
നെയ്യാറ്റിൻകര: സ്ഥിരമായി ഭാരംകയറ്റിയ ലോറികൾ കടന്നുപോകതുന്ന പാലക്കടവ് പാലം അപകട ഭീഷണിയിൽ. പാലത്തിന്റെ പ്രധാന തൂണുകൾക്ക് വിള്ളൽ വീണു. ഓരോ യാത്രക്കാരും ഈ വഴി കടന്നുപോകുന്നത് ഭയത്തോടെയാണ്. ഏത് നിമിഷവും നിലംപൊത്തുമെന്ന അവസ്ഥയിലാണ് പാലം. തമ്പാനൂർ രവി എം.എൽ.എ അയിരിക്കെ 1991-96 ൽ 85 ലക്ഷം രൂപ ചെലവാക്കിയാണ് പാലം നിർമ്മിച്ചത്. അന്നുമുതൽ നൂറുകണക്കിന് ലോറികളിലും ടിപ്പറുകളിലും കൂറ്റൻ കരിക്കല്ലുകളും ടൺകണക്കിന് വരുന്ന സാധന സാമഗ്രികളും നിറച്ച് ഇതുവഴി കടന്നു പോകുന്നതാണ് പാലത്തിന് ഭീഷണിയാകാൻ കാരണം. പാലത്തിൽ രണ്ടു പ്രധാന സംരക്ഷണ തൂണുകൾക്കാണ് പൊട്ടൽ സംഭവിച്ചിട്ടുള്ളത്. പൊട്ടിപ്പൊളിഞ്ഞ തൂണിന്റെ കോൺക്രീറ്റ് ഇളകി മാറി ഇരുമ്പ് കമ്പികൾ പുറത്തു കാണാം. ഈ രീതിയിൽ ഭാരം കയറ്റിയ വാഹനങ്ങൾ കടന്നു പോയാൽ പാലം തന്നെ നിലംപതിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്. ഒപ്പം സാധാരണ വാഹനങ്ങൾക്കും കാൽനടയാത്രാക്കാർക്കും ഭീഷണിയാണ്.
നികുതിപ്പണവും നഷ്ടം
തമിഴ്നാട്ടിൽ നിന്നും പാറശാല വഴി കടന്നു വരുന്ന വാഹനങ്ങൾ അമരവിള ഗണപതി ക്ഷേത്ര റോഡു വഴി രാമേശ്വരം ഭാഗത്തെത്തി കടന്നു പോകവുകയാണ് പതിവ്. പെരുങ്കടവിള ഭാഗത്തു നിന്നും ഭാരം കയറ്റി വരുന്ന വാഹനങ്ങളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. അമരവിള ചെക്ക് പോസ്റ്റിൽ എത്താതെ ഇത്തരത്തിൽ വാഹനം കടന്നുപോകുന്നതു കാരണം ചെക്ക് പോസ്റ്റിൽ അടയ്ക്കേണ്ട നികുതി ഇനത്തിലുള്ള വൻതുകയും സർക്കാരിന് നഷ്ടമാകുന്നുണ്ട്. രാമേശ്വരം ചെക്ക് പോസ്റ്റിലാകട്ടെ നികുതി പണം ഈടാക്കുന്നുമില്ല. പാലത്തിന്റെ ശോചനീയാവസ്ഥ യാത്രാക്കാരെയും ആശങ്കപ്പെടുത്തുകയാണ്.
1. 10 വർഷങ്ങൾക്ക് മുൻപ് കോടതിനട രാമേശ്വരം റോഡിലൂടെ ഭാരം കയറ്റിയ വാഹനങ്ങളുടെ യാത്ര ലോകായുക്ത കോടതി നിരോധിച്ചിരുന്നു.
2. ഇത് ലംഘിച്ചാണ് നിലവിലെ വാഹനങ്ങളുടെ യാത്ര
3. അമിതഭാരം കാരണം കോടതിനട മുതൽ അമരവിള റെയിൽവേ ക്രോസ്ജംഗ്ഷൻ വരെയുള റോഡിന്റെ പല ഭാഗവും പൊട്ടിപ്പൊളിഞ്ഞു.
4. പാലക്കടവിൽ എക്സൈസ് സെയിൽസ് ടാക്സ് വിഭാഗത്തിന്റെ ചെക്ക് പോസ്റ്റ് പ്രവർത്തിക്കുന്നുണ്ടെങ്കിലും ഭാരം കയറ്റിയ വാഹനങ്ങൾക്ക് നിയന്ത്രണമില്ല