യക്തമാക്കാറില്ലെങ്കിലും ഞാൻ പറയും എന്നും അദ്ദേഹം പറഞ്ഞു. ഇത് ഇടതു മുന്നണിക്ക് വേരുറപ്പുള്ള മണ്ഡലമാണെന്ന ചോദ്യത്തിന് തോൽവിയും വിജയവും ഒരു പ്രശ്നമല്ലെന്നും പാർട്ടി പറയുന്നിടത്ത് മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ബാലുശ്ശേരിയിൽ ഒരു മാറ്റം ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് ടേമുകളിൽ ഇവിടെ പുരുഷൻ കടലുണ്ടി എം.എൽ.എയാണ് വിജയിച്ചത്. കഴിഞ്ഞ 15,000 ലധികം വോട്ടിന്റെ ഭൂരിപക്ഷവും അദ്ദേഹം നേടിയിരുന്നു. സംവരണ മണ്ഡലമാകുന്നതിന് മുമ്പ് എൻ.സി.പി.യാണ് ഇവിടെ മത്സരിച്ചിരുന്നത്. ഒരു ടേം മന്ത്രി എ.കെ. ശശീന്ദ്രനും അതിനു മുമ്പ് എ.സി.ഷൺമുഖദാസും തുടർച്ചയായി വിജയിച്ച മണ്ഡലമായിരുന്നു.സംവരണ മണ്ഡലമായതോടെ ഈ സീറ്റ് എൻ.സി.പി.യിൽ നിന്ന് സി.പി.എം. ഏറ്റെടുക്കുകയായിരുന്നു. ബാലി തപം ചെയ്ത മണ്ണിൽ ഇത്തവണ താരപരിവേഷമുണ്ടാകുമോ ?എന്ന ചോദ്യം ഇപ്പോഴും ബാക്കിയായി നില്ക്കുകയാണ്.