
തിരുവനന്തപുരം: കരമന - കളിയിക്കാവിള ദേശീയപാതാ വികസനത്തിന്റെ രണ്ടാംഘട്ടമായ പ്രാവച്ചമ്പലം - ബാലരാമപുരം കൊടിനട റോഡ് നാലുവരിയായി വികസിപ്പിച്ചതിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. രണ്ടാംഘട്ട വികസനത്തിന് തുടക്കമിട്ട പ്രാവച്ചമ്പലം ഭാഗത്താണ് ഉദ്ഘാടനം നടക്കുക. മന്ത്രി ജി. സുധാകരൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.എൽ.എമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും. 2019ൽ ആരംഭിച്ച പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള പ്രവൃത്തികൾ ലോക്ക്ഡൗൺ കാരണമാണ് നീണ്ടുപോയത്. പള്ളിച്ചലിൽ ബി.എസ്.എൻ.എല്ലിന്റെ സ്ഥലത്തിന്റെ പേരിൽ റവന്യൂ വകുപ്പുമായുണ്ടായ തർക്കവും പുറമ്പോക്കിൽ താമസിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിലുള്ള പ്രശ്‌നവും പദ്ധതി വൈകിച്ചു. കൊടിനട മുതൽ വഴിമുക്കുവരെയുള്ള ഒന്നര കിലോമീറ്ററാണ് ഇനി അവശേഷിക്കുന്നത്. ബാലരാമപുരം മുതൽ വഴിമുക്ക് വരെയുള്ള ഭാഗത്തെ കെട്ടിട ഉടമകളുടെയും വസ്‌തു ഉടമകളുടെയും പ്രതിഷേധം ശക്തമായിരിക്കെയാണ് രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനം.
മനോഹരമാക്കിയത്
5 കിലോമീറ്റർ
പ്രാവച്ചമ്പലം മുതൽ ബാലരാമപുരം കൊടിനട വരെയുള്ള അഞ്ചുകിലോമീറ്റർ റോഡാണ് മനോഹരമാക്കിയത്. വളവുകൾ ഭൂരിഭാഗവും ഒഴിവാക്കിയിട്ടുണ്ട്. ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. റോഡിന് ഇരുവശവും 1.5 മീറ്റർ വീതിയുള്ള മനോഹര ഫുട്പാത്തും മീഡിയനുകളിൽ പൂന്തോട്ടവും ഒരുക്കുന്നുണ്ട്. ഫുട്പാത്തും കൈവരികളും കാഴ്ചയില്ലാത്തവർക്ക് കൂടി ഉപയോഗിക്കാവുന്ന തരത്തിലാണ് സജ്ജമാക്കിയത്. റോഡിൽ 230 എൽ.ഇ.ഡി വഴി വിളക്കുകളുമുണ്ട്. 112 കോടിരൂപയാണ് നിർമ്മാണച്ചെലവ്.
കരമന - കളിയിക്കാവിള
പാതയെന്ന രാജവീഥി
തിരുവനന്തപുരത്തെയും കന്യാകുമാരിയെയും ബന്ധിപ്പിച്ചിരുന്ന പഴയ രാജപാതയെ തിരുവിതാംകൂർ ഭരണകാലത്താണ് കോൺക്രീറ്റ് ചെയ്‌തത്. ഈ പാതയാണ് പിന്നീട് ദേശീയപാതയായത്. കന്യാകുമാരി തമിഴ്നാടിന്റെ ഭാഗമായതോടെ കരമന - കളിയിക്കാവിള പാത തെക്കൻ കേരളത്തിലേക്കുള്ള പ്രവേശന പാതയായി മാറുകയായിരുന്നു.
സ്ഥലമേറ്റെടുപ്പ് നടക്കുന്നു:
എൻ.എച്ച്.എ.ഐ
കൊടിനട മുതൽ വഴിമുക്ക് വരെയുള്ള ഒന്നര കിലോമീറ്ററിന്റെ സ്ഥലമേറ്റടുക്കൽ നടപടികൾ പുരോഗമിക്കുന്നതായി നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യ അധികൃതർ അറിയിച്ചു. പ്രശ്‌നങ്ങളൊന്നുമില്ലെങ്കിൽ മറ്റ് പ്രവൃത്തികൾ ഉടൻ ആരംഭിക്കാൻ കഴിയുമെന്നും അവർ പറഞ്ഞു. സ്ഥലമേറ്റെടുക്കലിന് 98 കോടി രൂപയാണ് കിഫ്ബി വഴി അനുവദിച്ചത്. നഗരത്തിൽ നിന്ന് നാഗർകോവിൽ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ എല്ലാം കൊടിനടയിലെത്തിയാൽ കുരുക്കിലാകുമെന്നാണ് നാട്ടുകാരുടെ പരാതി. ബാലരാമപുരം ജംഗ്ഷന്റെ വികസനവും അനന്തമായി നീളുകയാണ്.
പദ്ധതി തുക - 112 കോടി
കരമന - കളിയിക്കാവിള റോഡ്
-----------------------------------------------------
29 കിലോമീറ്റർ ദൂരം
32.2 മീറ്റർ വീതി