
ബൂത്ത് കമ്മിറ്റികളെ ഉണർത്താൻ ഇടപെടൽ
തിരുവനന്തപുരം: സംസ്ഥാനത്ത് അധികാരത്തിൽ തിരിച്ചെത്താനുള്ള തീവ്രശ്രമത്തിന്റെ ഭാഗമായി, തെക്കൻ ജില്ലകളിൽ ചോർന്നു പോയ സ്വാധീനം തിരിച്ചുപിടിക്കാനുള്ള തന്ത്രങ്ങൾ കോൺഗ്രസ് നേതൃത്വം സജീവമാക്കുന്നു.
താഴെത്തട്ടിലെ സംഘടനാ ദൗർബല്യമാണ് തെക്കൻ ജില്ലകളിൽ പാർട്ടിയെ പിന്നോട്ടടിക്കുന്നതെന്ന വിലയിരുത്തലിൽ, തെക്കൻമേഖലയുടെ ചുമതലയിലുള്ള എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാളിന്റെ നേതൃത്വത്തിൽ ഓരോ നിയോജകമണ്ഡത്തിലും ബൂത്തു കമ്മിറ്റികൾ വിളിച്ചുചേർക്കുകയാണ്. തിരുവനന്തപുരം ജില്ലയിൽ 13ന് ആദ്യഘട്ട പര്യടനം പൂർത്തിയാക്കി കൊല്ലം ജില്ലയിലേക്ക് കടക്കും. 22ന് മുമ്പ് ആലപ്പുഴ ജില്ലാ പര്യടനവും പൂർത്തിയാക്കും.
ഒരു നിയമസഭാ മണ്ഡലത്തിൽ 180 മുതൽ 200 വരെ ബൂത്തുകളുണ്ടെന്നാണ് കണക്ക്. ഓരോ മണ്ഡലത്തിലെയും ഒരു കേന്ദ്രത്തിൽ മുഴുവൻ ബൂത്ത് അദ്ധ്യക്ഷന്മാരെയും മണ്ഡലം പ്രസിഡന്റുമാരുടെ സാന്നിദ്ധ്യത്തിൽ വിളിച്ചു ചേർത്താണ് പോരായ്മകളും നേട്ടങ്ങളും ഇഴകീറി പരിശോധിക്കുന്നത്. ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽസെക്രട്ടറിക്കൊപ്പം ,അതത് ജില്ലയിൽ നിന്നുള്ള കെ.പി.സി.സി ഭാരവാഹികളും എ.ഐ.സി.സി സെക്രട്ടറിയെ സഹായിക്കും.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലെ 34 നിയമസഭാ സീറ്റുകളിൽ 2016ൽ കോൺഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ച വച്ചത് . തിരുവനന്തപുരം ജില്ലയിൽ മൂന്നും, ആലപ്പുഴ ജില്ലയിൽ രണ്ടും ഉൾപ്പെടെ അഞ്ച് എം.എൽ.എമാരേ മൂന്ന് ജില്ലകളിലുമായി ഇപ്പോൾ കോൺഗ്രസിനുള്ളൂ. ആലപ്പുഴ ജില്ലയിലെ അരൂരിൽ 2019ലെ ഉപതിരഞ്ഞെടുപ്പിലാണ് ഒരു എം.എൽ.എയെ ലഭിച്ചത്. തിരുവനന്തപുരം ജില്ലയിൽ നാല് എം.എൽ.എമാരുണ്ടായിരുന്നത് 2019ലെ വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പോടെ മൂന്നായി ചുരുങ്ങി.കൊല്ലം ജില്ലയിൽ നിന്ന് കോൺഗ്രസിനോ യു.ഡി.എഫിനോ നിയമസഭയിലിപ്പോൾ പ്രതിനിധികളില്ല.
2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയെങ്കിലും ,പിന്നാലെ നടന്ന വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ സംഘടനാദൗർബല്യം ശരിക്കും പ്രകടമായി. മൂന്ന് ജില്ലകളിലുമായി പതിനഞ്ചിനും ഇരുപതിനുമിടയ്ക്ക് എം.എൽ.എമാരെ നേടാനായില്ലെങ്കിൽ അധികാരത്തിലേക്കുള്ള തിരിച്ചുവരവ് അസാദ്ധ്യമാണെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.