priyanka

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ബാല്യവും കൗമാരവും പറയുന്ന അൺഫിനിഷ്ഡ് എന്ന പുസ്തകം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇതുവരെ താൻ ആരോടും പറയാതിരുന്ന പല കഥകളും പുസ്തകത്തിൽ പ്രിയങ്ക കുറിച്ചിട്ടുണ്ട്. ജീവിതത്തിൽ താൻ നേരിട്ട വെല്ലുവിളികളും നേട്ടങ്ങളുമെല്ലാം പ്രിയങ്ക തുറന്നെഴുതുന്നുണ്ട്. കുട്ടിക്കാലത്ത് തനിക്ക് ഉണ്ടായ ഒരു പ്രണയത്തെ കുറിച്ചും അതിനെ തുടർന്ന് താൻ നേരിടേണ്ടി വന്ന ചില വെല്ലുവിളികളെ കുറിച്ചും പ്രിയങ്ക പറയുന്നുണ്ട്. "സ്‌കൂളിൽ വച്ചാണ് ബോബിനെ കണ്ടുമുട്ടുന്നത്. പതുക്കെ പതുക്കെ അവനുമായി പ്രണയത്തിലായി. വിവാഹം കഴിക്കാൻ വരെ ഞങ്ങൾ ആലോചിച്ചു. അങ്ങനെ ഒരു ദിവസം ബോബിനേയും കൂട്ടി ഞാൻ വീട്ടിലേക്ക് വന്നു. വളരെ നിഷ്കളങ്കമായി കൈകൾ കോർത്തുപിടിച്ച് ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു ഞങ്ങൾ. പെട്ടെന്ന് വിൻഡോയിലൂടെ അമ്മായി പടികൾ കയറി വരുന്നത് കണ്ടു. ഇതോടെ ഞാൻ പരിഭ്രമത്തിലായി. ഉച്ചയ്ക്ക് 2 മണിയായിരുന്നു. അമ്മായി മടങ്ങിവരുന്ന പതിവ് സമയമായിട്ടില്ല. ബോബിന് വീടിന് പുറത്ത് പോകാൻ ഒരു വഴിയുമില്ല, അവനും ഞാനും എന്റെ മുറിയിലേക്ക് ഓടി, ഞാൻ അവനെ എന്റെ സാധനങ്ങൾ സൂക്ഷിക്കാനായി ഉപയോഗിക്കുന്ന കബോർഡിൽ ഒളിപ്പിച്ചു..." അമേരിക്കയിലായിരുന്നു പ്രിയങ്കയുടെ സ്‌കൂൾ പഠനം. അമേരിക്കയിൽ ചെലവഴിച്ച വർഷങ്ങളെക്കുറിച്ചും അമ്മായിക്കൊപ്പമുള്ള തന്റെ താമസത്തെ കുറിച്ചും അവിടെ സ്കൂളിൽ വച്ചുണ്ടായ പ്രണയത്തെ കുറിച്ചുമാണ് പ്രിയങ്ക പറയുന്നത്. ഇന്ത്യനാപോളിസിൽ അമ്മായിക്കൊപ്പമാണ് പ്രിയങ്ക താമസിച്ചിരുന്നത്. സ്കൂളിൽ സഹപാഠിയായിരുന്ന ബോബ് എന്ന കുട്ടിയുമായി താൻ അഗാധ പ്രണയത്തിലായിരുന്നുവെന്നാണ് പ്രിയങ്ക പറയുന്നത്. ബോബിനെ വിവാഹം കഴിക്കാൻ പോലും ആഗ്രഹിച്ചു. ബോബിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും അത് അമ്മായി കയ്യോടെ പിടികൂടുകയും ചെയ്തുവെന്ന് പ്രിയങ്ക കുറിക്കുന്നു.