
വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയും പിന്നീട് സിനിമയിൽ നിന്നും പിൻവാങ്ങുകയും ചെയ്ത താരമാണ് മധുരിമ നർല. ശ്രീനിവാസന്റെ കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മൈ ഡിയർ മുത്തച്ഛൻ' എന്ന ചിത്രത്തിൽ നായികയായിരുന്നു മധുരിമ നർല. ചിത്രത്തിൽ മീര എന്ന കഥാപാത്രത്തെയാണ് മധുരിമ അവതരിപ്പിച്ചത്. 1992ലായിരുന്നു ചിത്രം റിലീസിനെത്തിയത്. ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് മധുരിമ. മംഗൽഗിരി സ്വദേശിയായ മധുരിമ തൊണ്ണൂറുകളിൽ മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക് ഭാഷാചിത്രങ്ങളിലും സജീവമായിരുന്നു. മധുരിമയുടെ ആദ്യ ചിത്രമായിരുന്നു 'മൈ ഡിയർ മുത്തച്ഛൻ'. തിലകൻ, ജയറാം, മുരളി, ഇന്നസെന്റ്, ശ്രീനിവാസൻ, ഉർവശി, കെ.പി.എ.സി ലളിത, മാമുക്കോയ, ജോമോൾ തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു. വർഷങ്ങൾക്കിപ്പുറവും വലിയ മാറ്റമൊന്നുമില്ല മധുരിമയ്ക്ക് എന്നാണ് ആരാധകർ പറയുന്നത്. നർത്തകി കൂടിയായ മധുരിമ സമൂഹമാദ്ധ്യമങ്ങളിലും സജീവമാണ്. തന്റെ ഡാൻസ് വീഡിയോകളും ചിത്രങ്ങളുമെല്ലാം മധുരിമ ആരാധകർക്കായി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഡാൻസ് സ്കൂൾ നടത്തുകയാണ് മധുരിമ ഇപ്പോൾ. കളരിപ്പയറ്റ്, യോഗ എന്നിവയിലെല്ലാം പ്രാവിണ്യം നേടിയ മധുരിമ തന്റെ 12ാം വയസു മുതൽ കുച്ചിപ്പുടിയും അഭ്യസിക്കുന്നുണ്ട്.