
വക്കം: കായിക്കര കടവ് പാലത്തിനോടനുബന്ധിച്ചുള്ള അപ്രോച്ച് റോഡിനായുള്ള സ്ഥലമെടുപ്പിന്റെ ഭാഗമായി അതിർത്തി കല്ല് സ്ഥാപിച്ചു. കായിക്കരക്കടവിൽ അഡ്വ. ബി. സത്യൻ എം.എൽ.എയാണ് ആദ്യത്തെ അതിർത്തിക്കല്ല് സ്ഥാപിച്ചത്. 100 മീറ്റർ നീളമുള്ള പാലത്തിന്റെ ഇരുവശങ്ങളിലും 12 മീറ്റർ വീതിയിലാണ് അപ്രോച്ച് റോഡ് നിർമ്മിക്കുന്നത്.
28.35 കോടി രൂപ കിഫ്ബി ഫണ്ടിൽ നിന്നും ചെലവഴിച്ചാണ് പാലത്തിന്റെ നിർമ്മാണം. 5.5 കോടി രൂപയാണ് അപ്രോച്ച് റോഡിന് അനുവദിച്ചത്. കിഫ്ബി ഫണ്ടിൽ പാലം ചെയ്യുന്നതിന് ആദ്യം അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കണം. 55 സെന്റ് സ്ഥലമാണ് വക്കം വില്ലേജിൽ നിന്നും ഏറ്റെടുക്കുന്നത്.
അതിർത്തി കല്ല് സ്ഥാപിച്ച ശേഷം സോഷ്യൽ ഇംപാക്ട് സ്റ്റഡി നടത്തണം. തുടർന്ന് മരാമത്ത് വകുപ്പ് സ്ഥലം ഏറ്റെടുത്ത് പാലം നിർമ്മാണം ടെൻഡർ ചെയ്യും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാബീഗം, വക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് താജുന്നിസ, വക്കം ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് ജെ. സലിം, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശോകൻ, ഫൈസൽ, ജയ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി. അജയകുമാർ, മരാമത്ത് വിഭാഗം അസിസ്റ്റന്റ് എക്സി. എൻജിനിയർ സജീവ്, കിഫ്ബിയുടെ ചുമതലയുള്ള എ.ഇ. ദീപാറാണി, സ്ഥലമെടുപ്പ് തഹസീൽദാർ പ്രേംലാൽ തുടങ്ങിയവർ പങ്കെടുത്തു.