
കൊവിഡ് കാലം മനുഷ്യജീവിതത്തെ ഒരുപാടു മാറ്റിമറിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ പിന്തുടർന്നിരുന്ന പല ശീലങ്ങളും ഉപേക്ഷിക്കാൻ നിർബന്ധിതരായി. പതിവുകൾ പലതും അടിമുടി മാറിമറിഞ്ഞു. ജീവിച്ചിരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്ന പരമസത്യം തിരിച്ചറിഞ്ഞ നാളുകൾ കൂടിയാണിത്. ആഘോഷങ്ങൾ മാത്രമല്ല ആചാരങ്ങളും വേണ്ടെന്നുവയ്ക്കാൻ മനുഷ്യർ തയ്യാറായി. ഒരിക്കലും അടയ്ക്കാതിരുന്ന ദേവാലയങ്ങൾ ആഴ്ചകളല്ല, മാസങ്ങൾ തന്നെ അടച്ചിടേണ്ടിവന്നു. അടുത്ത ബന്ധുക്കളല്ലാതെ മറ്റാരുടെയും സാന്നിദ്ധ്യമില്ലാതെ ശവസംസ്കാര കർമ്മങ്ങൾ കൊവിഡ് കാലത്ത് വേദനിപ്പിക്കുന്ന അനുഭവങ്ങളായി. കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ഭൗതികദേഹവുമായി ബന്ധുക്കളും സന്നദ്ധപ്രവർത്തകരും അലയേണ്ട സന്ദർഭങ്ങൾ പല സ്ഥലത്തുമുണ്ടായി.
പള്ളിവക ശ്മശാനങ്ങളിൽ കൊവിഡ് രോഗികളുടെ ജഡം അടക്കുന്നതിൽ പ്രതിഷേധം ഉയർന്നത് നിരവധി കുടുംബങ്ങളെ തീരാദുഃഖത്തിലാഴ്‌ത്തി. ഇതിനിടെയാണ് ജഡങ്ങൾ ദഹിപ്പിച്ച് ചില സ്ഥലങ്ങളിൽ രൂപതാ അധികൃതർ പുതിയൊരു മാറ്റത്തിനു തുടക്കം കുറിച്ചത്. ആലപ്പുഴയിലും എറണാകുളത്തും തൃശൂരുമൊക്കെ അത്തരത്തിൽ ശ്രമമുണ്ടായി. അടക്കം ചെയ്യാൻ പറ്റാത്ത സാഹചര്യമാണെങ്കിൽ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശൂർ രൂപത ആദ്യമായി സർക്കുലർ ഇറക്കി. ഇപ്പോഴിതാ അതേ രൂപതയുടെ ആഭിമുഖ്യത്തിൽ തൃശൂർ മുളയം ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട് കാമ്പസിൽ ഒരു ഗ്യാസ് ക്രിമറ്റോറിയത്തിന്റെ ശിലാസ്ഥാപന കർമ്മം നടന്നിരിക്കുകയാണ്. സംസ്ഥാനത്ത് കത്തോലിക്കാസഭയുടെ ആദ്യ ഗ്യാസ് ക്രിമറ്റോറിയമാകുമിത്. കൊവിഡ് വ്യാപനവും മരണവും രൂക്ഷമായിക്കൊണ്ടിരിക്കെ ഇരിങ്ങാലക്കുട രൂപതയുടെ തച്ചുടപറമ്പിൽ പള്ളിവക ശ്മശാനത്തിൽ മൃതദേഹം അടക്കം ചെയ്യുന്നത് ഒരുവിഭാഗം ആൾക്കാർ തടഞ്ഞതോടെയാണ് അടക്കത്തിനു പകരം ദഹനമാകാമെന്ന നിലപാടിലേക്ക് രൂപതാ അധികൃതർ എത്തിയത്. തൃശൂർ ആർച്ച് ബിഷപ്പ്, ഇതിന് അനുമതിയും നൽകി ഇടവകകൾക്ക് സർക്കുലറും അയച്ചു. ഇതിനകം കൊവിഡ് ബാധിച്ചു മരിച്ച 29 പേരുടെ ജഡങ്ങൾ ഈ പള്ളിവക ശ്മശാനത്തിൽ ദഹിപ്പിച്ചിട്ടുണ്ട്. മഹാമാരി ഒഴിഞ്ഞാലും കാലത്തിനനുസൃതമായ മാറ്റം എന്ന നിലയ്ക്കാണ് സ്ഥിരം ക്രിമറ്റോറിയം നിർമ്മിക്കാൻ രൂപത തീരുമാനമെടുത്തത്. ദഹനം നടത്തിയാലും ഭൗതികാവശിഷ്ടം ക്രിസ്‌തീയ ആചാരപ്രകാരം പള്ളിവക സെമിത്തേരിയിലെ കല്ലറയിൽ മാറ്റി സ്ഥാപിക്കാൻ അനുമതിയുണ്ടാകും. വേണമെന്നുള്ളവർക്ക് മറ്റു പള്ളിവക സെമിത്തേരിയിലോ വീട്ടുവളപ്പിൽത്തന്നെയോ ഭൗതികദേഹം സംസ്കരിക്കാനും അനുവാദം നൽകിയിട്ടുണ്ട്.
സഭാവിശ്വാസികളിൽ പലർക്കും ഉൾക്കൊള്ളാൻ വിഷമമായിരിക്കുമെങ്കിലും സാഹചര്യങ്ങളുടെ പ്രേരണ പുതിയ മാറ്റം സ്വീകരിക്കാൻ അവരെയും നിർബന്ധിതരാക്കുന്നു എന്നുവേണം കരുതാൻ. ക്രിസ്‌തീയ സഭയിലെ എല്ലാ വിഭാഗക്കാർക്കും അനുകരിക്കാവുന്ന മാതൃക കൂടിയാണിത്. സെമിത്തേരികളുടെ പരിമിതി എല്ലാ പള്ളികളും നേരിടുന്ന വലിയ പ്രശ്നമാണിന്ന്. പലേടത്തും പുതിയ കല്ലറയ്ക്കു സ്ഥലമില്ലാത്തതിനാൽ വോൾട്ട് പോലുള്ള സംവിധാനങ്ങൾ പണിയുകയാണ്. കാലാന്തരത്തിൽ ഇതിനും സ്ഥലമില്ലാതെ വരുമ്പോൾ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യും. സഭാ നിയമത്തിലും ശവദാഹം അനുവദിക്കുന്നുണ്ടെന്നതിനാൽ ക്രിമറ്റോറിയത്തെ കണ്ണടച്ച് എതിർക്കേണ്ടതുമില്ല. ക്രിസ്‌ത്യൻ വിഭാഗങ്ങൾക്കു മാത്രമല്ല ജഡം അടക്കം ചെയ്യുന്നത് ആചാരമായി പിന്തുടരുന്ന മറ്റു മതസ്ഥർക്കും ഇപ്പോഴത്തെ സാഹചര്യത്തിൽ സ്വീകരിക്കാവുന്ന സംവിധാനമാണിത്. ജനസംഖ്യാ വർദ്ധനവിന് അനുസരണമായി ആളോഹരി സ്ഥലം നന്നേ കുറഞ്ഞുവരികയാണ്. രണ്ടും മൂന്നും നാലും സെന്റിൽ പാർപ്പിടം നിർമ്മിച്ചു കഴിയുന്ന കുടുംബങ്ങൾ ഇന്ന് ശവസംസ്കാരത്തിനുവേണ്ടി നെട്ടോട്ടമോടുന്ന കാഴ്ച ദയനീയമാണ്. വീടിനകത്തു പോലും കുഴിയെടുത്ത് ഉറ്റവരുടെ ജഡം അടക്കേണ്ടിവരുന്ന പാവപ്പെട്ടവരുടെ ദുർഗതി പലകുറി പറഞ്ഞിട്ടുള്ളതാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും കീഴിൽ ആധുനിക ക്രിമറ്റോറിയങ്ങൾ നിർമ്മിക്കാൻ നടപടി എടുത്താൽ ഈ പ്രശ്നത്തിന് എളുപ്പം പരിഹാരമുണ്ടാകും. എന്നാൽ പല പഞ്ചായത്തുകളും നഗരസഭകളും വേണ്ടത്ര താത്‌പര്യം കാണിക്കുന്നില്ല. മരിച്ച മനുഷ്യർക്ക് ആദരപൂർവവും സംസ്കാരസമ്പന്നവുമായ ഒരു യാത്രഅയപ്പു ഒരുക്കുക എന്നത് ജീവിച്ചിരിക്കുന്നവരുടെ കടമ കൂടിയാണ്.
കാലാനുസൃതമായുണ്ടായ അനേകം മാറ്റങ്ങളോടെയാണ് ലോകത്തെവിടെയുമുള്ള മനുഷ്യർ ഇന്നത്തെ നിലയിൽ എത്തിയിട്ടുള്ളത്. ആവശ്യങ്ങൾക്കനുസരിച്ച് പല ആചാരങ്ങളും പിന്തുടർന്നുവന്ന രീതികളുമൊക്കെ മാറ്റേണ്ടിവരും. നൂറ്റാണ്ടുകളായി പിന്തുടർന്നുപോന്ന ആചാരത്തിനാണ് തൃശൂർ രൂപത മാറ്റം വരുത്തിയത്. ശാസ്ത്ര പുരോഗതിയനുസരിച്ച് മനുഷ്യരുടെ ചിന്തയിലും സമീപനത്തിലുമെല്ലാം മാറ്റം വന്നേ തീരൂ. പ്രപഞ്ച സത്യങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞതിന്റെ പേരിൽ പലരും പണ്ട് കുരിശിലേറേണ്ടി വന്നിട്ടുണ്ട്. സൂര്യനു ചുറ്റുമാണ് ഗ്രഹങ്ങൾ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്നതെന്നു കണ്ടെത്തിയ ഗലീലിയോയ്‌ക്ക് അവസാന കാലം വീട്ടുതടങ്കൽ അനുഭവിക്കേണ്ടിവന്നു. ഗലീലിയോ പറഞ്ഞതാണ് ശരിയെന്ന് കത്തോലിക്കാസഭയ്ക്ക് പിന്നീട് അംഗീകരിക്കേണ്ടിവന്നു. ഇതുപോലെ എത്രയെത്ര മഹാരഥന്മാരാണ് ഓരോ കാലത്തും ക്രൂശിക്കപ്പെട്ടിട്ടുള്ളത്. മനുഷ്യ നന്മയ്ക്കുപകരിക്കുന്ന ഏതു മാറ്റവും ഉൾക്കൊള്ളാനും അംഗീകരിക്കാനും ജനങ്ങൾ തയ്യാറാകണം. ഇപ്പോൾ വിമുഖത കാണിച്ചാലും പിന്നീട് അത് അംഗീകരിക്കേണ്ടി വരികതന്നെ ചെയ്യും.