
തിരുവനന്തപുരം: പഴമയുടെ ഓർമ്മകൾ തുളുമ്പുന്ന പാട്ടുകൾ എം.എസ്. നസീമിന് പ്രാണവായു ആയിരുന്നു. പാടാനാഗ്രഹിച്ച പാട്ടുകൾ സ്വതസിദ്ധമായ ശൈലിയിലും ശബ്ദത്തിലും കോർത്തെടുക്കാനാവാതെ വിധി നസീമിനെ തളർത്തി. നസീം ഒരിക്കലും സിനിമാ സംഗീതത്തിന്റെ മാസ്മരിക ലോകമായിരുന്നില്ല. നിറഞ്ഞൊഴുകുന്ന സദസിലെ സംഗീതപ്രേമികളുടെ ആരവമായിരുന്നു അദ്ദേഹത്തിന്റെ ആഘോഷം. ഗാനമേള വേദികളിലെ അനുപമ സാന്നിദ്ധ്യമായിരുന്നു നസീം.
തന്റെ സംഗീത യാത്രയ്‌ക്കിടെ നിരവധി ഹിറ്റ് ഗാനങ്ങൾ മലയാളത്തിൽ പിറന്നെങ്കിലും 'ഓൾഡ് ഈസ് ഗോൾഡ്" എന്ന പ്രമാണത്തിൽ അദ്ദേഹം ഉറച്ചുനിന്നു. ലോകത്തെവിടെയുമുള്ള ഗാനമേള വേദികളിൽ നസീം പാടിയതും പ്രിയപ്പെട്ട പഴയ പാട്ടുകളായിരുന്നു. എ.എം. രാജ, പി.ബി. ശ്രീനിവാസ് തുടങ്ങിയ ഗായകരുടെ ആരാധകനായിരുന്നപ്പോഴും മുഹമ്മദ് റാഫിയുടെ ഗാനങ്ങളും അതീവഹൃദ്യമായി വേദികളിൽ അവതരിപ്പിച്ച് കൈയടിനേടി. സംഗീതത്തോടുള്ള പ്രണയം കാരണം വൈദ്യുതി വകുപ്പിലെ ഉയർന്ന ഉദ്യോഗംപോലും അദ്ദേഹത്തെ മടുപ്പിച്ചിരുന്നു. വൈദ്യുതി ഭവനിലെ സീനിയർ സൂപ്രണ്ടായിരുന്ന നസീം 2003ൽ സ്വയം വിരമിച്ചു. 2005ലാണ് പക്ഷാഘാതമുണ്ടായത്.
സംഗീതത്തിന്റെ ബാലപാഠം ശാസ്ത്രീയമായി അഭ്യസിച്ചില്ല. സൂക്ഷ്മമായി കേൾക്കാനുള്ള കാതുകളും കേട്ടത് സമഗ്രമായി ഒപ്പിയെടുക്കാനുള്ള മനസുമായിരുന്നു അദ്ദേഹത്തിന്റെ പാഠശാല. 'അനന്തവൃത്താന്തം" എന്ന സിനിമയിൽ കെ.എസ്. ചിത്രയ്ക്കൊപ്പം 'നിറയും താരങ്ങളെ" എന്ന ഗാനം ആലപിച്ചായിരുന്നു സിനിമയിലെ അരങ്ങേറ്റം. പിന്നീട് നിരവധി ചലച്ചിത്രങ്ങളിൽ പാടാൻ അവസരം ലഭിച്ചെങ്കിലും ഗാനമേളകളായിരുന്നു നസീമിനെ കൊതിപ്പിച്ചത്. പഴയകാല ഗായകരോടുള്ള കടുത്ത ആരാധനയിൽ 1990ൽ 'ആയിരം ഗാനങ്ങൾ തൻ ആനന്ദലഹരി" എന്ന ടെലിവിഷൻ സീരിയലും തയ്യാറാക്കി.
ദൂരദർശൻ, ആകാശവാണി എന്നിവയ്ക്കായി ആയിരത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്. ഗായകൻ, കോ - ഓർഡിനേറ്റർ, പ്രോഗ്രാം കണ്ടക്ടർ എന്നീ മേഖലകളിലും തിളങ്ങി. 'മലയാള ഗസലുകൾ" എന്ന പേരിൽ ആദ്യ ഗസൽ ആൽബവും പുറത്തിറക്കി. സ്വരഭാരത് ട്രൂപ്പിലെ അംഗമെന്ന നിലയിൽ ഡൽഹി ദൂർദർശനുവേണ്ടി 18 ഭാഷകളിൽ പാടിയിട്ടുണ്ട്. നിരവധി നാടകങ്ങൾക്കും ടി.വി പരമ്പരകൾക്കും ഡോക്യുമെന്ററികൾക്കും സംഗീതസംവിധാനം നിർവഹിച്ചു. സംഗീതത്തെ അടിസ്ഥാനമാക്കി മറ്റൊരു ഡോക്യുമെന്ററി നിർമ്മിക്കാനുള്ള ഒരുക്കത്തിനിടയിലാണ് നസീം പൊതുവേദിയിൽ നിന്ന് പൊടുന്നനെ അപ്രത്യക്ഷനായത്.
ശിവഗിരി കലാസമിതി, ചങ്ങമ്പുഴ തിയേറ്റേഴ്സ്, കോഴിക്കോട് ബ്രദേഴ്സ് എന്നീ കലാസമിതികൾക്കായി പാടിയിട്ടുണ്ട്. കെ.പി.എ.സിക്കായി നിരവധി ജനപ്രിയ നാടക ഗാനങ്ങൾ ആലപിച്ചു. 1992, 93, 95, 97 വർഷങ്ങളിൽ മികച്ച ഗായകനുള്ള മിനി സ്‌ക്രീൻ പുരസ്‌കാരം നേടിയ നസീമിന്, കമുകറ ഫൗണ്ടേഷൻ പുരസ്‌കാരം, അബുദാബി മലയാളി സമാജം അവാർഡ്, 1997ലെ കേരള സംഗീതനാടക അക്കാഡമി അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.