
'താമര കുരുവിക്ക് തട്ടമിട്' എന്ന ഒറ്റ ഗാനത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് മഞ്ജരി. തുടക്കത്തിൽതന്നെ ഇളയരാജയുടെയും വിദ്യാസാഗറിന്റെയും സംഗീതത്തിൽ പാടുക എന്നത് ഒരു ഗായികയെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണ്. പാടിയ പാട്ടുകളിൽ ഒട്ടുമിക്കതും ഹിറ്റ്. മലയാളത്തിലെ ഏറ്റവും സീനിയറായ എല്ലാ സംഗീത സംവിധായകർക്കൊപ്പവും ചെറിയ പ്രായത്തിലേ പാടാൻ അവസരം ലഭിച്ച പാട്ടുകാരി. സിനിമാ പിന്നണി ഗായിക എന്നതിലുപരി മികച്ച ഒരു ഗസൽ ഗായിക. സംഗീത നിശകളിലെയും സൂര്യ ഫെസ്റ്റിവലിലുമൊക്കെ നിറസാന്നിദ്ധ്യം കൂടിയാണ് മഞ്ജരി. മഞ്ജരി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ഐശ്വര്യ പൂർണമായ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷനും ശ്രദ്ധേയമാണ്. "രാവിലെ തന്നെയുള്ള പ്രാർത്ഥനകളാണ് എന്നെ മുന്നോട്ട് നയിക്കുന്നത്. ദൈവാനുഗ്രഹങ്ങളാണ് എല്ലാവരേയും മുന്നേറുവാൻ സഹായിക്കുന്നതും. ആത്മാവുള്ളതും സന്തോഷം നിറഞ്ഞതുമായ ഇന്ന് പോലെയായിരുന്നു എല്ലാ ദിവസവും എന്നാഗ്രഹിച്ചുപോകുന്നു." എന്നാണ് ചിത്രങ്ങൾ പങ്കുവച്ച് മഞ്ജരി കുറിച്ചത്. രണ്ടു തവണ സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം മഞ്ജരി സ്വന്തമാക്കിയിട്ടുണ്ട്. 2004ൽ പുറത്തിറങ്ങിയ 'മകൾക്ക്' എന്ന ചിത്രത്തിലെ 'മുകിലിൻ മകളേ' എന്ന ഗാനത്തിനും 2008ൽ പുറത്തിറങ്ങിയ 'വിലാപങ്ങൾക്കപ്പുറം' എന്ന ചിത്രത്തിലെ 'മുള്ളുള്ള മുരിക്കിൻ മേൽ' എന്ന ഗാനത്തിനുമായിരുന്നു പുരസ്കാരങ്ങൾ.