
താരസംഘടനയായ 'അമ്മ'യുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ വനിതാ എക്സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസും രചന നാരായണൻകുട്ടിയും ഇരിപ്പിടമില്ലാതെ നിൽക്കുന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. എഡിറ്റർ സൈജു ശ്രീധരൻ, പാർവതി തിരുവോത്ത് എന്നിങ്ങനെ പലരും ഇതിനെ വിമർശിച്ചെത്തി. സെൻസ്‌ലെസ് എന്നേ ഈ വിവാദങ്ങളെ വിളിക്കാൻ സാധിക്കുകയുള്ളു എന്നാണ് രചന ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയത്. പാർവതി നിങ്ങൾക്ക് വേണ്ടിയാണ് സംസാരിച്ചത്, അത് ഒരിക്കൽ മനസിലാകുമെന്നും രചനയുടെ പോസ്റ്റിന് ഒരാൾ കമന്റ് ചെയ്തിരുന്നു. എന്നാൽ, എനിക്ക് വേണ്ടി ആരും സംസാരിക്കേണ്ട... ഇത് എന്റെ ശബ്ദമാണ് എന്നാണ് രചനയുടെ മറുപടി. പാർവതി പറഞ്ഞത് നിങ്ങൾക്ക് കൊണ്ടൂ എന്നല്ലേ ഇതിൽ നിന്നും വ്യക്തമാകുന്നത് എന്ന കമന്റിന് 'ആരാണ് ഈ പാർവതി' എന്ന മറുപടിയാണ് രചന നൽകിയിരിക്കുന്നത്. ആണുങ്ങൾ വേദികളിൽ ഇരിക്കുകയും സ്ത്രീകൾ സൈഡിൽ നിൽക്കുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടരുകയാണെന്നാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പാർവതി പ്രതികരിച്ചത്. വിമർശനബുദ്ധി നല്ലതാണ് എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ലെന്നാണ് രചന പറയുന്നത്. അതേസമയം, സംഘടനയിൽ ഒരു അംഗത്തെയും ആരും മാറ്റി നിർത്തിയിട്ടില്ല, പല തവണ വേദിയിൽ ഇരിക്കാൻ ആവശ്യപ്പെട്ടിട്ടും തിരക്കുകൾ കൊണ്ട് മാറി നിന്നതാണ് എന്നാണ് ഹണി റോസ് പ്രതികരിച്ചത്. സ്ത്രീകൾ എന്ന നിലയിൽ ഒരു വിവേചനവും അമ്മയിൽ ഇല്ലെന്നും ഹണി പറഞ്ഞു.