tanzania

കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിൽ അജ്ഞാത രോഗ ലക്ഷണങ്ങളോടെ 15 ഓളം പേർ മരിച്ചതായും അമ്പതിലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ട്. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ച എല്ലാവരും രക്തം ഛർദ്ദിച്ച് അവശനിലയിലായെന്നാണ് വിവരം. ടാൻസാനിയയിലെ തെക്കൻ എംബേയ പ്രവിശ്യയിലാണ് സംഭവം. മരിച്ചവരിൽ കൂടുതലും പുരുഷൻമാരാണ്.

രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ ഇവർ മരണത്തിന് കീഴടങ്ങിയതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രോഗമേതാണെന്നും അതിന്റെ കാരണമെന്താണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വിദഗ്ദ്ധർ. എന്നാൽ, സ്ഥിതി ആശങ്കാജനകമല്ലെന്നും ഒരു നിശ്ചിത പ്രദേശത്തെ താമസക്കാർ മാത്രമാണ് അവശരായി രക്തം ഛർദ്ദിച്ചതെന്നും ആരോഗ്യപ്രവർത്തകർ പറയുന്നു. ഇതിൽ ആശുപത്രിയിലെത്തിക്കാൻ വൈകിയവരാണ് മരണത്തിന് കീഴടങ്ങിയതെന്ന് അധികൃതർ പറയുന്നു.

അതേ സമയം, ഗുരുതര രോഗം പൊട്ടിപ്പുറപ്പെട്ട തരത്തിലുള്ള വാർത്തകൾ ടാൻസാനിയൻ ആരോഗ്യമന്ത്രാലയം പൂർണമായും തള്ളി. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ കരളിനെയും ആമാശയത്തേയും രോഗം ബാധിച്ചിരിക്കുന്നതായാണ് പ്രാഥമിക വിലയിരുത്തൽ. മെർക്കുറി പോലുള്ള വസ്തുക്കൾ ഉള്ളിലെത്തിയോ എന്നറിയാൻ ഇവരുടെ രക്തം പരിശോധിക്കുകയാണ്. പ്രദേശത്തെ ജല സ്രോതസുകളിലും പരിശോധന നടത്തുന്നുണ്ട്. മദ്യത്തിലോ മറ്റു പാനീയങ്ങളിലോ വിഷം കലർന്നിരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല.

അതേ സമയം, ജനങ്ങൾക്കിടയിൽ അനാവശ്യ ആശങ്ക സൃഷ്ടിച്ചെന്ന പേരിൽ പ്രാദേശിക ചീഫ് മെഡിക്കൽ ഓഫീസറിനെ ആരോഗ്യമന്ത്രാലയം സസ്പെൻഡ് ചെയ്യുകയും പത്ത് ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. 2018ലും ഈ പ്രദേശത്ത് സമാന സംഭവം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, കൊവിഡ് 19നെ ദൈവത്തോടുള്ള പ്രാർത്ഥനയിലൂടെ തങ്ങളുടെ രാജ്യം തോൽപ്പിച്ചതായി ടാൻസാനിയൻ പ്രസിഡന്റ് ജോൺ മഗുഫുലി അവകാശപ്പെട്ടതിന് ഒരു മാസത്തിന് ശേഷമാണ് അജ്ഞാതരോഗത്തിന്റെ വാർത്തകൾ പുറത്തുവരുന്നത്. കൊവിഡ് ഡേറ്റ പുറത്തുവിടുന്നത് നിറുത്തി ആറ് ആഴ്ചകൾക്ക് ശേഷം ജനുവരി 9നായിരുന്നു മഗുഫുലിയുടെ പ്രസ്താവന.