
കല്ലമ്പലം: സുഭിക്ഷ കേരളം പദ്ധതി പ്രകാരം കൃഷിയിറക്കിയ കർഷകർക്ക് സർക്കാർ ആനുകൂല്യം ലഭിച്ചില്ലെന്ന് പരാതി. കൊവിഡ് അതിജീവനത്തിന്റെ ഭാഗമായി കൃഷിക്കാർ, സമിതികൾ, സംഘങ്ങൾ എന്നിവർക്ക് സർക്കാർ ആനുകൂല്യം പറഞ്ഞിരുന്നെങ്കിലും വർഷം ഒന്നു കഴിഞ്ഞിട്ടും ലഭിച്ചില്ലെന്നാണ് ആക്ഷേപം. സർക്കാരിന്റെ തെറ്റായ നയം കർഷകരെ തുടർ കൃഷിയിൽ നിന്ന് പിന്തിരിയാൻ പ്രേരിപ്പിക്കും. ഏതാനും പേരുടെ ബില്ലുകളിൽ അപാകത വന്നതുമൂലം തുക ലഭിക്കാത്ത കർഷകരുമുണ്ട്. അതിന് എത്രയുംവേഗം തീരുമാനം ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്. കൃഷിനാശം വന്നവർക്ക് ഇൻഷ്വറൻസ് തുക അനുവദിക്കാത്തതും കർഷകരുടെ പ്രതീക്ഷകൾ നശിപ്പിച്ചു. ഇപ്പോൾ രണ്ടാംവിള കൊയ്യാൻ പാകമായെങ്കിലും സാമ്പത്തിക പ്രതിസന്ധിയും യന്ത്രത്തിന്റെ സൗകര്യക്കുറവും വീണ്ടും കർഷകരെ ബുദ്ധിമുട്ടിലാക്കി. സുഭിക്ഷ കേരളം പദ്ധതിയിൽ പ്രതീക്ഷകൾ അർപ്പിച്ച് കടംവാങ്ങി സർക്കാരിന് ഒപ്പംനിന്ന കർഷകരുടെ ദുരിതം അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്ന് കർഷകർ ആരോപിച്ചു.